ഞങ്ങൾ വീടിനെ തിരിച്ചു വച്ചത് കണ്ടോ! ഇപ്പോൾ കാണുന്നവർക്കെല്ലാം അദ്ഭുതം
Mail This Article
മലപ്പുറം പൊന്മുണ്ടം എന്ന സ്ഥലത്തുള്ള അഷ്‌കർ ബാബുവിന്റെ പുതിയ വീടിനു പറയാൻ വ്യത്യസ്തമായ ഒരു ഫ്ലാഷ്ബാക്ക് കഥയുണ്ട്. ഉടമസ്ഥൻ ആ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.
40 വർഷത്തോളം പഴക്കമുള്ള തറവാടായിരുന്നു ആദ്യം ഇവിടെയുണ്ടായിരുന്നത്. ഓടിട്ട കൊച്ചുവീട്. 30 വർഷം മുൻപ് ഒരു പുതുക്കിപ്പണിയിലൂടെ ഓടിട്ട വീട്, വാർത്ത വീടായി രൂപം മാറി. അന്ന് വീട്ടിലേക്ക് എത്താൻ ചെറിയ ഒരു വഴി മാത്രമുണ്ടായിരുന്നത്. അടുത്തിടെ വീടിന്റെ പിൻവശത്തുകൂടെ പുതിയ റോഡ് വന്നു. അതോടെ വീട്ടിലേക്ക് പുതിയ പ്രവേശനമാർഗമായി. പക്ഷേ പിൻഭാഗത്തുകൂടി കടക്കേണ്ടി വരുന്നത് പുതിയ വെല്ലുവിളിയായി. അങ്ങനെയാണ് പുറംതിരിഞ്ഞിരുന്ന വീടിനെ തിരിച്ചു വയ്ക്കാൻ തീരുമാനിച്ചത്. ഡിസൈനർ സലീമിനെയാണ് പണി ഏൽപിച്ചത്. അടിസ്ഥാന സ്ട്രക്ചറിൽ അധികം പൊളിക്കലുകൾ ഇല്ലാതെയാണ് രൂപമാറ്റം വരുത്തിയത്.
മാറ്റങ്ങൾ
പിൻവശത്തെ അടുക്കള പുതിയ വീടിന്റെ സിറ്റൗട്ടായി മാറി. പഴയ സിറ്റൗട്ട് ഡൈനിങ് ഏരിയ ആയി.
പഴയ മങ്ങിയ ഫ്ളോറിങ് മാറ്റി. പകരം ഇളംനിറത്തിലുള്ള മാർബോനൈറ്റ് വിരിച്ചു.
പഴയ അടുക്കള നിലനിർത്തി. മോഡുലാർ സൗകര്യങ്ങൾ നൽകി പരിഷ്കരിച്ചു.
പഴയ വീട്ടിൽ ചെറിയ മുറികളായിരുന്നു. ഇടഭിത്തികൾ പൊളിച്ചുകളഞ്ഞു ഓപ്പൺ ശൈലിയിലേക്ക് അകത്തളം മാറ്റിയെടുത്തു. കൂടുതൽ ജനാലകൾ നൽകി. അതോടെ ഉള്ളിൽ കൂടുതൽ വിശാലതയും വെന്റിലേഷനും ലഭ്യമായി.
പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, നാലു കിടപ്പുമുറികൾ, കിച്ചൻ, വർക്കേരിയ, അപ്പർ ലിവിങ്, ബാൽക്കണി എന്നിവയാണ് ഇപ്പോൾ വീട്ടിലുള്ളത്. 2400 ചതുരശ്രയടിയാണ് വിസ്തീർണം. പുതിയ സ്റ്റെയർ പോർഷനായി ഏകദേശം 100 ചതുരശ്രയടി മാത്രമാണ് പുതുതായി കൂട്ടിച്ചേർത്തത്.
പ്രധാന വാതിൽ തുറന്നു പ്രവേശിക്കുന്നത് ലിവിങ് ഹാളിലേക്കാണ്. ഇവിടെ വെട്ടുകല്ല് കൊണ്ടുള്ള ക്ലാഡിങ് വോൾ നൽകി ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. ഇവിടെയുണ്ടായിരുന്ന തടി മച്ച് പോളിഷ് ചെയ്തു പുനരുപയോഗിച്ചു.
പഴയ കുടുസുകിടപ്പുമുറികൾ വിശാലമാക്കി. എല്ലാത്തിനും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് കൂട്ടിച്ചേർത്തു.
മൾട്ടിവുഡ് ഫിനിഷിലാണ് കിച്ചൻ. ബാക്കിഎല്ലാം പഴയ ഫർണിച്ചർ പോളിഷ് ചെയ്തുപയോഗിച്ചു.
പഴയ വീട്ടിൽ മുകളിൽ ചെറിയ മുറികളായിരുന്നു. പാർടീഷൻ ഇടിച്ചുകളഞ്ഞു ഇവ ഒറ്റ ഹാളാക്കി മാറ്റി. ഒപ്പം ബാൽക്കണി കൂട്ടിച്ചേർത്തു.
പച്ചപ്പിനോട് ഇഷ്ടമുള്ളവരാണ് ഞങ്ങൾ എല്ലാവരും. അതുകൊണ്ട് വീടിനു പുറത്തുള്ളതുപോലെ അകത്തും പച്ചപ്പ് നിറച്ചിട്ടുണ്ട്. എല്ലാ മുറികളും ഒരു ഇൻഡോർ പ്ലാന്റ് എങ്കിലും നൽകിയിട്ടുണ്ട്.
15 ലക്ഷം രൂപ മാത്രമാണ് വീടിന്റെ രൂപമാറ്റത്തിനായി ചെലവായത്. പഴയ വീട്ടിലെ ജനലുകൾ, കട്ടിള, ഫർണിച്ചർ എന്നിവ പോളിഷ് ചെയ്തു പുനരുപയോഗിച്ചത് ഫർണിഷിങ് ചെലവ് കുറയ്ക്കാൻ സഹായിച്ചു.
Project facts
Location- Ponmundam, Malappuram
Plot- 25 cent
Area- 2400 SFT
Owner- Ashkar Babu
Design- Salim PM
AS Design Forum, Malappuram
Mob-9947211689
email-salimpm786@gmail.com
Budget- 15 Lakh
Y.C- 2020
ചിത്രങ്ങൾ- അഖിൽ കോമാച്ചി
English Summary- House Facelift Malappuram Plan