പഴമയും പുതുമയും സർപ്രൈസുകളും! ഇത് ആർക്കിടെക്ടിന്റെ സ്വന്തം വീട്; പ്ലാൻ
Mail This Article
ഷൊർണൂരിലെ ഗണേഷഗിരി എന്ന കാർഷിക ഗ്രാമത്തിലാണ് ആർക്കിടെക്ട് കൂടിയായ അരുൺ രാജിന്റെ പുതിയ വീട്. വയലിന്റെ കാഴ്ചകളിലേക്ക് മിഴി നട്ടിരിക്കുന്ന പ്ലോട്ട്. അവിടെയുണ്ടായിരുന്ന പഴയ തറവാട് പൊളിച്ചു കളഞ്ഞാണ് പുതിയ വീട് പണിതത്. പുതിയകാല സൗകര്യങ്ങളോടൊപ്പം പഴയ തറവാടിന്റെ ശൈലികളും പുനരാവിഷ്കരിച്ചിട്ടുണ്ട്.
പരമ്പരാഗത വീടുകളുടെ കാഴ്ച ലഭിക്കാൻ രണ്ടു വശത്തും മേൽക്കൂര ചരിച്ചുനൽകി. മധ്യത്തിലായി ഫ്ലാറ്റ് റൂഫ് നൽകി. വീടിനകത്തും പുറത്തും വെട്ടുകല്ല് ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്. വീടിന്റെ ഡബിൾഹൈറ്റ് പുറംഭിത്തിയിൽ മുഴുവൻ എക്സ്പോസ്ഡ് ലാറ്ററൈറ്റ് ക്ലാഡിങ് ആണ് പതിച്ചത്.
പഴയ തറവാടിന്റെ ഓടുകൾ പോളിഷ് ചെയ്ത് പുനരുപയോഗിക്കുകയായിരുന്നു. ചെലവ് ലാഭിക്കുന്നതിനൊപ്പം വീടിനുള്ളിലെ ചൂട് കുറയ്ക്കാനും ഓടിട്ട മേൽക്കൂര സഹായകരമാകുന്നു. പഴയ തറവാടിന്റെ വെട്ടുകല്ല്, തടി ഫർണിച്ചർ എന്നിവയും പുനരുപയോഗിച്ചു. അരുണിന്റെ പിതാവ് ഒരു സാമൂഹികപ്രവർത്തകനാണ്. അതിനാൽ ഒത്തുചേരാനുള്ള ഇടങ്ങൾ ഇവിടെ ധാരാളമായി ഒരുക്കിയിട്ടുണ്ട്.
ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ് 2700 ചതുരശ്രയടിയിൽ ഒരുക്കിയത്. തുറസായ നയത്തിൽ അകത്തളങ്ങൾ ക്രമീകരിച്ചു. ചെറിയ പൂമുഖത്തിൽ ഇൻബിൽറ്റ് സീറ്റിങ് ഒരുക്കിയിട്ടുണ്ട്. ഇത് കടന്നു പ്രവേശിക്കുന്നത് വിശാലമായ ഹാളിലേക്കാണ്.
ടെറാക്കോട്ട, ഡാർക്ക്, ബ്രൗൺ തുടങ്ങിയ എർത്തി നിറങ്ങളാണ് വീടിനുള്ളിൽ നൽകിയത്. സ്വീകരണമുറിയും ഡബിൾ ഹൈറ്റിലാണ്. തടിയിൽ തീർത്ത ഷാൻലിയറാണ് ഇവിടെ പ്രൗഢി നിറയ്ക്കുന്നത്. ഊണുമുറിയിൽ ഇരുന്നുതന്നെ സ്വീകരണമുറിയിലെ ടിവി കാണാൻ നീക്കാവുന്ന ജാളി പാർടീഷനും നൽകി.
