ഇതുമതി! കേരളത്തിലെ ഒരു ചെറുകുടുംബത്തിന് പറ്റിയ വീട്
Mail This Article
തിരുവനന്തപുരം കഴക്കൂട്ടത്ത് വെറും 5 സെന്റിലാണ് രാജേഷിനെയും കുടുംബത്തിന്റെയും പുതിയ വീട്. സൗകര്യങ്ങളെല്ലാം ഒരുനിലയിൽ ചിട്ടപ്പെടുത്തിയ ചെറിയ വീട് എന്നതായിരുന്നു വീട്ടുകാരുടെ ആവശ്യം. ഒപ്പം കേരളത്തിലെ പതിവ് സമകാലിക ശൈലീവീടുകളിൽനിന്നും വ്യത്യസ്തവുമാകണം. ചെറിയ പ്ലോട്ടിന്റെ സ്വഭാവത്തോട് ചേരുംവിധമാണ് വീട് രൂപകൽപന ചെയ്തത്.
ആദ്യമായി പഴയ ചതുപ്പുനിലം നികത്തിയ പ്ലോട്ടായതിനാൽ അടിത്തറയ്ക്ക് ഉറപ്പുകൂട്ടാനായി പൈലിങ് ചെയ്താണ് ബേസ്മെന്റ് കെട്ടിയത്. തെക്കോട്ട് ദർശനമുള്ള പ്ലോട്ടാണ്. മരങ്ങളുടെ മരവൊന്നും ഇല്ലാത്തതിനാൽ തെക്കൻ വെയിൽ തീക്ഷ്‌ണമായി അകത്തളത്തിലെത്തും എന്ന് മുൻകൂട്ടിക്കണ്ടാണ് എലിവേഷൻ രൂപകൽപന ചെയ്തത്.
തെക്കൻ വെയിലിനെ തടയാൻ ജനലിനെ കവർ ചെയ്യുന്ന ആകൃതിയിൽ സൺഷേഡ് നിർമിച്ചു. അങ്ങനെയാണ് വീടിന് വ്യത്യസ്തമായ ബോക്സ് ആകൃതി ലഭിച്ചത്. മാത്രമല്ല ചൂട് അകത്തേക്ക് പ്രസരിക്കുന്നത് കുറച്ചൊക്കെ ഫിൽറ്റർ ചെയ്യുന്ന ലൂവർ ജനാലകളാണ് തെക്കുഭാഗത്ത് നിർമിച്ചത്.
സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, രണ്ടു കിടപ്പുമുറികൾ എന്നിവ മാത്രമാണ് 1250 ചതുരശ്രയടിയുള്ള വീട്ടിലുള്ളത്. ചെറിയ ചതുരശ്രയടിയിൽ പരമാവധി വിശാലത ഉറപ്പാക്കാൻ ഓപ്പൺ പ്ലാനിലാണ് അകത്തളങ്ങൾ. ഭാവിയിൽ കുടുംബം വളരുന്നതിനനുസരിച്ച് ആവശ്യങ്ങൾ വർധിച്ചാൽ മുകളിലേക്ക് വീട് വിപുലമാക്കാനുമാകും.
ഡൈനിങ്ങിനു വശത്തായി പുറത്തുള്ള മതിൽ ഉയർത്തിക്കെട്ടി വീടിനോട് ചേർത്തപ്പോൾ ലഭിച്ചത് ഒരു ഗ്രീൻ കോർട്യാർഡാണ്.
ചൂടിനെ തടയുമ്പോൾ വെളിച്ചം വീടിനുള്ളിൽ തടയപ്പെടരുതല്ലോ. അതിനാൽ പലയിടത്തും സീലിങ്ങിൽ സ്‌കൈലൈറ്റുകളും കൊടുത്തിട്ടുണ്ട്.
ദമ്പതികളും ഒരു മകനും അടങ്ങുന്നതാണ് കുടുംബം. അതിനാൽ രണ്ടു കിടപ്പുമുറികൾ മാത്രമേ വീട്ടിലുള്ളൂ.
രണ്ടിനും അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യങ്ങൾ സജ്ജീകരിച്ചു.
എല്ലാം കയ്യകലത്തിലുള്ള സിംഗിൾ കിച്ചൻ മാത്രമാണ് ഇവിടെയുള്ളത്. പ്രത്യേകം വർക്കേരിയ ഇല്ല.
മിനിമലിസം വാക്കുകളിൽ ഒതുക്കാതെ പ്രവർത്തികമാക്കിയതാണ് ഈ വീടിന്റെ വിജയം. വീട് ചെറുതായതുകൊണ്ട് തൂത്തുവാരാൻ വളരെ കുറച്ചുസമയം മതി. കുടുംബാംഗങ്ങൾ തമ്മിൽ ആശയവിനിമയം സജീവമായി നിലനിൽക്കുന്നു എന്ന് വീട്ടുകാർ സാക്ഷിക്കുന്നു.
Project facts
Location- Kazhakkoottam, Trivandrum
Plot- 5 cent
Area- 1250 Sq.ft
Owner- Rajesh
Design- Manoj
Mcube design, Trivandrum
Mob- 9061493637
Y.C- 2021
English Summary- Best Small House Kerala; Simple Home Designs; Veedu Malayalam