ഒരുനിലയാണ് സുഖം; മനസ്സുകവരുന്ന ഭംഗിയുള്ള വീട്
Mail This Article
തൃശൂർ പീച്ചിയിലാണ് പ്രവാസിയായ അനു ജോർജിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. വിശാലമായ 42 സെന്റ് പ്ലോട്ടിൽ കൊളോണിയൽ ഭംഗി നിറയുന്ന വീട് വേണം എന്നതായിരുന്നു വീട്ടുകാരുടെ ആവശ്യം. ഇതിൻപ്രകാരമാണ് വീട് രൂപകൽപന ചെയ്തത്. പ്രവാസിയായതുകൊണ്ട് പരിപാലനം എളുപ്പമാക്കാനും വീടിനുള്ളിലെ ആശയവിനിമയം എളുപ്പമാക്കാനുമാണ് ഒരുനില മതിയെന്ന് തീരുമാനിച്ചത്.
മുൻവശത്തെ മേൽക്കൂര ചരിച്ചുവാർത്ത് ഓടുവിരിച്ചു. കൊളോണിയൽ വീടുകളുടെ മുഖമുദ്രയായ ഡോർമർ ജാലകങ്ങൾ ഇവിടെകാണാം. പിൻവശത്ത് മേൽക്കൂര നിരപ്പായി വാർത്തശേഷം ജിഐ ട്രസ് വർക്ക് ചെയ്തു. ഇതിലൂടെ ഇവിടെ യൂട്ടിലിറ്റി സ്‌പേസും ലഭിച്ചു.
വീടിനൊപ്പം ലാൻഡ്സ്കേപ്പും ഭംഗിയാക്കി. പുൽത്തകിടിയും പ്ലാന്റർ ബോക്സുകളും ഡ്രൈവ് വേയുമെല്ലാം ഇതിന്റെ ഭാഗമാണ്. ഒരുനിലയിൽ സൗകര്യങ്ങളെല്ലാം ചിട്ടപ്പെടുത്തി എന്നതാണ് ഹൈലൈറ്റ്. പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, രണ്ടു കോർട്യാർഡുകൾ, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ എന്നിവയാണ് 2500 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. സിറ്റൗട്ടിലൂടെയുള്ള പ്രധാന എൻട്രൻസ് കൂടാതെ പോർച്ചിനു സമീപമുള്ള ഫാമിലി ലിവിങ് ഭാഗത്തെ ഡോറിലൂടെയും ഉള്ളിലേക്ക് പ്രവേശിക്കാം.
മാറ്റ് ഫിനിഷ്ഡ് ടൈലാണ് നിലത്തുവിരിച്ചത്. ഫർണിച്ചറുകൾ കസ്റ്റമൈസ് ചെയ്തു. രണ്ടു കോർട്യാർഡുകളാണ് ഉള്ളിലെ ഹൈലൈറ്റ്. വീടിനുള്ളിൽ ക്രോസ് വെന്റിലേഷൻ സുഗമമാക്കുന്നതിലും വെളിച്ചം എത്തിക്കുന്നതിലും ഇത് പ്രധാന പങ്കുവഹിക്കുന്നു.
വിശാലമായ സ്വീകരണമുറിയിലെ ഫോക്കൽ പോയിന്റ് കോർട്യാർഡാണ്. വുഡൻ ക്ലാഡിങ് എന്നുതോന്നിപ്പിക്കുംവിധമുള്ള വോൾപേപ്പറാണ് ഇവിടെ ഒട്ടിച്ചത്. ഇവിടെ ഭിത്തിയിൽ ഇൻഡോർ പ്ലാന്റുകൾ ഹാജർ വയ്ക്കുന്നു.
ഒതുക്കമുള്ള ഫാമിലി ലിവിങ് വേർതിരിച്ചു. ഇതിനെയും ഡൈനിങ്ങിനെയും വേർതിരിക്കുന്നത് രണ്ടാമത്തെ കോർട്യാർഡാണ്. ഒരുവശം ബെഞ്ച് കൺസെപ്റ്റിലുള്ള ഡൈനിങ് സെറ്റാണ്. ഇവിടെ ഹാങ്ങിങ് ലൈറ്റുകളുമുണ്ട്. സമീപമുള്ള കോർട്യാർഡിൽ ഇൻഡോർ പാം ചെടികൾ സാന്നിധ്യമറിയിക്കുന്നു.
സമീപമുള്ള സഹോദരന്റെ വീട്ടിലേക്കും ഗെയ്റ്റിലേക്കും നോട്ടമെത്തുംവിധമാണ് കിച്ചന്റെ സ്ഥാനം. L ഷേപ്പിലാണ് കിച്ചൻ. എംഡിഎഫ് ഫിനിഷിൽ ക്യാബിനറ്റുകൾ ഒരുക്കി. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. ഡൈനിങ്ങിലേക്ക് തുറക്കുന്ന കൗണ്ടറിന്റെ സ്ഥാനത്ത് ഹോബ് ചിട്ടപ്പെടുത്തിയത് വ്യത്യസ്തതയാണ്. ഡൈനിങ്- കിച്ചൻ വേർതിരിക്കുന്ന ഭാഗത്ത് ചെയറുകൾ ഇട്ടാൽ ഒരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടറാക്കിമാറ്റാം.
നാലു കിടപ്പുമുറികളും വ്യത്യസ്ത തീം പിന്തുടരുന്നു. ഹെഡ്‌സൈഡ് ഭിത്തി പലവിധത്തിൽ ഫർണിഷ് ചെയ്‌തിരിക്കുന്നു. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സൗകര്യങ്ങളുമുണ്ട്.
'ഒരുനില വീട് മതി എന്ന തീരുമാനം ശരിയായിരുന്നു എന്ന് ഇപ്പോൾ തിരിച്ചറിയുന്നു. മനസ്സിനിണങ്ങിയ വീട് ലഭിച്ചതുകൊണ്ട് ഞങ്ങൾ ഹാപ്പിയാണ്'. വീട്ടുകാർ പറയുന്നു.
Project facts
Location- Peechi, Thrissur
Plot- 42 cent
Area- 2500 Sq.ft
Owner- Anu George
Architect- Sanil Chacko
Design Platform Architects, Thrissur
Mob- 9496786753
Y.C- 2021
English Summary- Colonial House Thrissur; Veedu Magazine Malayalam