കോർട്യാർഡാണ് വീട്ടിലെ ശ്രദ്ധാകേന്ദ്രം. ഡബിൾ ഹൈറ്റിലാണ് കോർട്യാർഡിന്റെ മേൽക്കൂര. ഇത് വീട്ടിലേക്ക് കയറുമ്പോൾ തന്നെ വിശാലമായ ഒരിടത്തെത്തിയ പ്രതീതി നൽകുന്നു. സീലിങ്ങിലെ ടഫൻഡ് ഗ്ലാസ് സ്‌കൈലൈറ്റ്, മോട്ടർ ഉപയോഗിച്ച് നീക്കാവുന്നതാണ്. അങ്ങനെ അവശ്യാനുസരണം വെളിച്ചം നിയന്ത്രിക്കാൻ കഴിയും. ഇതിനിടയിൽ എയർ ഗ്യാപ്പുകളുണ്ട്. ഇതുവഴി ചൂടുവായു പുറത്തേക്ക് പോവുകയും വെളിച്ചവും ശുദ്ധവായുവും അകത്തേക്ക് വരികയും ചെയ്യുന്നു. പരുക്കൻ വെട്ടുകല്ലിന്റെ ഫിനിഷിലാണ് കോർട്യാർഡിന്റെ ഉയരമുള്ള ഭിത്തികൾ ഒരുക്കിയത്. നിലത്ത് നാച്ചുറൽ സ്റ്റോണും ഗ്രാസും വിരിച്ചു. ഇവിടെ ഇരിപ്പിട സൗകര്യവും നൽകി.
പരമ്പരാഗത ശൈലി അനുസ്മരിപ്പിക്കുന്ന തടി കൊണ്ടുള്ള ഊണുമേശയാണ്. വാഷ് ഏരിയ ഗോവണിയുടെ താഴെ നൽകി സ്ഥലം ഉപയുക്തമാക്കി.
വാസ്തുപ്രമാണങ്ങൾ അനുസരിച്ച് തെക്കുപടിഞ്ഞാറ് ഭാഗത്താണ് കിടപ്പുമുറിയുടെ സ്ഥാനം. വീടിന്റെ പിന്നിലുള്ള വയലിൽ നിന്നും നല്ല കാറ്റ് മുറികളിലേക്ക് ഒഴുകിയെത്തും. എംഡിഎഫ് ഉപയോഗിച്ചാണ് വാഡ്രോബുകൾ നിർമിച്ചത്. മുറികൾക്ക് അറ്റാച്ഡ് ബാത്റൂമുകളും നൽകി.
ഡാർക്ക്-ലൈറ്റ് ഗ്രേ തീമിലാണ് അടുക്കള. മൾട്ടിവുഡ് കൊണ്ടാണ് കബോർഡുകൾ നിർമിച്ചത്. കൗണ്ടറിൽ ബ്ലാക് ഗ്രാനൈറ്റ് വിരിച്ചു. അടുക്കളയുടെ പിന്നിലായുള്ള സ്ഥലത്ത് കുരുവികൾ സ്ഥിരം എത്താറുണ്ട്. ജനാല തുറന്നിട്ടാൽ ഇവരുടെ കലപിലകൾ ആസ്വദിക്കാം.
ഗോവണി കയറുമ്പോഴും വയലിന്റെ കാഴ്ചകൾ കാണാൻകഴിയും. ഗ്രാനൈറ്റ് പതിച്ച സ്റ്റെപ്പുകളിൽ ആർട്ടിഫിഷ്യൽ ലൈറ്റിങ്ങും നൽകിയിട്ടുണ്ട്. വുഡൻ കൈവരികളാണ് ഗോവണിക്ക് നൽകിയത്. അരുണിന്റെ ഇളയ സഹോദരനും ആർക്കിടെക്ചർ പഠിക്കുകയാണ്. അതിനാൽ ഇരുവർക്കും വേണ്ടി മുകൾനിലയിൽ ഒരു സ്റ്റുഡിയോയും ഒരുക്കിയിട്ടുണ്ട്.
എംഎസ് ഫ്രയിമിൽ ടെറാക്കോട്ട റൂഫിങ് നൽകിയാണ് ബാൽക്കണി. ഇതിനോട് ചേർന്ന് ഒരു ഓപ്പൺ ടെറസുമുണ്ട്. വൈകുന്നേരങ്ങളിൽ വയലിലെ കാറ്റും കാഴ്ചകളും ആസ്വദിച്ചു കൊണ്ട് വീട്ടുകാർക്ക് ഒത്തുകൂടാനുള്ള പ്രിയ ഇടമാണിവിടം.
പരമ്പരാഗത ഭംഗിയും പുതിയകാല സൗകര്യങ്ങളും ഒരുകുടക്കീഴിൽ ഒരുക്കി ആർക്കിടെക്ട് സ്വന്തം വീടൊരുക്കി എന്നതാണ് ഇതിന്റെ സവിശേഷത. ഏകദേശം 54 ലക്ഷം രൂപയാണ് വീടിനു ചെലവായത്.
Project facts
Location- Shornur
Plot- 33 cent
Area- 2700 SFT
Owner- Venugopalan K
Architect- Arun Raj
Mob- +91 890 757 6885
Completion year- 2019
English Summary- Traditional Modern Fusion Home