ഒരുനില വീടാണ് സന്തോഷം; ഹിറ്റായി ഈ പ്രവാസിവീട്; പ്ലാൻ
Mail This Article
മലപ്പുറം വളാഞ്ചേരിയിലാണ് പ്രവാസിയായ ഷാഫിയുടെയും കുടുംബത്തിന്റെയും പുതിയ വീട്. ഒരു നിലയിൽ സൗകര്യങ്ങൾ എല്ലാം ചിട്ടപ്പെടുത്തിയ വീട് എന്നതായിരുന്നു ഉടമയുടെ ആവശ്യം. പരിപാലനം എളുപ്പം, കൂടാതെ നാട്ടിലെത്തുമ്പോൾ വീട്ടുകാർ തമ്മിൽ ഇഴയടുപ്പം ഉണ്ടാകാനും ഒരുനിലവീടാണ് നല്ലത് എന്ന തിരിച്ചറിവായിരുന്നു കാരണം .
L ഷേപ്പിലുള്ള 30 സെന്റ് പ്ലോട്ടാണ്. റോഡിൽ നിന്നും 28 മീറ്റർ ഉള്ളിലേക്ക് നീങ്ങിയാണ് വീതിയുള്ള ഭാഗം വരുന്നത്. ലാൻഡ്സ്കേപ്പിൽ നാച്ചുറൽ സ്‌റ്റോൺ വിരിച്ചു. വീട്ടിലേക്കുള്ള ഡ്രൈവ് വേയുടെ വശങ്ങളിലായി പുൽത്തകിടിയും ഒരുക്കി.
പരമ്പരാഗത ശൈലി അനുസ്മരിപ്പിക്കുന്ന പുറംകാഴ്ചയാണ് വീടിനു നൽകിയത്. നിരപ്പായി മേൽക്കൂര വാർത്തശേഷം ഉയരം കൂട്ടി ട്രസ് ചെയ്ത് ഓടുവിരിക്കുകയായിരുന്നു. ഇതുവഴി മുകളിൽ 200 ചതുരശ്രയടിയോളം യൂട്ടിലിറ്റി സ്‌പേസ് ലഭിച്ചു. അടുക്കളയുടെ ഭാഗത്തുനിന്നും മുകളിലേക്ക് കയറാൻ ഒരു ഇൻഡസ്ട്രിയൽ സ്‌റ്റെയറും കൊടുത്തു.
സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ് 2880 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.
സെമി-ഓപ്പൺ നയത്തിൽ അകത്തളങ്ങൾ ഒരുക്കി. പുറത്തെ കാഴ്ചകൾ ആസ്വദിക്കാൻ പാകത്തിൽ നീളൻ സിറ്റൗട്ട് കൊടുത്തു. പ്രധാനവാതിൽ തുറക്കുമ്പോൾ ആദ്യം നോട്ടം പതിയുക കോർട്യാർഡിലേക്കാണ്. ഇവിടെ മോട്ടോറൈസ്ഡ് ഗ്ലാസ് സീലിങ് കൊടുത്തു. മേൽക്കൂര ആവശ്യാനുസരണം തുറക്കുകയും അടയ്ക്കുകയും ചെയ്യാം.
ഇളംനിറങ്ങൾ വീടിനകത്ത് തെളിച്ചമുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നു. വിട്രിഫൈഡ് ടൈലാണ് നിലത്തുവിരിച്ചത്. പ്ലൈവുഡ് ഫിനിഷിലാണ് ഫർണിഷിങ്. ഫർണിച്ചറുകൾ പൂർണമായി ഇന്റീരിയർ തീം പ്രകാരം കസ്റ്റമൈസ് ചെയ്തു.
ഹാളിന്റെ വശത്തായി സ്വകാര്യതയോടെ ഫോർമൽ ലിവിങ് വേർതിരിച്ചു. ലിവിങ്-ഡൈനിങ് ഏരിയകൾ വേർതിരിക്കാൻ ഒരു പാർടീഷൻ ഭിത്തിയും കൊടുത്തിട്ടുണ്ട്. ഇത് ഗ്രേ നിറം നൽകി ഹൈലൈറ്റ് ചെയ്തു. സ്‌റ്റോൺ ക്ലാഡിങ് പതിച്ച് ഭിത്തി വേർതിരിച്ചാണ് ടിവി യൂണിറ്റ് കൊടുത്തത്.
ഒരുവശം ബെഞ്ച് ശൈലിയിലുള്ള ഡൈനിങ് യൂണിറ്റാണ് കൊടുത്തത്. ബ്ലാക് ടേബിളും യെലോ കുഷ്യനുള്ള ചെയറുകളും ചേർന്നുപോകുന്നു. ഡൈനിങ്ങിൽ നിന്നും പുറത്തേക്ക് ഒരു മിനി കോർട്യാർഡുണ്ട്. ഇവിടെയും ഗ്ലാസ് ഡോറുകൾ കൊടുത്തു. സുരക്ഷയ്ക്ക് ഓട്ടോമേറ്റഡ് ഷട്ടറുകൾ കൊടുത്തു.
സ്‌റ്റോറേജിന് പ്രാധാന്യം നൽകിയാണ് കിടപ്പുമുറികൾ. കൺസീൽഡ് സ്‌റ്റോറേജ് സൗകര്യമുള്ള കട്ടിലാണ് നിർമിച്ചത്. വാഡ്രോബ്, ഡ്രസിങ് ഏരിയ, അറ്റാച്ഡ് ബാത്റൂം എന്നിവയും മുറികളിൽ കൊടുത്തു.
പ്ലൈവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും ഇവിടെ വേർതിരിച്ചു.
വീടിന്റെ പിൻവശത്ത് ഒരു തോടും കുളവുമുണ്ട്. ഇവിടേക്ക് കാഴ്ച ലഭിക്കുംവിധം പിൻവശത്തും സിറ്റിങ് സ്‌പേസ് വേർതിരിച്ചു. ഈ വർഷം മാർച്ചിലായിരുന്നു പാലുകാച്ചൽ. കുടുംബത്തെ പുതിയ വീട്ടിലാക്കി ഗൃഹനാഥൻ തിരികെപ്പോയി. കുടുംബത്തിന്റെ ഇഴയടുപ്പത്തിന് കൂടുതൽ നല്ലത് ഒരുനില വീടാണ് എന്ന് വീട്ടിലെത്തുന്ന അതിഥികളും പറയുന്നു..
Project facts
Location- Valancheri, Malappuram
Plot- 30 cent
Area- 2880 SFT
Owner- Shafi
Design- Nexus Designing Studio, Edavannappara
Mob- 9846678787, 8592926565
Y.C- Mar 2021
ചിത്രങ്ങൾ- അജീബ് കോമാച്ചി
English Summary- Traditional House Plan; Veedu Malayalam Magazine