കൗതുകമുള്ള കാഴ്ചകൾ ; ഇത് ഒരു സാധാരണ കുടുംബത്തിന് പറ്റിയ വീട്
Mail This Article
പയ്യന്നൂരിനടുത്ത് കോറോം എന്ന സ്ഥലത്താണ് മെഡിക്കൽ റെപ്പായ സുകുമാരന്റെയും കുടുംബത്തിന്റെയും പുതിയ വീട്. ഗൃഹനാഥനും ഭാര്യയും രണ്ടു മക്കളുമാണ് വീട്ടിലുള്ളത്. പരമാവധി ചെലവ് കുറച്ച് ഒരുനിലയിൽ സൗകര്യങ്ങൾ ചിട്ടപ്പെടുത്തിയ വീട് എന്നതായിരുന്നു ഇവരുടെ ആവശ്യം. അപ്രകാരമാണ് വീടിന്റെ രൂപകൽപന.
വീടിന്റെ വ്യത്യസ്തമായ പുറംകാഴ്ചയാണ് ആരുടേയും കണ്ണുകളെ ആകർഷിക്കുന്നത്. അധികം മരങ്ങളുടെ തണൽ ഇല്ലാത്ത 10 സെന്റ് ഭൂമിയാണ്. അതിനാൽ തീക്ഷ്‌ണമായ വെയിലും ചൂടും തടയാൻ വേണ്ട സജ്ജീകരണങ്ങൾ ഇവിടെ ചെയ്തിട്ടുണ്ട്.
പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, മൂന്നു കോർട്യാർഡുകൾ, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ എന്നിവയാണ് 1500 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. ഓപ്പൺ പ്ലാനിലാണ് വീടൊരുക്കിയത്. ഇത് പരമാവധി വിശാലത അകത്തളങ്ങൾക്ക് പ്രദാനം ചെയ്യുന്നു. ടിവി യൂണിറ്റ് കൊണ്ടാണ് ലിവിങ്- ഡൈനിങ് ഏരിയകൾ വേർതിരിച്ചത്.
ടെറാക്കോട്ട ജാളികളുടെ സാന്നിധ്യമാണ് ഹൈലൈറ്റ്. കിഴക്ക്- പടിഞ്ഞാറൻ വെയിലിനെ തടയുംവിധം വീടിന്റെ രണ്ടറ്റങ്ങളിലുള്ള കോർട്യാർഡിലാണ് ഇത് വിന്യസിച്ചത്. ഇതുവഴി ക്രോസ്‌വെന്റിലേഷൻ സുഗമമാക്കുന്നു. കാറ്റ് വീടിനുള്ളിലൂടെ കയറി ചൂടിനെ പുറംതള്ളുന്നതുകൊണ്ട് അകത്തളത്തിൽ സുഖകരമായ കാലാവസ്ഥ നിലനിൽക്കുന്നു. ഇതിനുപിന്നിൽ മറ്റൊരു ഉദ്ദേശ്യവുമുണ്ട്. ഭാവിയിൽ മുകളിലേക്ക് നിലകൾ കൂട്ടിച്ചേർക്കാൻ തീരുമാനിച്ചാൽ അധികം പൊളിച്ചുപണികൾ ഇല്ലാതെ ഈ കോർട്യാർഡിന്റെ സ്ഥാനത്ത് സ്‌റ്റെയർകേസ് സ്ഥാപിക്കാം.
വീടിന്റെ മുകൾനിലയിൽ നാലു പില്ലറുകളിൽ ഒരു ജാളി ഭിത്തിയുമുണ്ട്. ഇതിനുപിന്നിലാണ് വാട്ടർ ടാങ്ക് സ്ഥാപിച്ചത്. ഭാവിയിൽ ഇത് അനായാസം ഒരു മുറിയായി പരിവർത്തനം ചെയ്യാം.
ചെലവ് കുറയ്ക്കാൻ നിരവധി കാര്യങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട്. പൊതുവെ നല്ല ഫിനിഷുള്ള ടെറാക്കോട്ട ജാളികൾക്ക് വലിയ വിലയാണ്. ഇവിടെ ഒരു കട്ടയ്ക്ക് 30 രൂപ വിലയുള്ള ജാളിയാണ് ( താരതമ്യേന ചെലവ് കുറഞ്ഞ) ഉപയോഗിച്ചത്. നല്ല പണിക്കാരുടെ മികവുകൊണ്ടാണ് അത് ഇത്രയും ഭംഗിയിൽ കാണപ്പെടുന്നത്.
വില കൂടിയ തടിയുടെ ഉപയോഗം നിയ്രന്തിച്ചു. ജനൽ വാതിൽ കട്ടിളകൾക്ക് അലുമിനിയവും ജിഐയും ഉപയോഗിച്ചു. ബാത്‌റൂമിൽ ഫൈബർ ഡോറുകളാണ് ഘടിപ്പിച്ചത്.
മാസ്റ്റർ ബെഡ്‌റൂമിലാണ് മൂന്നാമത്തെ കോർട്യാർഡ് ഉള്ളത്. സ്ലൈഡിങ് ഗ്ലാസ് ഡോർ വഴിയാണ് ഇവിടേക്ക് പ്രവേശിക്കുന്നത്.
പ്ലൈവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. വർക്കേരിയയിലെ ക്യാബിനറ്റുകൾ ചെലവുകുറയ്ക്കാനായി എസിപി ഷീറ്റ് കൊണ്ടാണ് നിർമിച്ചത്.
35 ലക്ഷം രൂപയാണ് ബജറ്റ് ഇട്ടതെങ്കിലും പെട്ടെന്നുണ്ടായ നിർമാണസാമഗ്രികളുടെ വിലവർധന ബജറ്റ് അൽപം അധികരിക്കാനിടയാക്കി. സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 40 ലക്ഷം രൂപയാണ് ചെലവായത്.
Project facts
Location- Korom, Payyannur
Plot- 10 cents
Area- 1500 Sq.ft
Owner- Sukumaran
Design- Atreum Associates, Kottaykal, Payyanur
Mob- 8547440077
Y.C- Jan 2022
Budget- 40 Lakhs
ചിത്രങ്ങൾ- അഖിൽ കോമാച്ചി
English Summary- Cost Effective House; Kerala House Plan; Veedu Magazine Malayalam