ഇത് കൊള്ളാം! കുറഞ്ഞ ബജറ്റിൽ ഒതുക്കമുള്ള വീട്
Mail This Article
ആയിരത്തിമുന്നൂറു സ്ക്വയർഫീറ്റിൽ മൂന്നു കിടപ്പുമുറികളുമായി 22 ലക്ഷം രൂപയ്ക്കാണ് കണ്ണൂർ പെരളശ്ശേരിയിൽ ഈ വീടു നിര്‍മിച്ചിരിക്കുന്നത്. ഉടമ വേണു–സുജിന. ജർമൻ സ്റ്റൈൽ വീടുകളുടെ പ്രത്യേകതയായ വീതി കൂടിയ തൂണുകളാണ് ആദ്യം ആകർഷിക്കുക. ഗ്രേ ഡാർക്ക് ബ്രൗൺ ക്രീം കളർ തീമിലാണ് എക്സ്റ്റീരിയർ.
വീടിന്റെ മുറ്റത്തു വിരിച്ചിരിക്കുന്നത് ഗ്രേ–ബ്ലാക്ക് കളർ കോപിനേഷനിലുള്ള ഇന്റർ ലോക്ക്. ഇരുവശത്തും ചെടികൾ. വിശാലമായ സിറ്റൗട്ടിൽ ഗ്രാനൈറ്റ് വിരിച്ച ഇരിപ്പിടങ്ങളുണ്ട്. പ്രധാന വാതിലും ജനലും തേക്കിൽ നിർമിച്ചവയാണ്. സിറ്റൗട്ടിലും അകത്തും വെള്ള ടൈലുകളാണ്.
എൽ ഷേപ്പിലാണ് ലിവിങ് ഏരിയ ഒരുക്കിയിരിക്കുന്നത്. ആദ്യം ഗെസ്റ്റ് ഏരിയയും പിന്നീടു ലിവിങ്ങുമാണ്. ഇവിടെ നിന്നാണ് മുകളിലെ മെസാനിയൻ ഫ്ലോറിലേക്കുള്ള പടികൾ ആരംഭിക്കുന്നത്. ജിഐ പൈപ്പു കൊണ്ടു നിർമിച്ചിരിക്കുന്ന ഈ കോണിപ്പടികൾക്കു വുഡൻ ഫിനിഷ് നൽകിയിരിക്കുന്നു.
ഗെസ്റ്റ് ഏരിയയും ഫാമിലി ലിവിങ് സ്പേസും വേർതിരിച്ചിട്ടില്ല. മൂന്നു പേർക്കിരിക്കാവുന്ന ബ്ലാക് റെക്സിൻ സോഫയാണ് ഡൈനിങ് ഏരിയയെയും ലിവിങ്ങിനെയും വേർതിരിക്കുന്നത്. ലിവിങ്ങിൽ ടിവി യൂണിറ്റ് വേണ്ട എന്നതു വീട്ടുകാരന്റെ ആവശ്യമായിരുന്നു. ലിവിങ് ഏരിയയിൽ വീടിന്റെ മൊത്തെ തീമിനോടു ചേരുംവിധം വുഡൻ ഫിനിഷിങ്ങോടു കൂടിയ ജിപ്സം ഫോൾസ് സീലിങ് ചെയ്തിട്ടുണ്ട്. എൽഇഡി ലൈറ്റ് ഇതിനെ കൂടുതൽ മനോഹരമാക്കുന്നു.
ആറുപേർക്കിരിക്കാവുന്ന ഡൈനിങ് ടേബിളും അതിനോടു ചേർന്നു വാഷ് ഏരിയയും. വാഷ്ബേസിനു താഴെ മൾട്ടിവുഡിൽ സ്റ്റോറേജ് യൂണിറ്റ്.
ഡൈനിങ് ഹാളിനോടു ചേർന്നാണ് ഓപ്പൺ കിച്ചൻ. ചുരുങ്ങിയ സ്ഥലത്തു ധാരാളം സ്റ്റോറേജ് സ്പേസോടു കൂടിയാണു കിച്ചൻ ഒരുക്കിയിരിക്കുന്നത്. സ്റ്റോറേജ് സ്പേസും അടുക്കളയിലെ മൂന്നു പാളി ജനലും അലുമിനിയം ഫാബ്രിക്കേഷൻ ഉപയോഗിച്ചു ചെയ്തതാണ്.
പ്രധാന വാതിലിനോടു ചേർന്ന ജനലൊഴികെ മറ്റെല്ലാ ജനലുകളും അലുമിനിയം ഫാബ്രിക്കേഷനിൽത്തന്നെ.
മൂന്ന് അറ്റാച്ച്ഡ് കിടപ്പുമുറികളുണ്ട്. മാസ്റ്റർ ബെഡ്റൂമിന്റെ വാതിൽ തേക്കു കൊണ്ടാണ്. ലളിതമായ ക്രീം കളറിലുള്ള ജിപ്സം ഫാൾസ് സീലിങ്ങാണ് എല്ലാ കിടപ്പുമുറികളിലും.
ഡബിൾ ഹൈറ്റുള്ള കെട്ടിടത്തിന്റെ ഇന്റർമീഡിയറ്റ് ആയി നൽകുന്ന മെസാനിൻ ഫ്ലോർ ഇവിടെയുണ്ട്. അതിഥി സൽക്കാരത്തിനോ ലൈബ്രറി, ഓഫിസ് പോലുള്ള ആവശ്യങ്ങൾക്കോ ഇത് ഉപയോഗിക്കാം. ഡൈനിങ് ഏരിയയിലേക്കും ലിവിങ് ഏരിയയിലേക്കും കാഴ്ച കിട്ടത്തക്കവിധമാണ് ഇതിന്റെ ഡിസൈൻ. ഇതിന് അധികച്ചെലവു വന്നിട്ടില്ല. നിർമാണത്തിന് 22 ലക്ഷം രൂപയും ഇന്റീരിയറിനു 10 ലക്ഷം രൂപയുമാണു ചെലവായത്. ബിൽഡിങ് ഡിസൈനേഴ്സിലെ ഡിസൈനർ കെ.വി മുരളീധരന്റെ നേതൃത്വത്തിലാണ് ഈ വീടു നിർമിച്ചിരിക്കുന്നത്.
തയാറാക്കിയത്
അജയ്. എസ്
English Summary- Cost Effective House Kannur