അന്ന് ഷെഡ്, ഇന്ന് 7 ലക്ഷത്തിന്റെ ഇരുനിലവീട്! ഇതാണ് നന്മ; വിഡിയോ
Mail This Article
കായംകുളം എരുവയിലുള്ള ശിവന്റെയും കുടുംബത്തിന്റെയും 'സ്വപ്നം' എന്ന വീട് ഒരു നന്മയുടെ പ്രതീകമാണ്.
കൂലിപ്പണിക്കാരായ ശിവനും ഭാര്യയും കോളജ് വിദ്യാർഥിനിയായ മകളും തകർന്നു വീഴാറായ ഒരു ഷെഡിലായിരുന്നു ദീർഘകാലം ദുരിതജീവിതം നയിച്ചിരുന്നത്. ഇത് മനസ്സിലാക്കിയ അയൽക്കാരൻ അവർക്ക് വീട് വച്ചുനൽകാൻ മക്കളോട് നിർദേശിച്ചു. വീട് പൂർത്തിയായപ്പോഴേക്കും അയൽക്കാരൻ മരിച്ചു. അദ്ദേഹത്തിന്റെ ഓർമയുടെ സ്മാരകമായാണ് ഈ വീട് ഇപ്പോൾ നിലകൊള്ളുന്നത്.
ആർക്കിടെക്ട് നന്ദു കൃഷ്ണനാണ് കുറഞ്ഞ ചെലവിൽ സഫലമാക്കിയ വീടിന്റെ ശിൽപി. വെറും ഏഴ് ലക്ഷം രൂപയ്ക്കാണ് രണ്ടു കിടപ്പുമുറികൾ, ലിവിങ്, ഡൈനിങ്, കിച്ചൻ എല്ലാമടങ്ങിയ 580 ചതുരശ്രയടി ഇരുനില വീട് സഫലമായത്. മേൽക്കൂര ജിഐ ട്രസ് ചെയ്ത് പഴയ ഓട് റീപോളിഷ് ചെയ്ത് വിരിച്ചതാണ്.
വെള്ളം കയറുന്ന വസ്തുവിൽ അടിത്തറ ഉയർത്തിയാണ് പുതിയ വീടുപണി തുടങ്ങിയത്. കോൺക്രീറ്റ് ഇന്റർലോക് ബ്രിക്ക് കൊണ്ടാണ് താഴത്തെ നില കെട്ടിയത്. ഇത് പ്ലാസ്റ്ററിങ് ചെയ്യാതെ പുട്ടി വർക്ക് ചെയ്തു. ഒന്നാം നിലയിലെ മുറിയുടെ ചുവരുകൾ സ്റ്റീൽ സ്ട്രക്ചറിൽ ഫൈബർ സിമന്റ് ബോർഡ് വിരിച്ചാണ് നിർമിച്ചത്. ഇത് ചെലവ് പിടിച്ചുനിർത്തുന്നതിൽ നിർണായകമായി.
വാതിൽ തുറന്ന് പ്രവേശിക്കുന്നത് ഓപ്പൺ ഹാളിലേക്കാണ്. ലിവിങ്- ഡൈനിങ്- കിച്ചൻ എന്നിവയെല്ലാം ഈ സിംഗിൾ ഹാളിന്റെ ഭാഗമായി വിന്യസിച്ചു.
വീട്ടിലെ മിനി ഡൈനിങ് കൗതുകകരമാണ്. മൂന്ന് ചെറിയ തടി പലകകളാണ് ഇവിടെ ഡൈനിങ്. ഇത് ഭിത്തിയിലേക്ക് മൗണ്ട് ചെയ്തു വയ്ക്കാൻ സാധിക്കും. അങ്ങനെ സ്ഥലം ലാഭിക്കാം. ഇതിന്റെ പിന്നിൽ വാഷിങ് ഏരിയയുമുണ്ട്.
വാസ്തുപ്രകാരം കിഴക്ക് ദർശനമായാണ് ഒതുങ്ങിയ ഓപ്പൺ കിച്ചൻ. വലിയ പാത്രങ്ങൾ, മറ്റ് സാധനങ്ങൾ സൂക്ഷിക്കാൻ ഒരു തട്ടും മുകളിലുണ്ട്. സിറ്റൗട്ടിന്റെ മുകളിലെ വാർത്ത സ്ഥലമാണിത്.
പഴയ ഷെഡിന്റെ അവശേഷിപ്പായി ഒരു മുറി വശത്ത് നിലനിർത്തി. ഇത് വർക്കേരിയയായി ഉപയോഗിക്കുന്നു.
താഴെ ഒരു കിടപ്പുമുറി. ഇതിനോട് ചേർന്ന് ബാത്റൂം. താഴത്തെ കിടപ്പുമുറിയുടെ സീലിങ് പലകയടിച്ചു വ്യത്യസ്തമാക്കിയിട്ടുണ്ട്. ഇതിന്റെ നേരെ മുകളിലാണ് രണ്ടാമത്തെ കിടപ്പുമുറി.ജിഐ ഫിനിഷിൽ ഒരുക്കിയ സ്‌റ്റെയർ കയറി മുകളിലെ മകളുടെ മുറിയിലെത്താം.
തങ്ങൾക്ക് സ്വപ്നം പോലും കാണാൻ സാധിക്കാത്ത വീടാണ് ലഭിച്ചതെന്ന് പറയുമ്പോൾ ശിവന്റെ കണ്ണുകളിൽ സന്തോഷാശ്രുക്കൾ നിറയുന്നു. അയൽസ്നേഹവും മനഃസാക്ഷിയുമൊന്നും വറ്റിപോയിട്ടില്ലെന്ന് ഈ വീട് തെളിയിക്കുന്നു. ചെറിയ നന്മകൾ മറ്റുള്ളവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കും എന്ന് ഈ വീട് തെളിയിക്കുന്നു. ശരിക്കും അനുകരിക്കാവുന്ന ഒരു നന്മ മാതൃക...
Project facts
Location- Eruva, Kayamkulam
Area- 580 Sq.ft
Owner- Sivan
Architect- Nandu Krishnan
Mob- 9400 19 1294
English Summary- Low Cost House Plans in Kerala- veedu Magazine in Malayalam