ഇതുപോലെ ഒരു വീട് കേരളത്തിൽ വേറെയില്ല! വൈറലായി മ്യൂസിക് ഹൗസ്
Mail This Article
പാലക്കാട് ജില്ലയിലെ പറളിയിലാണ് സംഗീത അധ്യാപകനായ ബിദുൽ ത്യാഗരാജന്റെയും കുടുംബത്തിന്റെയും വീട്. സംഗീതത്തെ ഈ കുടുംബം എത്രത്തോളം സ്നേഹിക്കുന്നു എന്ന് ഈ വീട് കണ്ടാൽത്തന്നെ മനസിലാകും. പലതരം സംഗീത ഉപകരണങ്ങളുടെ രൂപങ്ങളാണ് വീടിന്റെ പുറംകാഴ്ച അടയാളപ്പെടുത്തുന്നത്.
22 അടിയോളം ഉയരത്തിലുള്ള വയലിനാണ് പ്രധാന ഹൈലൈറ്റ്. മെറ്റൽ ഷീറ്റ് കൊണ്ടാണ് ഇത് നിർമിച്ചത്. ഇത് വുഡൻ പെയിന്റ് അടിച്ചു വയലിന്റെ നിറമാക്കി. വയലിനിലെ സ്ട്രിങ്ങുകളും മെറ്റൽ കൊണ്ടാണ് നിർമിച്ചത്. കീബോർഡാണ് അടുത്ത കൗതുകം. പുറംഭിത്തി പ്ലാസ്റ്ററിങ് ചെയ്യുന്ന സമയത്ത് സിമന്റ് ഗ്രൂവുകൾ വേർതിരിച്ച് അതിൽ ബ്ലാക്ക് & വൈറ്റ് പെയിന്റ് അടിച്ചാണ് കീബോർഡ് നിർമിച്ചത്. ഇതിന്റെ അളവുകളിൽ പോലും നിഷ്കർഷ പാലിച്ചിട്ടുണ്ട്.
അടുത്തത് സ്പീക്കറുകളാണ്. വമ്പൻ ഡോൾബി സ്പീക്കറുകളെ അനുസ്മരിപ്പിക്കുന്ന മൂന്ന് സ്പീക്കർ രൂപങ്ങളാണ് വീടിന്റെ പുറംഭിത്തിയിലുള്ളത്. സംഗീത ഉപകരണമായ സന്തൂറിന്റെ രൂപത്തിലാണ് കിണർ. ഇതിന്റെ ചുറ്റുമതിലും മുകളിലെ ജിഐ ഗ്രില്ലുകളും എല്ലാം ഇതിനോട് ഇഴുകിചേരുംവിധം ഒരുക്കി.
വെറും 5.5 സെന്റിലാണ് വീടുപണിതത്. ലിവിങ്, ഡൈനിങ്, കിച്ചൻ, പൂജാമുറി, മൂന്നു കിടപ്പുമുറികൾ എന്നിവയാണ് 1800 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.
വീട്ടിലേക്ക് കയറുമ്പോൾ സിറ്റൗട്ടിൽ മ്യൂസിക് നൊട്ടേഷൻസിന്റെ ഒരു ചിത്രം ഹാജർ വയ്ക്കുന്നു. ഇത് പ്രത്യേകമായി വരപ്പിച്ചെടുത്തതാണ്.
വീടിന്റെ അകത്തളം സാധാരണ വീടുകളിലെ പോലെ ലളിതമാണ്. സ്വീകരണമുറിയിലും മ്യൂസിക് നൊട്ടേഷൻസിന്റെ ഒരു ചിത്രമുണ്ട്.
തടിയുടെ ഉപയോഗം ഇന്റീരിയറിൽ നിയന്ത്രിച്ചതാണ് മറ്റൊരു സവിശേഷത. ജനൽ- വാതിലുകൾക്ക് സ്റ്റീൽ, യുപിവിസിയാണ് ഉപയോഗിച്ചത്. പൂജാമുറിയുടെ വാതിൽ, സ്‌റ്റെയർ പടവുകൾ എന്നിവ മാത്രമാണ് തടിയിൽ ചെയ്തത്. ഇത് ഇന്റീരിയർ ഫർണിഷിങ് ചെലവ് കുറയ്ക്കാൻ സഹായിച്ചു.
വീടിന്റെ പേരിൽ തന്നെ സംഗീതമുണ്ട്. മകൾ സാവേരിയുടെ പേരുതന്നെയാണ് വീടിനും നൽകിയത്. ഗൃഹനാഥൻ ഇപ്പോൾ ഖത്തറിലെ ഒരു സ്‌കൂളിൽ സംഗീത അധ്യാപകനാണ്. ഭാര്യ ഷബ്‌നയും മകളുമാണ് വീട്ടിലുള്ളത്.
ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വീട് വൈറലായി മാറിക്കഴിഞ്ഞു. നിരവധി ആളുകളാണ് വീട് കാണാനും പകർത്താനുമായി ഇവിടെയെത്തുന്നത്.
വീടിനെ സ്നേഹിക്കുന്നവർക്കായി!..- Subscribe Now- https://www.youtube.com/ManoramaVeedu4u?sub_confirmation=1
English Summary- House in the shape of Musical Instruments; Music House Palakkad Video HomeTour