ചൂടിന് പ്രവേശനമില്ല; കുറഞ്ഞ ചെലവിൽ മനോഹരമായ വീട്
Mail This Article
തൃശൂർ മൂർക്കനാടാണ് മിനിയുടെയും കുടുംബത്തിന്റെയും പുതിയവീട്. 20 ലക്ഷം രൂപയിൽ നല്ല കാറ്റും വെളിച്ചവും നിറയുന്ന സൗകര്യങ്ങളുള്ള വീട് എന്നതായിരുന്നു വീട്ടുകാരുടെ ആവശ്യം. കോവിഡ് കാലത്താണ് നിർമാണം തുടങ്ങിയത്. പരിസ്ഥിതി സൗഹൃദ നിർമിതികളുടെ പ്രചാരകരായ കോസ്റ്റ്‌ഫോഡിലെ ഡിസൈനർ ശാന്തിലാലാണ് ഈ വീടിന്റെ ശിൽപി.
ഹരിതാഭമായ 11 സെന്റിൽ പരമാവധി സ്ഥലം ഒഴിച്ചിട്ടാണ് വീടുപണിതത്. പരമ്പരാഗത-മോഡേൺ ശൈലിയുടെ മിശ്രണമാണ് എലിവേഷൻ. വീടിന്റെ മുന്നിലും പിന്നിലും വില്ലഴി മാതൃകയിൽ ബാൽക്കണികളുണ്ട്. മെറ്റൽ ഫിനിഷിലാണ് ഇത് നിർമിച്ചത്.
പൂമുഖം, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറി എന്നിവയാണ് താഴത്തെ നിലയിലുള്ളത്. മുകൾനിലയിൽ ഒരു കിടപ്പുമുറി, മൾട്ടി യൂട്ടിലിറ്റി ഹാൾ എന്നിവയുമുണ്ട്. മൊത്തം 1620 ചതുരശ്രയടിയാണ് വിസ്തീർണം.
കണ്ണൂരിൽ നിന്നും വാങ്ങിയ നല്ല നിലവാരമുള്ള വെട്ടുകല്ല് കൊണ്ടാണ് ഭിത്തികെട്ടിയത്. കോൺക്രീറ്റിന്റെ ഉപയോഗം കഴിവതും നിയന്ത്രിച്ചു. മണ്ണും കുമ്മായവും കൂട്ടികുഴച്ചാണ് പുറംഭിത്തികൾ പടുത്തുയർത്തിയത്. ഓടുവച്ചുവാർക്കുന്ന ഫില്ലർ സ്ലാബ് ശൈലിയിലാണ് മേൽക്കൂര നിർമിച്ചത്. ഇതും ചൂട് കുറയ്ക്കാൻ ഉപകരിക്കുന്നു. എക്സ്പോസ്ഡ് വെട്ടുകല്ലിന്റെ സ്വാഭാവികത്തനിമ നിറയുംവിധമാണ് അകത്തളങ്ങൾ. ഉള്ളിലെ ഭിത്തികൾ മണ്ണ്, ശർക്കര, കടുക്ക എന്നിവയെല്ലാം കൂട്ടിക്കുഴച്ച് പ്ലാസ്റ്റർ ചെയ്തു. അതിനാൽ സിമന്റ് പ്ലാസ്റ്ററിങ്, പെയിന്റിങ് എന്നിവ ഒഴിവാക്കാനായി.
കാറ്റിനും സ്വാഭാവിക വെളിച്ചത്തിനും വഴികൾ തുറന്നിട്ടാണ് അകത്തളം ചിട്ടപ്പെടുത്തിയത്. തുറന്ന നയത്തിലാണ് അകത്തളങ്ങൾ. വാതിൽ തുറന്ന് പ്രവേശിക്കുന്നത് സ്വീകരണമുറിയിലേക്കാണ്. വാതിൽ തുറക്കുമ്പോൾ കാഴ്ച പതിയുംവിധം ഭിത്തിയിൽ നിഷുകൾ നിർമിച്ച് പൂജാസ്‌പേസും ചിട്ടപ്പെടുത്തി.
ഇവിടെ ഡബിൾഹൈറ്റ് സീലിങ്ങും പർഗോള സ്‌കൈലൈറ്റുമുണ്ട്. ഇരുനിലകളെയും കണക്ട് ചെയ്യുന്ന ഇടമായും ഇത് വർത്തിക്കുന്നു.
ഡൈനിങ് ഹാളിൽ ഒട്ടും സ്‌പേസ് കളയാതെ മെറ്റൽ സ്‌റ്റെയർകേസ് ചിട്ടപ്പെടുത്തി. സ്‌റ്റെയറിന്റെ ആദ്യ ലാൻഡിങ്ങിൽ ചെറിയൊരു സിറ്റിങ് സ്‌പേസും വിന്യസിച്ചു.
ലളിതസുന്ദരമാണ് കിടപ്പുമുറികൾ. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് സ്‌പേസ് ചിട്ടപ്പെടുത്തി.
20 ലക്ഷം ബജറ്റ് നിശ്ചയിച്ചെങ്കിലും ലോക്ഡൗണിന് ശേഷം നിർമാണസാമഗ്രികൾക്ക് വലിയ വിലക്കയറ്റമുണ്ടായി. അങ്ങനെ ബജറ്റ് അൽപം അധികരിച്ചു. സ്ട്രക്ചറും ഫർണിഷിങ്ങും സഹിതം 25 ലക്ഷം രൂപയാണ് വീടിന് ചെലവായത്.
നട്ടുച്ചയ്ക്ക് പോലും വീടിനുള്ളിൽ ഫാൻ ഇടേണ്ട കാര്യമില്ലെന്ന് വീട്ടുകാർ സാക്ഷിക്കുന്നു. അതുപോലെ പകൽ ലൈറ്റും ആവശ്യമില്ല. ഇതുവഴി വൈദ്യുതി ഉപഭോഗവും കുറയ്ക്കാനാകുന്നു. ചുരുക്കത്തിൽ വീട്ടുകാർ ഡബിൾഹാപ്പി.
Project facts
Location- Moornakanad, Thrissur
Plot- 11 cent
Area- 1620 Sq.ft
Owner- Mini
Designer- Santilal
Costford, Thriprayar, Thrissur
Mob- 9747538500
Budget- 25 Lakhs
Y.C- 2022
English Summary- Low Cost Eco Friendly House; Veedu Magazine Malayalam