പഴമ Vs പുതുമ; 125 വർഷം പഴക്കമുള്ള വീടിന്റെ മാറ്റംകണ്ടോ!...
Mail This Article
കോട്ടയം അതിരമ്പുഴയിലാണ് കടവിൽ എന്നു പേരിട്ട ഈ വീടുള്ളത്. െചറിയ മുറികളും ഇടനാഴികളുമായി ഇരുട്ടു മൂടിക്കിടന്ന പഴയ വീട്ടിൽ നിന്നു വിശാലമായ, പ്രകാശം പരത്തുന്ന പുതിയ വീട്ടിലേക്കുള്ള മാറ്റത്തെക്കുറിച്ച് വീട്ടുടമ ജിതിൻ സംസാരിക്കുന്നു.
ഹാളും ഊണുമുറിയും അടുക്കളയും നാലു കിടപ്പുമുറികളുമുള്ള പഴയ തറവാടു വീടായിരുന്നു ഇത്. പണ്ടത്തെ രീതിയിൽ പണിതീർത്ത ധാരാളം ചെറിയ മുറികളും ഇടനാഴികളും ഉപയോഗശൂന്യമായ ഒരുപാടു സ്ഥലവും വീട്ടിലുണ്ടായിരുന്നു. കാറ്റും വെളിച്ചവും കടക്കാൻ നന്നേ ബുദ്ധിമുട്ട്. മച്ചും മേൽക്കൂരയുമായതിനാൽ പ്രാണികളുടെയും ചെറുജീവികളുടെയും ശല്യവും ഉണ്ടായിരുന്നു.
125 വർഷം പഴക്കമുള്ള സ്ട്രക്ചർ ആയിരുന്നു ഈ തറവാടു വീടിന്റേത്. 50 കൊല്ലം മുൻപ് ഒരു പുതുക്കൽ നടത്തി അടുക്കള വാർത്തിരുന്നു. ഇത്രയും കാലപ്പഴക്കമുള്ള കെട്ടിടത്തിന് ഇതുപോലൊരു മേക്കോവർ സാധ്യമാകുമോ എന്നതായിരുന്നു ആദ്യത്തെ സംശയം. എന്നാൽ, സമീപിച്ച ഇന്റീരിയർ ഡിസൈനർ ഓസ്റ്റിൻ ആശങ്കകളെല്ലാം മാറ്റിത്തന്നു.
പഴയ വീടിന്റെ അടിത്തറ അതുപോലെ നിലനിർത്തിയാണ് വീടു പുതുക്കിയിരിക്കുന്നത്. വീടിന്റെ 70% ഭിത്തിയും പൊളിച്ചു. ദർശനം കിഴക്കോട്ടായിരുന്നതു വടക്കോട്ടാക്കി. അതുതന്നെയാണു പുതുക്കിയ വീടിന്റെ പ്രധാന മാറ്റം. 1950 സ്ക്വയർഫീറ്റ് ഉണ്ടായിരുന്ന പഴയ വീട്ടിൽ നിന്നു സിറ്റൗട്ടും ഗ്രീൻ ഏരിയയും ബാൽക്കണിയും കൂടിചേർത്ത് 2450 സ്ക്വയർഫീറ്റിലാണ് പണി പൂർത്തിയാക്കിയിരിക്കുന്നത്.
പഴയ ഡൈനിങ് ഏരിയയാണ് ഇപ്പോഴത്തെ സിറ്റൗട്ട്. പഴയ കാർപോർച്ചിന്റെ ഭാഗത്ത് പുതിയ വീടിന്റെ ഹൈലൈറ്റായ ഗ്രീൻ ഏരിയ സെറ്റ് ചെയ്തു. ഇവിടെ സാധാരണ ഭിത്തിക്കു പകരം ഗ്ലാസ് ഡോർ വച്ചു. മുൻപു വീട്ടിൽ നാല് കിടപ്പുമുറികളുണ്ടായിരുന്നെങ്കിലും അതിൽ ഒരു മുറി ഉപയോഗശൂന്യമായിരുന്നു. ആ മുറിക്ക് നാലു വാതിലുകളുണ്ടായിരുന്നതു കൊണ്ട് ഒട്ടും സ്വകാര്യത ഉണ്ടായിരുന്നില്ല.
പഴയരീതിയിലുള്ള വീടായതു കൊണ്ടു പല മുറികളിലേക്കും ഉള്ള എൻട്രി ഈ മുറിയിൽ നിന്നായിരുന്നു. ആവശ്യത്തിനു വെളിച്ചമോ വായുസഞ്ചാരമോ ഉണ്ടായിരുന്നില്ല. ഈ നാലു മുറിയും പൂർണമായും മാറ്റി. അതിന്റെ സ്ഥാനത്ത് മുറികൾ വെവ്വേറെ പണിയുകയാണു ചെയ്തത്. അങ്ങനെ മൂന്നു ബെഡ്റൂം ഉണ്ടായിരുന്നത് രണ്ടു ബെഡ്റൂം ആക്കി. അപ്പോൾ മാസ്റ്റർ െബഡ്റൂമിനു തന്നെ 400 സ്ക്വയർ ഫീറ്റിനടുത്തു വലുപ്പമായി.
