അമ്പരപ്പിക്കുന്ന ആഡംബരം; ഹിറ്റായി ഈ പ്രവാസിവീട്
Mail This Article
മലപ്പുറം ജില്ലയിലെ കക്കാടുംപുറം എന്ന സ്ഥലത്താണ് പ്രവാസിയായ സമദിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. 14 സെന്റ് സ്ഥലം വാങ്ങിയാണ് വീടുപണിതത്. കന്റെംപ്രറി, അറബിക്, കൊളോണിയൽ ശൈലികളുടെ ആരാധകനായ സമദിന് ഇത്തരം ശൈലികൾ കൂടിച്ചേരുന്ന വീടായിരുന്നു വേണ്ടത്. അപ്രകാരം എലിവേഷൻ കന്റെംപ്രറിയായും ഇന്റീരിയർ അറബിക്, കൊളോണിയൽ ഫ്യൂഷനായും ഒരുക്കി.
പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഗസ്റ്റ് ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, നാലു കിടപ്പുമുറികൾ, അപ്പർ ലിവിങ്, മൾട്ടി യൂട്ടിലിറ്റി സ്‌പേസ്, ബാൽക്കണി എന്നിവയാണ് 4000 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.
അറേബ്യൻ പാലസുകളെ അനുസ്മരിപ്പിക്കുംവിധം വർണാഭവും കമനീയവുമായിട്ടാണ് അകത്തളം ഒരുക്കിയത്. പൂർണമായും ഇന്റീരിയർ തീംപ്രകാരം കസ്റ്റമൈസ് ചെയ്തവയാണ് ഫർണിച്ചറുകൾ. റെഡിമെയ്ഡ് ഒന്നുപോലുമില്ല.
അകത്തളങ്ങളിൽ ഗോൾഡൻ കളർ ഹൈലൈറ്റ് ആകണമെന്നതും വീട്ടുകാരന്റെ ആഗ്രഹമായിരുന്നു. ഗോൾഡൻ എലമെന്റുകൾ വാതിൽപിടികളിലും സീലിങ്ങിലും ക്യൂരിയോസിലുമൊക്കെ ഹാജർവയ്ക്കുന്നു. ഓരോ ഇടങ്ങളെയും ഹൈലൈറ്റ് ചെയ്യാൻ ചുവരിൽ ടെക്സ്ചർ നിറങ്ങളുമുണ്ട്. ഇറ്റാലിയൻ മാർബിളിന്റെ പ്രൗഡിക്കൊപ്പം വുഡൻ ഫ്ളോറിങ്ങും അകത്തളം കമനീയമാക്കുന്നു.
തേക്കിന്റെ പ്രൗഢിയാണ് മറ്റൊരു ഘടകം. ഫർണിച്ചർ, പാനലിങ് എന്നിവയിലെല്ലാം തേക്കിന്റെ സാന്നിധ്യമുണ്ട്. മെറ്റൽ ഫ്രയിമിലാണ് സ്റ്റെയർ. ഇതിൽ ടീക് പാനലിങ് ചെയ്തു.
ഒരു റിസോർട്ട് ആംബിയൻസ് നിറയുംവിധമാണ് കിടപ്പുമുറികൾ ഒരുക്കിയത്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ്, ഡ്രസിങ് സ്‌പേസ്, സിറ്റിങ് സ്‌പേസ് എന്നിവയെല്ലാം കിടപ്പുമുറികളിലുണ്ട്.
മൾട്ടിവുഡ്+ പിയു പെയിന്റ് ഫിനിഷിലാണ് കിച്ചൻ കബോർഡുകൾ ഒരുക്കിയത്. കൗണ്ടറിൽ കൊറിയൻ സ്‌റ്റോൺ വിരിച്ചു.
ലാറ്ററൈറ്റ് ഫിനിഷിലാണ് ചുറ്റുമതിൽ. ഗെയ്റ്റ് ഓട്ടമേറ്റ് ചെയ്തു. ലാൻഡ്സ്കേപ്പും ഗാർഡനുമെല്ലാം വീടിന്റെ പുറംകാഴ്ചയ്ക്ക് പിന്തുണ നൽകുന്നു. മുറ്റത്ത് ബാംഗ്ലൂർ, കോബിൾ സ്‌റ്റോണുകൾ വിരിച്ചു.
നാട്ടിലുള്ള കുടുംബവും ഇടയ്ക്ക് ഉടമ ജോലിചെയ്യുന്ന സൗദിയിലേക്ക് പോകാറുണ്ട്. അതിനാൽ ഓട്ടമേഷൻ ടെക്‌നോളജിയിൽ അധിഷ്ഠിതമായാണ് ഇന്റീരിയർ ഒരുക്കിയത്. വിദേശത്തിരുന്ന് വീട് നിരീക്ഷിക്കാം, ലൈറ്റുകൾ അടക്കമുള്ള ഇലക്ട്രിക്കൽ സിസ്റ്റം നിയന്ത്രിക്കാം. ചുരുക്കത്തിൽ ആഡംബരത്തികവ് കൊണ്ട് ഈ പ്രദേശത്തെ ലാൻഡ്മാർക്കായി മാറിയിരിക്കുകയാണ് ഈ വീട്. ആഗ്രഹങ്ങൾ എല്ലാം നെയ്തെടുത്ത സ്വപ്നഭവനം സഫലമായതിന്റെ സന്തോഷത്തിലാണ് വീട്ടുകാർ.
Project facts
Location- Kakkadampuram, Malappuram
Plot- 14 cent
Area- 4000 Sq.ft
Owner- Samad
Architect- Samith Purakandy
Inclusive Design
Mob- 9846812424
Interior Furnishing- Cypress Interiors
Mob- 9809078080
Y.C- 2022
ചിത്രങ്ങൾ- അഖിൽ കോമാച്ചി
English Summary- Ultra Luxury House with Elegant Interiors; Home Tour Malayalam