മനംമയക്കുന്ന വീട്; ഇവിടെ തിരക്കുകൾക്ക് പ്രവേശനമില്ല!
Mail This Article
തിരുവനന്തപുരത്തെ ഐടി ഹബ്ബായ കഴക്കൂട്ടത്താണ് ഈ വീട്. നഗരത്തിരക്കുകൾക്ക് നടുവിൽ സ്ഥിതി ചെയ്യുമ്പോഴും അതിന്റെ ബഹളങ്ങളൊന്നും ഉളിലേക്ക് എത്തുന്നില്ല എന്നതാണ് ഹൈലൈറ്റ്. പ്രവാസികളായ വീട്ടുകാർക്ക് ഒരേസമയം ലളിതവും എന്നാൽ ആഡംബരവും തോന്നിക്കുന്ന അകത്തളങ്ങൾ ഉള്ള ഒരു വീട് എന്നതായിരുന്നു ആവശ്യം.
സമകാലിക ശൈലിയിലാണ് വീടിന്റെ രൂപകൽപന. പ്രൈവറ്റ്- സെമി പ്രൈവറ്റ്- പബ്ലിക് എന്നിങ്ങനെ സോണുകളായി തിരിച്ചാണ് അകത്തളങ്ങൾ ചിട്ടപ്പെടുത്തിയത്.
സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, പാറ്റിയോ, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴത്തെ നിലയിൽ. മുകൾനിലയിൽ രണ്ടു കിടപ്പുമുറികൾ, ലിവിങ്, ഹോം തിയറ്റർ, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവയുമുണ്ട്. മൊത്തം 5634 ചതുരശ്രയടിയാണ് വിസ്തീർണം.
23 സെന്റ് പ്ലോട്ടിൽ അത്യാവശ്യം മുറ്റം വേർതിരിച്ച്, പിന്നിലേക്കിറക്കിയാണ് വീടുപണിതത്. ഇതിനാൽ റോഡിൽനിന്ന് വീടിന്റെ പൂർണമായ ഭംഗി ആസ്വദിക്കാനാകും. മുറ്റം നാച്ചുറൽ സ്‌റ്റോണും ഗ്രാസും വിരിച്ച് അലങ്കരിച്ചു. വശത്തായി പുൽത്തകിടിയും ചെടികളും ഉദ്യാനവുമുണ്ട്.
ഫ്‌ളോട്ടിങ് ശൈലിയിലുള്ള പോർച്ചാണ് ആദ്യത്തെ കൗതുകം. ഇത് മെറ്റൽ ട്യൂബ് വഴി മുകൾഭിത്തിയിൽ സസ്‌പെൻഡ് ചെയ്ത് നിർത്തിയിരിക്കുകയാണ്.
ഡബിൾഹൈറ്റിലുള്ള വലിയ ഗ്ലാസ് ഭിത്തിയാണ് അടുത്ത കൗതുകം. ഇവിടെയാണ് ഗസ്റ്റ് ലിവിങ്. ഇവിടെയിരുന്നാൽ ലാൻഡ്സ്കേപ്പിന്റെ കാഴ്ചകളും നാച്ചുറൽ ലൈറ്റുമെല്ലാം സമൃദ്ധമായി ഉള്ളിലെത്തും. വുഡൻ ഫിനിഷ്ഡ് ടൈലുകളും ഷാൻലിയറുകളും കസ്റ്റമൈസ്ഡ് ഫർണീച്ചറുകളുമാണ് ഇവിടെ ഭംഗി നിറയ്ക്കുന്നത്. ഇറ്റാലിയൻ മാർബിളാണ് ബാക്കി പൊതുവിടങ്ങളിൽ വിരിച്ചത്.
ഫാമിലി- ലിവിങ്- സ്‌റ്റെയർ, വിശാലമായ ഓപ്പൺ ഹാളിന്റെ ഭാഗമാണ്. ഫാമിലി ലിവിങ്ങിൽ കുഷ്യൻ സോഫയും ടിവി യൂണിറ്റുമുണ്ട്. നിലത്ത് വുഡൻ ഫിനിഷ്ഡ് ടൈൽ തുടരുന്നു. ടിവി യൂണിറ്റ് കൊണ്ടാണ് ഫാമിലി ലിവിങ്- ഡൈനിങ് സെപ്പറേഷൻ തീർത്തത്. ഇവിടെനിന്ന് ഫോൾഡിങ് ഗ്ലാസ് ഡോർവഴി ഔട്‍സൈഡ് ഡെക്ക് സ്‌പേസിലേക്ക് കടക്കാം.
വിശാലമായ ഡൈനിങ് ഹാളിൽ എട്ടുപേർക്കിരുന്ന് ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശയുണ്ട്. വശത്തെ കർട്ടൻ മാറ്റിയാൽ ഗ്ലാസ് ജനാലയിലൂടെ പ്രകാശം ഉള്ളിലെത്തും. ഫാമിലി ലിവിങ്ങിൽനിന്നും ഡൈനിങ്ങിൽനിന്നും ഔട്‍സൈഡ് ഡെക്കിലേക്ക് സെപ്പറേറ്റ് വാതിലുകളുണ്ട്.
മെറ്റൽ ഫ്രയിമിൽ വുഡൻ പ്ലാങ്ക് വിരിച്ചാണ് സ്‌റ്റെയർ. വുഡ്+ ഗ്ലാസ് കോംബിനേഷനിലാണ് കൈവരികൾ. മുകൾനിലയിൽ വിശാലമായ ഒരു ഇടനാഴിയുണ്ട്. ഇവിടെനിന്ന് താഴെയുള്ള ഗസ്റ്റ് ലിവിങ്ങിലേക്ക് നോട്ടമെത്തും. ഇരുനിലകളെയും ഈ സ്‌പേസ് കണക്ട് ചെയ്യുന്നു.
സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകിയാണ് കിടപ്പുമുറികളുടെ സ്ഥാനം. വിശാലമാണ് നാലു കിടപ്പുമുറികളും. അറ്റാച്ഡ് ബാത്റൂം, ഡ്രസിങ് ഏരിയ, വാഡ്രോബ് എന്നിവ എല്ലാ ബെഡ്‌റൂമുകളിലും ഹാജർ വയ്ക്കുന്നുണ്ട്.
വിശാലമായ അകത്തളങ്ങൾക്കൊപ്പം പുറത്തേക്ക് തുറക്കുന്ന ഇടങ്ങൾ നൽകിയതും കാറ്റിനും വെളിച്ചത്തിനും പ്രാധാന്യം നൽകിയതുമാണ് ഈ വീടിന്റെ പ്രധാന ഡിസൈൻ മികവ്. ആഗ്രഹിച്ചത് പോലെയൊരു വീട് ലഭിച്ചതിൽ വീട്ടുകാരും ഹാപ്പി.
Project facts
Location- Kazhakootam, Trivandrum
Plot- 23 cent
Area- 5634 Sq.ft
Owner- Shiju Shahul, Simi Shiju
Architect- Anna Sunny
Mob- 9072077000
Y.C- 2021
Photos- Manu Jose Photography
English Summary- Modern Contemporay House; Veedu Magazine Malayalam