ലോക്ഡൗൺ കാലത്തും ഈ വീട്ടിൽ ബോറടിയില്ല! പുറത്തിറങ്ങാൻ തോന്നുകയില്ല; കാരണമുണ്ട്
Mail This Article
ആലപ്പുഴ ടൗണിനു സമീപമാണ് ടൂറിസം മേഖലയിൽ ബിസിനസ് ചെയ്യുന്ന സക്കറിയയുടെയും കുടുംബത്തിന്റെയും പുതിയ വീട്. പുറത്തെ പച്ചപ്പിന്റെ കാഴ്ചകൾ ആസ്വദിക്കാൻ പാകത്തിൽ ഒരു വീട്. ഗുണനിലവാരത്തിൽ വിട്ടുവീഴ്ച പാടില്ല. ഇതായിരുന്നു ഗൃഹനാഥന്റെ ഡിമാൻഡ്. ഇപ്രകാരമാണ് ഈ വീട് ആർക്കിടെക്ടുകൾ രൂപകൽപന ചെയ്തത്. കൊളോണിയൽ സ്‌റ്റൈലിനോട് ചേർന്നുനിൽക്കുന്ന എലിവേഷൻ ഒരുക്കി. മേൽക്കൂര നിരപ്പായി വാർത്തശേഷം ട്രസ് ചെയ്ത് ഇറക്കുമതി ചെയ്ത സ്പാനിഷ് മേച്ചിലോടുകൾ വിരിച്ചു. ഇതിനിടയിൽ ആറ്റിക് സ്‌പേസും ലഭിക്കുന്നു. അതിനാൽ വീടിനുള്ളിൽ ചൂടും കുറവാണ്.
പോർച്ച്, സിറ്റൗട്ട്, ഫോയർ, ഗസ്റ്റ് ലിവിങ്, ഫാമിലി ലിവിങ്, പ്രെയർ സ്‌പേസ്, പാറ്റിയോ, അഞ്ചു കിടപ്പുമുറികൾ, കിച്ചൻ, വർക്കേരിയ, അപ്പർ സിറ്റിങ്, ഹോം തിയറ്റർ, ടെറസ്സ് ഗാർഡൻ എന്നിവയാണ് 6000 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.
രണ്ടു കാറുകൾ പാർക്ക് ചെയ്യാൻ കഴിയുന്ന പോർച്ച് വശത്ത് ക്രമീകരിച്ചു. ചെറിയ സിറ്റൗട്ടിൽ നിന്നും ഫോയർ വഴി അകത്തേക്ക് പ്രവേശിക്കുമ്പോൾ വലതുവശത്തായി സ്വീകരണമുറി. ഇടതുവശത്തായി പ്രെയർ ഏരിയ. ഈ വീട്ടിലെ ഹൈലൈറ്റ് സ്‌പേസാണ് ഈ പ്രെയർ റൂം. വിശാലമായ ഒരു മുറി തന്നെ ഇതിനായി വേർതിരിച്ചു. സ്ലൈഡിങ് ഗ്ലാസ് വഴിയാണ് ഇവിടേക്ക് പ്രവേശിക്കുന്നത്. സ്വീകരണമുറിയുടെ ഒരു ഭിത്തി ഗ്രേ നാച്ചുറൽ ക്ലാഡിങ് പതിച്ച് ഹൈലൈറ്റ് ചെയ്തു. വീടിനുള്ളിൽ മുഴുവൻ എസി സൗകര്യവും ഉൾപ്പെടുത്തി.
തേക്കിൻ തടിയാണ് ലിവിങ്, പ്രെയർ സ്‌പേസ്, കിടപ്പുമുറികൾ, അടുക്കള എന്നിവിടങ്ങളിൽ ഫർണിഷിങ്ങിന് ഉപയോഗിച്ചത്. ഇറ്റാലിയൻ മാർബിളിനൊപ്പം വുഡൻ ഫ്ളോറിങ്ങും അകത്തളങ്ങൾ കമനീയമാക്കുന്നു. ഫർണിച്ചർ, ലൈറ്റിങ് എന്നിവ ഇന്റീരിയർ തീം പ്രകാരം കസ്റ്റമൈസ് ചെയ്തതാണ്. തേക്കിന്റെ പ്രൗഢിയിൽ സ്‌റ്റെയർകേസ് നിർമിച്ചു. കൈവരികളിൽ ടഫൻഡ് ഗ്ലാസ് ഉപയോഗിച്ചു.
