ഒന്നാന്തരം! ഈ വീട് കാണാൻ സന്ദർശകരുടെ തിരക്ക്; കാരണമുണ്ട്
Mail This Article
അങ്കമാലി മഞ്ഞപ്ര ടൗണിൽ നിന്നും 5 കിലോമീറ്റർ ഉള്ളിലേക്കുമാറി പ്രകൃതിരമണീയമായ ഗ്രാമത്തിലാണ് റിന്റോ ജോർജിന്റെ പുതിയ വീട് തലയുയർത്തിനിൽക്കുന്നത്. വീതി കുറഞ്ഞു നീളം കൂടിയ നിരപ്പുവ്യത്യാസമുള്ള 16 സെന്റ് പ്ലോട്ടിന്റെ സ്വഭാവമനുസരിച്ചാണ് വീട് രൂപകൽപന ചെയ്തത്. 10 അടി കനത്തിൽ മണ്ണിട്ട് പ്ലോട്ട് ഉയർത്തിയെടുത്താണ് വീടുപണിതത്. വീടിനു പിറകുവശത്തായി ഫാംഹൗസുമുണ്ട്.
പുറംകാഴ്ച ലളിതവും അകത്തളങ്ങൾ വിശാലവുമാക്കണം എന്ന ആവശ്യമാണ് വീട്ടുകാർ മുന്നോട്ടുവച്ചത്. അപ്രകാരമാണ് രൂപകൽപന. സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലുകിടപ്പുമുറികൾ, അപ്പർ ലിവിങ്, ബാൽക്കണി എന്നിവയാണ് 3600 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.
വെണ്മയുടെ ചാരുതയിലാണ് പുറംകാഴ്ച. മൂന്നു ലെവലായിട്ടാണ് സ്ട്രക്ചർ നിർമിച്ചത്. ആദ്യ ലെവലിൽ കോമൺ സ്‌പേസുകൾ ഉൾപ്പെടുത്തി. രണ്ടാമത്തെ ലെവലിൽ ഹോം തിയറ്റർ വരുന്നു. സിറ്റൗട്ടിൽ രണ്ടു വാതിലുകൾ കൊടുത്തിട്ടുണ്ട്. പ്രധാനവാതിലിലൂടെ ഗസ്റ്റ് ലിവിങ്ങിലേക്കെത്താം. രണ്ടാം വാതിൽ തുറക്കുന്നത് ഒരു ലോബിയിലേക്കാണ്.
ഫർണിഷിങ്ങിന് പരമാവധി നാച്ചുറൽ മെറ്റീരിയൽ മതിയെന്ന വീട്ടുകാരുടെ ആവശ്യപ്രകാരം മൾട്ടിവുഡ്, പ്ലൈവുഡ്, എംഡിഎഫ് തുടങ്ങിയെല്ലാം ഒഴിവാക്കി. വാക, തേക്ക്, ഓക് വുഡ് തുടങ്ങിയ നാച്ചുറൽ വുഡാണ് ഫർണിഷിങ്ങിന് ഉപയോഗിച്ചത്.
മനോഹരമായ ഒരു നടുമുറ്റവും അകത്തളത്തിലെ ശ്രദ്ധകേന്ദ്രമാണ്. ഇതിന്റെ വശത്തായി ഫാമിലി ലിവിങ്, പ്രെയർ ഏരിയ എന്നിവ കൊടുത്തു. ഒരു മിനി ചർച്ചിന്റെ പ്രതീതി ജനിപ്പിക്കും ഈ പ്രെയർ സ്‌പേസ്. തടിയുടെ ചന്തത്തിലാണ് ഫ്ലോറിങ്ങും സീലിങ്ങും ഫർണിഷിങ്ങും.
ഡൈനിങ്ങിനും ഫാമിലി ലിവിങ്ങിനുമിടയിൽ ഒരു പാർടീഷൻ ഷെൽഫ് കൊടുത്തു. മനോഹരമായ ക്യൂരിയോ, ആർട്ടിഫാക്ടുകളാണ് ഇവിടം അലങ്കരിക്കുന്നത്.
ഡൈനിങ്ങിനോട് ചേർന്നുതന്നെ വുഡൻ ക്രോക്കറി യൂണിറ്റുമുണ്ട്. നടുമുറ്റത്തിന്റെ പിറകിലായി വാഷ് ഏരിയ. കൊത്തുപണി ചെയ്ത് മനോഹരമാക്കിയ മിറർ യൂണിറ്റാണ് ഇവിടുത്തെ ആകർഷണം.
വിശാലമായ നാലു കിടപ്പുമുറികളാണ് മുകളിലും താഴെയുമായിട്ടുള്ളത്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് വേർതിരിച്ചു. ഗ്ലാസ് പാർടീഷനോടുകൂടിയ ആധുനിക ബാത്റൂമുകളാണ് മുറികളിൽ കൊടുത്തത്.
ട്രഡീഷണൽ തീമിലാണ് കിച്ചൻ. കുന്നിവാക കൊണ്ടാണ് കബോർഡുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. സെക്കൻഡ് കിച്ചനും യൂട്ടിലിറ്റി ഏരിയയുമുണ്ട്. ഇവിടെയും നാച്ചുറൽ വുഡാണ് ഉപയോഗിച്ചത്.
സ്‌റ്റെയർ കയറി മുകളിൽ എത്തിയാൽ ഒരേസമയം 15 പേർക്കിരിക്കാവുന്ന ഹോം തിയറ്ററാണ് ഹൈലൈറ്റ്. ഇങ്ങനെ പരമ്പരാഗത ഭംഗിക്കൊപ്പം മോഡേൺ സൗകര്യങ്ങളും ചാലിച്ചതാണ് ഈ വീടിനെ വ്യത്യസ്തമാക്കുന്നത്.
ഡിസൈനറും വീട്ടുകാരനും സുഹൃത്തുകളാണ്. അതിനാൽ ആശയവിനിമയം എളുപ്പമായിരുന്നു. ഇത് വേഗത്തിൽ പണി തീരാനും സഹായിച്ചു. ഇപ്പോൾ വീട് കാണാൻ നിരവധി ആളുകൾ എത്താറുണ്ടെന്നു വീട്ടുകാർ പറയുന്നു.
Project facts
Location- Manjapra, Angamali
Plot- 16 cent
Area- 3600 SFT
Owner- Rinto Thomas
Design- Jelvin George
Heniz Design and Concept
Mob- 9400595424
Y.C- 2021 Jan
English Summary- Elegant Modern House Plan; Veedu Malayalam