പ്രശാന്തമായ ജീവിതം; ആരും കൊതിക്കും ഇങ്ങനെയൊരു കുമ്പളങ്ങി ലൈഫ്
Mail This Article
കായലാൽ ചുറ്റപ്പെട്ട, കണ്ടൽക്കാടുകളും ചീനവലകളും പച്ചപ്പും നിറഞ്ഞ കുമ്പളങ്ങിയിലാണ് ദിനേശിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. ബാങ്ക് മാനേജരായ ദിനേശ്, ഈ പ്രകൃതിഭംഗി കണ്ടുകൂടിയാണ് ഇവിടെ 8 സെന്റ് സ്ഥലം വാങ്ങി വീടുവച്ചത്. പുറത്തെ കായൽക്കാറ്റും കാഴ്ചകളും ആസ്വദിക്കാൻ പാകത്തിൽ, നാലുപേരുള്ള കുടുംബത്തിന് ജീവിക്കാൻ ആവശ്യമുള്ള സൗകര്യങ്ങൾ മാത്രമുള്ള ഒരു വീട്- ഇതായിരുന്നു ദിനേശിന്റെ ആഗ്രഹം. ഇപ്രകാരമാണ് ഈ വീട് രൂപകൽപന ചെയ്തത്.
അധികം ആൾത്തിരക്കില്ലാത്ത ഉൾപ്രദേശത്തുള്ള വീടായതിനാൽ പുറംകാഴ്ചകൾക്ക് വലിയപ്രാധാന്യം കൊടുത്തിട്ടില്ല. പകരം കുടുംബം വസിക്കുന്ന അകത്തളങ്ങളിൽ കാറ്റും വെളിച്ചവും പോസിറ്റീവ് എനർജിയും നിറയുംവിധം രൂപകൽപന ചെയ്തു.
പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, ഒരു കിടപ്പുമുറി, അറ്റാച്ഡ് ബാത്റൂം എന്നിവയാണ് താഴത്തെ നിലയിലുള്ളത്. മുകൾനിലയിൽ രണ്ടു കിടപ്പുമുറികൾ, അറ്റാച്ഡ് ബാത്റൂം, അപ്പർ ലിവിങ്, ഓപ്പൺ ടെറസ് എന്നിവയും. മൊത്തം 1850 ചതുരശ്രയടി മാത്രമാണ് വിസ്തീർണം.
മിതത്വത്തിന്റെ ഭംഗിയാണ് അകത്തേക്ക് കയറിയാൽ കാണാനാവുക. പാർടീഷനുകൾ ഇല്ലാതെ ഓപ്പൺ തീമിലാണ് അകത്തളക്രമീകരണം. ലിവിങ്, ഡൈനിങ്, സ്‌റ്റെയർ, കിച്ചൻ എന്നിവയെല്ലാം ഒറ്റ ഹാളിന്റെ പല ഭാഗങ്ങളായി വേർതിരിച്ചു.അതിനാൽ പരമാവധി വിശാലത ലഭ്യമാകുന്നു.
പ്രധാനവാതിൽ തുറന്നാൽ നേരെ നോട്ടം പോകുന്നത് ഡബിൾഹൈറ്റിൽ ഒരുക്കിയ ഗ്രീൻ കോർട്യാർഡിലേക്കാണ്. ഇവിടെ ഒരു മരത്തിന്റെ ചിത്രം കേന്ദ്രബിന്ദുവായി പ്രതിഷ്ഠിച്ചു. മുളയും ഇൻഡോർ ചെടികളും ഇവിടെ ഹരിതാഭ നിറയ്ക്കുന്നു. റസ്റ്റിക് ഫിനിഷുള്ള ടൈലാണ് സിറ്റൗട്ടിൽ വിരിച്ചത്. സിറ്റൗട്ടിന്റെ ഭിത്തിയിലെ ബ്രിക്ക് ക്ലാഡിങ് ഹൈലൈറ്റാണ്.
വളരെ കുറച്ച് ഫർണിച്ചറുകൾ മാത്രമേ അകത്തുള്ളൂ. ലിവിങ് ഏരിയയിൽ പേരിനുമാത്രം ഒരു ചെറുസോഫ. ഡൈനിങ്ങിൽ ചെറിയ ഗ്ലാസ് ടേബിൾ, രണ്ടു ബെഞ്ചുകൾ. ഗോവണിയുടെ സമീപം ഒരു ഊഞ്ഞാൽ. ഇതുമാത്രമാണ് താഴത്തെ പ്രധാന ഫർണിച്ചർ. ഗോവണിയുടെ താഴെയുള്ള സ്‌പേസ് സ്‌റ്റഡി ഏരിയയായി ഉപയോഗിക്കാം. നാച്ചുറൽ സ്‌റ്റോൺ ഫിനിഷുള്ള ടൈലാണ് നിലത്തുവിരിച്ചത്.
ഒട്ടും സ്ഥലം പാഴാക്കാതെ കൺസീൽഡ് ശൈലിയിലാണ് പൂജാസ്‌പേസ് ചിട്ടപ്പെടുത്തിയത്. മെറ്റൽ+ വുഡ് ഫിനിഷിലാണ് ഗോവണിയുടെ കൈവരികൾ. ആദ്യ ലാൻഡിങ്ങിൽ എക്സ്പോസ്ഡ് ബ്രിക്ക് ക്ലാഡിങ് പതിച്ച് ഹൈലൈറ്റ് ചെയ്തിട്ടുണ്ട്.
മുകളിലുള്ള രണ്ടു കിടപ്പുമുറികൾക്കും ബാൽക്കണി കൊടുത്തിട്ടുണ്ട്. ഇവിടെനിന്നാൽ കുമ്പളങ്ങിയുടെ കായൽസൗന്ദര്യവും കാറ്റും പച്ചപ്പുമെല്ലാം മതിവരുവോളം ആസ്വദിക്കാം.
എത്ര ടെൻഷനുള്ള ദിവസമാണെങ്കിലും തിരിച്ച് വീടിന്റെ പ്രശാന്തതയിലേക്ക് തിരിച്ചെത്തിയാൽ അതെല്ലാം കായൽക്കാറ്റിലും കാഴ്ചകളിലും അലിഞ്ഞില്ലാതാകുമെന്നു വീട്ടുകാർ സാക്ഷിക്കുന്നു. തണൽ എന്ന പേര് വീടിനു അറിഞ്ഞിട്ടതാണ്. അല്ലെങ്കിലും മനുഷ്യന്റെ ഏറ്റവും സുരക്ഷിതമായ അഭയമാണല്ലോ ഹോം...
Project facts
Location- Kumblangi, Ernakulam
Plot- 8 cent
Area- 1850 Sq.ft
Owner- Dinesh
Designer- Anil Thomas
Katic Designs, Edappally
Mob- 9995805757
Y.C- 2021
English Summary- Peaceful House; Best Kerala Home Ideas