ഒറ്റനോട്ടത്തിൽ മനസിലാകില്ല ഈ വീടിന്റെ സസ്പെൻസ്!
Mail This Article
ആർക്കിടെക്ട് ദമ്പതികൾ തങ്ങൾക്ക് താമസിക്കാൻ പഴയ വീടുവാങ്ങി കാലോചിതമായി നവീകരിച്ച കഥയാണിത്. നല്ല ലൊക്കേഷനാണ്, ആലുവ എടത്തലയുള്ള 15 വർഷം പഴക്കമുള്ള ഈ വീട്ടിലേക്ക് ആർക്കിടെക്ട് ദമ്പതികളെ ആകർഷിച്ചത്.
മെറ്റൽ സ്ട്രക്ചറിൽ സിമന്റ് ബോർഡ് വിരിച്ച് കാർ പോർച്ച് പുതുതായി നിർമിച്ചെടുത്തു. മൂന്നു കിടപ്പുമുറികളുള്ള 1800 ചതുരശ്രയടി വീടായിരുന്നു ഇത്. മുകളിൽ ഓപ്പൺ ഹാൾ മാത്രമാണ് ഉണ്ടായിരുന്നത്. അതിനെ 2500 ചതുരശ്രയടിയിലേക്ക് വിപുലമാക്കി. മുകൾനിലയിൽ ലിവിങ്, ഒരു കിടപ്പുമുറി, ബാൽക്കണി സ്‌പേസുകൾ പുതുതായി കൂട്ടിച്ചേർത്തു. ഹരിതാഭയാണ് നവീകരിച്ച വീടിന്റെ മുഖമുദ്ര. താഴെയുള്ള കോർട്യാർഡിലും മുകളിലും ബാൽക്കണിയിലുമെല്ലാം നിരവധി ചെടികൾ ഹാജർ വയ്ക്കുന്നു. ഇത് വീടിന്റെ മൊത്തത്തിലുള്ള ആംബിയൻസ് തന്നെ പോസിറ്റീവായി മാറ്റിയിട്ടുണ്ട്.
മുകളിൽ പുതിയ ഇടങ്ങൾ കൂട്ടിച്ചേർത്തത് കൂടാതെ താഴെയുണ്ടായിരുന്ന പഴയ സ്‌പേസുകളെ ഭംഗിയായി മേക്കോവർ ചെയ്തിട്ടുണ്ട്. ഇടച്ചുവരുകൾ ഒഴിവാക്കി ഇടങ്ങൾ കൂടുതൽ വിശാലമാക്കി. ഇടങ്ങളെ പുനർവിന്യസിച്ചിട്ടുമുണ്ട്. അകത്തെ മിക്ക സ്‌പേസുകളിലും ഒരു ഭിത്തി സിമന്റ് ഫിനിഷിൽ ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. പൂമുഖത്തും മുകൾനിലയിലും മാത്രമാണ് പുതുതായി ഫ്ളോറിങ് ചെയ്തത്. ബാക്കി പഴയത് നിലനിർത്തി. ബാത്റൂമിലെ സാനിറ്ററി ഫിറ്റിങ്സ് മാറ്റി പുതിയതാക്കി.
ഫോർമൽ ലിവിങ്ങിനോട് ചേർത്ത് ഒരു സൈഡ് കോർട്യാർഡ് നിർമിച്ചു. സ്ലൈഡിങ് ഗ്ലാസ് ഡോർ വഴി ഇവിടേക്ക് പ്രവേശിക്കാം. ഇവിടെ ധാരാളം ഇൻഡോർ ചെടികൾ ഹരിതാഭ നിറയ്ക്കുന്നു. ഒരു ചെറുമരത്തെ സംരക്ഷിച്ചാണ് ഇവിടെ ഗ്ലാസ് റൂഫിങ് ചെയ്തിരിക്കുന്നത് എന്നത് കൗതുകകരമാണ്.
തേക്കിൽ കടഞ്ഞെടുത്ത റെഡിമെയ്ഡ് ഡൈനിങ് സെറ്റാണ് ഡൈനിങ്ങിലെ പുതിയ അതിഥി. ഡൈനിങ് ഹാളിൽ ഒരു ഭിത്തി ഹൈലൈറ്റ് ചെയ്ത സിറ്റിങ് സ്‌പേസും സമീപത്തായി ഇരിപ്പിടസൗകര്യമുള്ള ബേവിൻഡോയും ഉൾപ്പെടുത്തി. ഗോവണിയുടെ താഴെ വാഷ് ഏരിയ ക്രമീകരിച്ചു. ഇവിടെ കയറിൽ മണിപ്ലാന്റ് പടർത്തി ഹരിത പാർടീഷൻ ഒരുക്കി.
പഴയ അടുക്കളയെ കാലോചിതമായി നവീകരിച്ചു. കൂടുതൽ സ്റ്റോറേജ് സ്‌പേസുകൾ ഉൾപ്പെടുത്തി. ലാക്വേഡ് ഗ്ലാസ് ഫിനിഷിൽ ക്യാബിനറ്റുകൾ കൂട്ടിച്ചേർത്തു. സ്റ്റോർ റൂമിനെ ഒരു മൾട്ടി യൂട്ടിലിറ്റി സ്‌പേസാക്കി പരിവർത്തനം ചെയ്തു.
പഴയ കിടപ്പുമുറികളിലാണ് ഏറ്റവും രൂപാന്തരം വരുത്തിയത്. കൺസീൽഡ് സ്‌റ്റോറേജ് സൗകര്യമുള്ള കോട്ട് മുറികളിൽ കൂട്ടിച്ചേർത്തു. കുട്ടികളുടെ കിടപ്പുമുറി ബങ്ക് ബെഡ് ശൈലിയിൽ ഒരുക്കി. മുകളിലെ കിടപ്പുമുറിക്ക് അനുബന്ധമായാണ് ബാൽക്കണി. സ്ലൈഡിങ് ഗ്ലാസ് ഡോറിലൂടെ ഇവിടേക്ക് പ്രവേശിക്കാം. മുകളിലെ കിടപ്പുമുറിയുടെ വെന്റിലേഷൻ സുഗമമാക്കാൻ വേണ്ടി ജാളി ഓപ്പണിങ്ങുണ്ട്. ഇത് തുറക്കുന്നത് അടുത്തുള്ള ബാൽക്കണിയിലേക്കാണ്. ഈ ചൂടുവായുവിനെ പുറംതള്ളാൻ ബാൽക്കണിയിൽ പർഗോള റൂഫിങ്ങുമുണ്ട്.
ഇവിടെയെത്തുന്നവർക്ക് ഒരിക്കലും ഇത് പഴയ വീട് നവീകരിച്ചതാണെന്ന് തോന്നുകയേയില്ല. ശരിക്കും പുതിയ വീടാണെന്നേ തോന്നുകയുള്ളൂ. അതാണ് ആർക്കിടെക്ട് ദമ്പതികളുടെ രൂപകൽപനയിലെ മാജിക്.
Project facts
Location- Edathala, Aluva
Plot- 8.8 cent
Area- 2470 Sq.ft
Owner- Ar. Sameer I.K
Architects- Fathima Rishin, Sameer I.K, Lijin Krishnan
Connect- Art & Architecture, Aluva
Mob- 8893291389
Y.C- 2021
English Summary- Renovated House Ideas; Architects Own House; Veedu