തിരികെ വിളിക്കുന്ന സ്നേഹത്തണലാണ് ഈ വീട്
Mail This Article
ആലുവയ്ക്കടുത്ത് ആലങ്ങാട് പ്രധാനറോഡിലാണ് തണൽ എന്ന ഈ വീട് സ്ഥിതിചെയ്യുന്നത്. പ്രവാസിയായ ജെയ്‌സണും കുടുംബവുമാണ് തണലിലെ താമസക്കാർ. സമകാലിക ശൈലിയിലാണ് രൂപകൽപന. വീടിന്റെ ഡബിൾ ഹൈറ്റിലുള്ള ബ്രിക്ക് ക്ലാഡിങ് ഭിത്തിയാണ് പുറംകാഴ്ചയിലെ ഹൈലൈറ്റ്.
വീടിനു മുന്നിലുള്ള പൊതുവഴിയിൽ ഒരു ആൽമരമുണ്ട്. വീട് ഡിസൈൻ ചെയ്യുമ്പോൾ ഇതിനെക്കൂടി പരിഗണിച്ചിരുന്നു. ഉദാഹരണത്തിന്, പോർച്ചിന്റെ ഗ്ലാസിൽ ഇലയുടെ ആകൃതിയിൽ കട്ടൗട്ടുകൾ കൊടുത്തിട്ടുണ്ട്. ഇതിന്റെ മുകളിൽ ഗ്ലാസും. ഇതുവഴി വെയിലെത്തി പോർച്ചിൽ നിഴൽവട്ടങ്ങൾ തീർക്കുന്നു.
മുറ്റം നാച്ചുറൽ സ്‌റ്റോണും ഗ്രാസും വിരിച്ചലങ്കരിച്ചു. ബാൽക്കണിയിൽ വെർട്ടിക്കൽ അഴികൾ കൊടുത്തിട്ടുണ്ട്. മുകളിൽ ഇരിക്കുമ്പോൾ നല്ല ട്രാഫിക്കുള്ള പ്രധാനറോഡിൽ നിന്നും അൽപം സ്വകാര്യത ലഭിക്കുന്നതിനാണ് ഇങ്ങനെ ചെയ്തത്.
സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, പാൻട്രി കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, അപ്പർ ഹാൾ, ബാൽക്കണി എന്നിവയാണ് 2500 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. വീട്ടുകാർ കൂടുതൽ സമയവും ഗൾഫിൽ ആയതുകൊണ്ട് പരിപാലനം കൂടി മുൻനിർത്തി മിനിമൽ നയത്തിലാണ് അകത്തളം ഒരുക്കിയത്.
ചെറിയ കോറിഡോറിലൂടെ അകത്തേക്ക് പ്രവേശിക്കുമ്പോൾ ആദ്യം സ്വീകരണമുറിയാണ്. ഇത് ഡബിൾ ഹൈറ്റിലാണ് നിർമിച്ചത്. ഉയരമുള്ള ഭിത്തികളിൽ ജാലകങ്ങളുമുണ്ട്. ഇതുവഴി പ്രകാശം അകത്തളത്തിലേക്ക് ഒഴുകിയെത്തുന്നു. ഇരുനിലകളെയും കണക്ട് ചെയ്യുന്ന ഇടം കൂടിയായി മാറുന്നുണ്ട് ഡബിൾ ഹൈറ്റുള്ള ലിവിങ്.
സ്റ്റീൽ സ്ട്രക്ചറിൽ വുഡൻ പ്ലാങ്ക് വിരിച്ചാണ് മിനിമൽ ശൈലിയിലുള്ള സ്‌റ്റെയർ നിർമിച്ചത്. നേർത്ത സ്റ്റെയിൻലെസ് സ്‌റ്റീൽ കമ്പികളാണ് കൈവരികളുടെ സ്ഥാനത്തുള്ളത്.
ഡൈനിങ്ങിൽ നിന്നും ചെറിയ വാതിൽ വഴി കോർട്യാർഡിലേക്കിറങ്ങാം.
താഴെയും മുകളിലും രണ്ടുവീതം കിടപ്പുമുറികളുണ്ട്. എല്ലാ മുറികളിലും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, എന്നിവ വേർതിരിച്ചു. മാസ്റ്റർ ബെഡ്‌റൂമിൽ ഡ്രസിങ് ഏരിയയുമുണ്ട്.
ഡൈനിങ്ങിനോട് ചേർന്ന് ഓപ്പൺ പാൻട്രിയാണ് ചിട്ടപ്പെടുത്തിയത്. ഇതിന്റെ മധ്യത്തിലുള്ള പാർടീഷൻ കൗണ്ടർ ഒരു ബ്രേക്ഫാസ്റ്റ് കൗണ്ടറായും ഉപയോഗപ്പെടുത്താം.
പ്രവാസജീവിതത്തിനിടയിലും നാട്ടിൽ കാത്തിരിക്കുന്ന വീട് സുഖമുള്ള അനുഭവമാണെന്ന് വീട്ടുകാർ സാക്ഷിക്കുന്നു.
Project facts
Location- Alangadu, Aluva
Area- 2500 Sq.ft
Owner- Jaison
Design- Anjith Augustine, Rakhi Johnson
City Future Design Collaborative
Y.C- 2021
English Summary- Best Contemporary House Model Kerala; Veedu Malayalam