സത്യമാണ്! ഇത് വെറും 6 ലക്ഷം രൂപയ്ക്ക് പണിത വീട്
Mail This Article
വീടുപണി ബാലികേറാമലയായി കരുതുന്ന ആളുകൾക്കു മാതൃകയാക്കാവുന്ന ഒരു വീടാണിത്. കോഴിക്കോട് പന്തീരാങ്കാവിനടുത്ത് മാത്തറയിൽ ഡോ.അനിത ബാബു രോഗികളെ പരിശോധിക്കുന്നതിനു തയാറാക്കിയ വീടിനു പെയിന്റിങ് അടക്കം ചെലവായത് 6 ലക്ഷം രൂപ. ചെലവു കുറഞ്ഞ ഇന്റർലോക്ക് ബ്രിക്സ് ഉപയോഗിച്ചാണ് ഈ വീടു പണിതിരിക്കുന്നത്. രണ്ടു നിറങ്ങളിലാണ് വീടിന്റെ എക്സ്റ്റീരിയർ. ഓടിനും ചുവരിനും ഗ്രേ കളറും ബോർഡറായി വെള്ളയും. വെള്ളം കയറാൻ സാധ്യതയുള്ള സ്ഥലമായതുകൊണ്ട് തറയുയർത്തി കരിങ്കല്ല് ഉപയോഗിച്ചു ബെൽറ്റ് വാർത്താണ് അടിത്തറ പണിതത്.
ലിന്റൽ ആൻഡ് ബീം കൺസ്ട്രക്ഷൻ രീതിയാണു പിന്തുടർന്നത്. അതുകൊണ്ട്, ഭിത്തിയിൽ മാത്രമാണ് സിമന്റ് വേണ്ടിവന്നത്. മേൽക്കൂര ജിഐ പൈപ്പുകൾ കൊണ്ടാണു ചെയ്തത്. 40 രൂപ വില വരുന്ന ആന്റി ഫംഗസ് കോൺക്രീറ്റ് ഓടാണു വിരിച്ചിരിക്കുന്നത്. രണ്ടര സെന്റിൽ 435 സ്ക്വയർ ഫീറ്റിലാണു വീട്.
ഇന്റർലോക്കിങ് മഡ് ബ്ലോക് ആണു നിർമാണത്തിന്. സാധാരണ ചുടുകട്ടകളെ അപേക്ഷിച്ച് ഇതു ലാഭകരമാണ്. ചുടുകട്ടകളെക്കാൾ വലുപ്പവും കൂടുതലാണ്. സിമന്റിന്റെയും മണലിന്റെയും ഉപയോഗം കുറയ്ക്കാനുമാവും. സിറ്റൗട്ടിലും വീടിനകത്തും 2X2 വിട്രിഫൈഡ് ടൈൽ ആണ് ഉപയോഗിച്ചിരിക്കുന്നത്. എക്സ്റ്റീരിയർ നിറത്തോടു ചേരുന്ന ഗ്രേ കളറാണ് ഇന്റീരിയറിൽ.
സിറ്റൗട്ടിലേക്കു കയറുന്ന പടികളിൽ ഗ്രിപ്പുള്ള ടൈലുകളാണ് ഉപയോഗിച്ചിട്ടുള്ളത്. സിറ്റൗട്ടിലെ ഇരിപ്പിടത്തിൽ ഗ്രാനൈറ്റ് വിരിച്ചിട്ടുണ്ട്. വാതിലിന്റെയും ജനലിന്റെയും കട്ടിളകൾ ചെലവു കുറഞ്ഞ രീതിയിൽ സ്റ്റീൽ കൊണ്ടാണു നിർമിച്ചിട്ടുള്ളത്. പ്രധാന വാതിലിനും ജനലിനും മരം ഉപയോഗിച്ചു. ബാക്കി ജനലുകൾ അലുമിനിയം കൊണ്ടും. ക്ലിനിക് ആയി അറേഞ്ച് ചെയ്തിരിക്കുന്നതു കൊണ്ട് ലിവിങ് ഏരിയയിൽ ആണ് കൺസൽറ്റേഷൻ. ഡൈനിങ് ഏരിയയിലും ഇരിക്കാൻ സൗകര്യമുണ്ട്.
കർട്ടനുകൾക്കു പകരം ബ്ലൈൻഡ്
ജിപ്സം ഫാൾസ് സീലിങ്ങും എൽഇഡി ലൈറ്റിങ്ങും ചെയ്ത് ഇന്റീരിയർ മനോഹരമാക്കിയിരിക്കുന്നു. ലളിതമായ ഡിസൈനായതു കൊണ്ടും ഫാൾസ് സീൽ ചെയ്തിരിക്കുന്നതു കൊണ്ടും ഇത് ഓടിട്ട വീടാണെന്നു മനസ്സിലാകില്ല.
സ്ക്വയർഫീറ്റിനു 30 രൂപ ചെലവു വരുന്ന ജിപ്സം പ്ലാസ്റ്ററിങ്ങാണ് വീടിനകത്തു ചെയ്തിരിക്കുന്നത്. സിമന്റ് പ്ലാസ്റ്ററിങ്ങിനെ അപേക്ഷിച്ച് ജിപ്സം പ്ലാസ്റ്ററിങ്ങിനു ചെലവു കുറവാണ്. വീടിനകത്ത് തണുപ്പു നിലനിർത്തുന്നതിനും ജിപ്സം പ്ലാസ്റ്ററിങ് സഹായിക്കും. ബെഡ്റൂം ഡോർ യുപിവിസി മെറ്റീരിയലാണ്. ഫ്രെയിമടക്കം ഒരു വാതിലിന് ഏഴായിരം രൂപയേ വില വരൂ. പല ഡിസൈനുകളിൽ ഇതു വിപണിയിൽ ലഭ്യമാണ്. ഒറ്റ ബെഡ്റൂമാണ് ഈ വീടിനുള്ളത്.
ചെലവു കുറയ്ക്കുന്നതിനായി അലുമിനിയം ഫാബ്രിക്കേഷനിൽ ചെയ്തെടുത്ത അലമാരയാണ് ഈ ബെഡ്റൂമിലുള്ളത്. നിലവിൽ കൺസൽറ്റിങ് റൂം ആയിരിക്കുന്ന സ്ഥലം ലിവിങ് കം ഡൈനിങ് ആക്കിയെടുത്താൽ ഒരു വീടാക്കി മാറ്റാവുന്ന ഡിസൈനാണ്. ഒരു ബെഡ്റൂം കൂടി േചർക്കണമെന്നുണ്ടെങ്കിൽ 100 സ്ക്വയർഫീറ്റ് കൂടി കൂട്ടിയാൽ മതിയാകും. അതിന് ഒന്നരലക്ഷം രൂപ അധികം ചെലവു വന്നേക്കാം.
തയാറാക്കിയത്
അജയ്
English Summary- Low Cost House; 6 Lakh Home Tour