ഡൈനിങ് ഡബിൾഹൈറ്റിലാണ്. ഇത് വിശാലമായ ഒരു ഇടത്തിലേക്ക് പ്രവേശിക്കുന്ന അനുഭവം പ്രദാനം ചെയ്യുന്നു. ഊണുമേശയുടെ മുകളിൽ ഒരു തടിയുടെ ബീം കൊടുത്താണ് തൂക്കുവിളക്കുകൾ സ്ഥാപിച്ചത്. ഇത് ഇവിടെ വാം ടോൺ ആംബിയൻസ് നിറയ്ക്കുന്നു.
ഫാമിലി ലിവിങ്ങിൽ നിന്നും ഫോൾഡിങ് ഗ്ലാസ് ഡോർ വഴി പുറത്തെ പാറ്റിയോയിലേക്കിറങ്ങാം. ഇവിടെ ഗ്ലാസ് റൂഫിങ്ങും ക്ലാഡിങ് ഭിത്തിയും കൊടുത്തിട്ടുണ്ട്. ഇവിടെനിന്നും മറ്റൊരു വാതിൽ വഴി ഉദ്യാനത്തിലേക്കുമിറങ്ങാം.
താഴെ മൂന്നും മുകളിൽ രണ്ടും കിടപ്പുമുറികൾ സജ്ജീകരിച്ചു. പ്രായമായ അമ്മയെ കൂടി കരുതിയാണ് അകത്തളക്രമീകരണങ്ങൾ. എല്ലാ കിടപ്പുമുറികളിലും പുറത്തെ പച്ചപ്പിന്റെ കാഴ്ചകളിലേക്ക് തുറക്കുന്ന ബേ വിൻഡോകൾ കൊടുത്തു. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ് വേർതിരിച്ചു.
ഒതുങ്ങിയ പാൻട്രി കിച്ചനും, വലിയ വർക്കിങ് കിച്ചനും സജ്ജീകരിച്ചു. തേക്ക് കൊണ്ടാണ് കബോർഡുകൾ. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറും ഇവിടെ സജ്ജീകരിച്ചു.
മുകൾനിലയിൽ അക്കൗസ്റ്റിക് ശബ്ദമികവിൽ ഒരു ഹോം തിയേറ്ററും സജ്ജീകരിച്ചു. മുകൾനിലയിൽ പുറത്ത് മധ്യത്തിലായി ബാൽക്കണി സീറ്റിങ് വേർതിരിച്ചു. ഇതിന്റെ ഇരുവശങ്ങളിലായി ടെറസ് ഗാർഡൻ നിർമിച്ചു. വെർട്ടിക്കൽ ഗാർഡനും പുൽത്തകിടിയും ധാരാളം ചെടികളും സീറ്റിങ്ങും ഇവിടെയുണ്ട്. വീട്ടുകാരുടെ വൈകുന്നേരങ്ങളിലെ ഇഷ്ടഒത്തുചേരൽ ഇടമാണിവിടം.
ഈ കൊറോണക്കാലത്ത് വീട്ടിൽ ഒതുങ്ങേണ്ടി വന്നപ്പോഴാണ് വീട് വിശാലമായി ഒരുക്കിയതിന്റെ ഗുണം ലഭിച്ചത്. ബോറടിക്കാതെ എത്രനേരം വേണമെങ്കിലും വീട്ടിൽ സന്തോഷത്തോടെ ചെലവഴിക്കാൻ കഴിയുന്നു എന്ന് വീട്ടുകാർ സാക്ഷിക്കുന്നു.
Project facts
Location- Alappuzha Town
Plot- 30 cent
Area- 6000 SFT
Owner- Zacharia
Architects- Rahul Thomas, Shanthi Rahul
Design Identiti, Kochi, Kottayam
Mob- 9539076054
Y.C- July 2020
English Summary- Elegant Home Plans Kerala; Veedu Malayalam