ബെഡ്റൂമിന് അകത്തു തന്നെ ഗ്രീൻ ഏരിയയും ഡ്രസിങ് റൂമും തയാറാക്കി. ഒപ്പം അറ്റാച്ച്ഡ് ബാത്ത്റൂമും പഴയ സിറ്റൗട്ട് അതിഥികൾക്കുള്ള മുറിയാക്കി. പഴയ 4 മുറിയുടെ സ്ഥാനത്ത് 3 മുറികൾ സെറ്റു ചെയ്തു. കൂടാതെ ഒരു എക്സ്ട്രാ കിടപ്പു മുറിയും പണിതു. മുൻപ് സീലിങ് ഷീറ്റ് ആയിരുന്നതെല്ലാം മാറ്റി ട്രസ് ചെയ്ത് ഓടിട്ടു. അകത്ത് ജിപ്സം സീലിങ് ചെയ്തത് കോൺക്രീറ്റിന്റെ അതേ ഫിനിഷിങ്ങിലാണ്.
പുതിയ വീട്ടിൽ നാലു കിടപ്പുമുറി. അതിൽ മൂന്നെണ്ണം അറ്റാച്ച്ഡ്, ഒരു കോമൺ വാഷ്റൂം, അടുക്കള, വർക്ക് ഏരിയ, ലിവിങ് ഏരിയ, സിറ്റൗട്ട്, ഗ്രീൻ ഏരിയ, പ്രെയർ ഏരിയ എന്നിവയുണ്ട്. പുതുക്കിയെടുത്തപ്പോൾ പണ്ട് ഉപയോഗശൂന്യമായി കിടന്ന സ്ഥലം കൃത്യമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. മൂന്നു ബെഡ്റൂമിന്റെ സ്ഥാനത്ത് 2 എണ്ണം ആയപ്പോൾത്തന്നെ മുറികളിൽ ധാരാളം സ്ഥലം കിട്ടി.
പുതുക്കിയപ്പോൾ 400 സ്ക്വയർഫീറ്റ് അധികം ചേർത്തു. ഒരു ബെഡ്റൂമിനു പ്രത്യേകം ബാൽക്കണിയും ചെറിയ ഗ്രീൻ ഏരിയയും സെറ്റ് ചെയ്തു. അടുക്കള പ്രധാന അടുക്കളയായും വർക്കിങ് കിച്ചനായും വേർതിരിച്ചു. മോഡുലർ കിച്ചനും കബോർഡുകളുമായി അടുക്കള മനോഹരമാക്കി.
ഫ്രഞ്ച് മോഡൽ സ്റ്റീൽ ജനലുകളും വുഡൻ സ്ലിം ടൈലുകളും ഭിത്തികളിൽ ക്ലാഡിങ് ടൈലുകളും എല്ലാ മുറികളിലും വാം ലൈറ്റിങ്ങും വീടിനുള്ളിൽ ആൻഡിക മെറ്റൽ തീമുമാണ് ചെയ്തിരിക്കുന്നത്. വയറിങ് മുഴുവനും പുതുക്കി. 30% ഫർണിച്ചറും പുതുക്കിയെടുത്തു. വീണ്ടും ഉപയോഗിച്ചു. പഴയവീടിന്റെ മച്ച് അതുപോലെ തന്നെ ഡൈനിങ് ഏരിയയിൽ നിർത്തിയിട്ടുണ്ട്. പഴയ മരത്തിന്റെ അലമാര രണ്ടു പീസായി മുറിച്ചു. ടേബിൾ ടോപ്പായി ലിവിങ്ങിലും ഡൈനിങ്ങിലും വച്ചു.
വീടിനു ചുറ്റും ധാരാളം ചെടികളും മരങ്ങളുമുള്ള പ്ലോട്ടാണിത്. മരത്തിനു താഴെ സിറ്റിങ് സ്പേസും ഒരുക്കിയിട്ടുണ്ട്. 1500 സ്ക്വയർ ഫീറ്റോളം വരുന്ന മുറ്റം ഒരുക്കിയിരിക്കുന്നത് താണ്ടൂർ സ്റ്റോൺ കൊണ്ടാണ്. 2500 സ്ക്വയർ ഫീറ്റിൽ 40 ലക്ഷം രൂപയ്ക്കാണ് വീടും മുറ്റവും പുതുക്കിയെടുത്തത്.
തയാറാക്കിയത്
അജയ് ഷാജി
English Summary- Renovated House Kottayam; Budget Home Renovation Kerala