ADVERTISEMENT

തിരുവനന്തപുരം കോവളം ബീച്ചിനടുത്തുള്ള ഈ വീട്, സ്ഥലപരിമിതിയെ അപ്രസക്തമാക്കി നല്ലൊരു വീട് എങ്ങനെ പണിയാം എന്നതിന്റെ നല്ലൊരു മാതൃകയാണ്.

ടെക്‌നോപാർക്കിൽ ജോലിചെയ്യുന്ന വിഷ്ണുവും ആനിസും മകൾ വിയയുമാണ് ഈ വീട്ടിലെ താമസക്കാർ.  ആദ്യം സ്ഥലം വാങ്ങി വീടുവയ്ക്കാൻ പ്ലാനിട്ടെങ്കിലും ഉയർന്ന വില കാരണം അത് വേണ്ടെന്ന് വച്ചു. കുടുംബവീടിന്റെ വശത്തായി ആകെയുള്ള 3 സെന്റിലാണ് വിഷ്ണുവിന്റെ കണ്ണുടക്കിയത്. പക്ഷേ വെറും 7 മീറ്റർ മാത്രം റോഡ് ഫ്രണ്ടേജ് ഉള്ള വീതി കുറഞ്ഞ പ്ലോട്ടിൽ വീട് അസാധ്യമെന്ന് സൈറ്റ് സന്ദർശിച്ച പലരും വിധിയെഴുതി.

ഒടുവിൽ ബന്ധുവായ എൻജിനീയർ കൃഷ്ണപ്രസാദ്‌ ആ ദൗത്യം ഏറ്റെടുത്തു. നടി അനുസിതാരയുടെ ഭർത്താവ് വിഷ്ണുവിന്റെ സഹോദരനാണ് കൃഷ്ണപ്രസാദ്‌. അനു സിതാരയുടെ വയനാട്ടിലുള്ള വീട് രൂപകൽപന ചെയ്തതും കൃഷ്ണപ്രസാദാണ്. ഇവിടെ വീട്ടുകാരൻ വിഷ്ണു ഇവരുടെ കസിനും. അങ്ങനെ രക്തബന്ധത്തിന്റെ കെട്ടുറപ്പ് കൂടി ഈ വീടിന്റെ വിജയത്തിന് പിന്നിലുണ്ട്.

ചെറിയ സ്ഥലത്ത് പരമാവധി സ്ഥലം ഉപയുക്തമാക്കാൻ ഫ്ലാറ്റ്-ബോക്സ് ആകൃതിയിലാണ് വീടിന്റെ എലിവേഷൻ ഒരുക്കിയത്. സ്കാൻഡിനേവിയൻ തീമിലാണ് വീട്. അതായത് മിനിമലിസം അടിസ്ഥാനമാക്കി  ഒന്നും കുത്തിനിറയ്ക്കാതെ പരമാവധി വിശാലമായ ഇടങ്ങൾ ഉൾക്കൊള്ളിച്ചു. വൈറ്റ്, ഗ്രേ നിറങ്ങളാണ് കൂടുതലും വീട്ടിൽ ഹാജർവയ്ക്കുന്നത്.

ചെറിയ മുറ്റത്ത് രണ്ടുകാറുകൾ സുഖമായി പാർക്ക് ചെയ്യാം. നിയമത്തിലെ ആനുകൂല്യം മുതലാക്കി, തറവാടിനോട് ചേർന്ന ഭാഗത്ത് ഒട്ടും സ്ഥലം കളയാതെ വീട് ചേർത്തുപണിതു.

ലിവിങ്, ഡൈനിങ്, ഓപ്പൺ കിച്ചൻ, വർക്കേരിയ, ഒരു കിടപ്പുമുറി എന്നിവയാണ് താഴെയുള്ളത്. മുകളിൽ രണ്ടു കിടപ്പുമുറികൾ, അപ്പർ ലിവിങ്, ബാൽക്കണി എന്നിവയുമുണ്ട്. മൊത്തം 1700 ചതുരശ്രയടിയാണ് വിസ്തീർണം. ഭാവിയിൽ ആവശ്യമെങ്കിൽ മുകളിലേക്ക് സൗകര്യങ്ങൾ വിപുലപ്പെടുത്താൻ ഓപ്പൺ ടെറസുമുണ്ട്.

3-cent-kovalam-house-living

അടുത്തതായി പാൻട്രി കിച്ചനാണ്. ഐടി പ്രൊഫഷനൽസായ ദമ്പതികളുടെ ജീവിതരീതിക്ക് അനുയോജ്യമായ വിധത്തിൽ സിംപിളായാണ് പാൻട്രി ചിട്ടപ്പെടുത്തിയത്. അനുബന്ധമായി വർക്കേരിയയുമുണ്ട്.

3-cent-kovalam-house-pantry

പാൻട്രിയുടെ വശത്തായി സ്‌റ്റെയറിന്റെ താഴെ ഡൈനിങ് ക്രമീകരിച്ചു. വാഷ് ഏരിയയും ഇവിടെയുണ്ട്.

3-cent-kovalam-house-dine-jpeg

സ്‌റ്റെയർ കയറിയെത്തുമ്പോൾ അപ്പർ ലിവിങ്. ഇവിടെനിന്ന് ബാൽക്കണിയിലേക്ക് കടക്കാം. വൈകുന്നേരങ്ങളിൽ നല്ല കാറ്റേറ്റ് ഇവിടെയിരിക്കാം. ഇവിടെ ഇൻഡോർ പാം ചെടികൾ ഹരിതാഭ നിറയ്ക്കുന്നു. 

3-cent-kovalam-house-upper

വീടിനു പിൻഭാഗത്ത് വറ്റാത്ത കിണർ ഉണ്ടായിരുന്നു. ഇത് സംരക്ഷിച്ചു കൊണ്ട് വീട് പണിയുക എന്നതായിരുന്നു മറ്റൊരു വെല്ലുവിളി. ഇതിനും ബുദ്ധിപരമായ പരിഹാരം കണ്ടു. സാങ്കേതികപരമായി കിണറിനെ വീടിനുള്ളിലാക്കി, എന്നാൽ പുറത്താണുതാനും!  ഈ ഭാഗത്ത് താഴെ തറയും ചുവരുകളും ഒഴിവാക്കി ഇതിനു മുകളിലാണ് മുകൾനിലയിലെ കിടപ്പുമുറി വരുന്നത്.

സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം ഏകദേശം 42 ലക്ഷം രൂപയാണ് ചെലവായത്. വീടിനുള്ളിൽ നിറയുന്ന കാറ്റും വെളിച്ചവും പോസിറ്റീവ് ആംബിയൻസും ഒന്നുവേറെതന്നെയാണ്. ചുരുക്കത്തിൽ അസാധ്യമെന്ന് കരുതിയ സ്ഥലത്ത് സ്വപ്നഭവനം സഫലമായതിന്റെ സന്തോഷത്തിലാണ് വീട്ടുകാർ.

Project facts

Location- Kovalam, Trivandrum

Plot- 3 cent

Area- 1700 Sq.ft

Owners- Vishnu, Anice

Design- Krishnaprasad

Uli Design Studio

Mob- 9447486538

Y.C- 2021

English Summary : 3 cent House in Kovalam; Swapnaveedu Hometour

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com