ADVERTISEMENT

എറണാകുളം ജില്ലയിൽ വൈപ്പിനടുത്ത് എടവനക്കാടാണ് എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനുമായ സുദേഷിന്റെയും കുടുംബത്തിന്റെയും പുതിയവീട്. ദീർഘകാലം ഫ്ലാറ്റ് പോലെയുള്ള വീട്ടിൽ ശ്വാസം മുട്ടിജീവിച്ചതിനാൽ റിട്ടയർമെന്റ് ജീവിതം വീർപ്പുമുട്ടാത്ത സ്വാസ്ഥ്യം പ്രദാനംചെയ്യുന്ന ഒരിടത്താകണം എന്ന ചിന്തയാണ് ഈ വീടിന്റെ പിറവിക്ക് പിന്നിൽ. കാഴ്ചയിൽ സൗന്ദര്യമുള്ള എന്നാൽ അതിനേക്കാൾ പരിസ്ഥിതിസൗഹൃദവും ഉപയുക്തവുമായ ഒരു വീട് എന്നതായിരുന്നു വീട്ടുകാരുടെ ആവശ്യം. പ്രകൃതി സൗഹൃദ നിർമ്മിതികളുടെ പ്രചാരകരായ കോസ്റ്റ്‌ഫോർഡിലെ എൻജിനീയർ ശാന്തിലാലാണ് വീട് ഡിസൈൻ ചെയ്തത്.

vypin-home-gate

നാലു ലെവലുകളായിട്ടാണ് വീട് ചിട്ടപ്പെടുത്തിയത്.സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, ഒരു കിടപ്പുമുറി എന്നിവയാണ് താഴത്തെ നിലയിൽ. മുകൾനിലയിൽ രണ്ടു കിടപ്പുമുറി, മൾട്ടി യൂട്ടിലിറ്റി സ്‌പേസ് എന്നിവയുമുണ്ട്. മൊത്തം 2000 ചതുരശ്രയടിയാണ് വിസ്തീർണം.

vypin-home-exterior

ലിവിങ്- ഡൈനിങ്- കിച്ചൻ തുറന്ന നയത്തിലാണ് വിന്യസിച്ചത്. അതിനാൽ അകത്തേക്ക് കയറുമ്പോൾ വിശാലമായ ഒരിടത്തെത്തിയ പ്രതീതി ലഭിക്കുന്നു. ഡബിൾ ഹൈറ്റ് മേൽക്കൂരയുടെ ആനുകൂല്യം മുതലെടുത്ത് ലിവിങ്ങിൽ നിന്ന് ഏഴടി ഉയരത്തിൽ മെസനൈൻ നില വിന്യസിച്ചു. ഇതൊരു മൾട്ടിയൂട്ടിലിറ്റി ഇടമായി ഒരുക്കി. ഓഫിസ്- ലൈബ്രറി സ്‌പേസുകൾ ഇവിടെയാണ്.

vypin-home-interior

വൈപ്പിൻകര ജലനിരപ്പ് ഉയർന്ന സ്ഥലമായതുകൊണ്ട് കരിങ്കല്ലിലാണ് ഫൗണ്ടേഷൻ നിർമിച്ചത്. പ്രളയകാലത്ത് വെള്ളം കയറാൻ സാധ്യതയുള്ള ഇടമായതിനാൽ തറയുടെ ഉയരം കൂട്ടിയാണ് പണിതത്. ഇതിനു മേലെ ഈർപ്പം വരാത്ത രീതിയിൽ കോൺക്രീറ്റ് ബെൽറ്റ് ചെയ്തശേഷം മുകളിൽ ചുവർ കെട്ടിയത്.

vypin-home-photowall

പൊറോതേം കട്ടകൊണ്ടാണ് ഈ വീടിന്റെ ചുവർ നിർമിച്ചത്. പൊറോതേം കട്ടയുടെ അകത്ത് നിറയെ ഹോളുകൾ ഉള്ളതുകൊണ്ട് അകത്തേക്ക് ചൂട് പ്രസരിക്കുന്നത് തടയുന്നു. അതിനാൽ ചുവരുകളുടെ ഇരുപുറവും സിമന്റ് പ്ലാസ്റ്ററിങ് ഒഴിവാകുകയും ചെയ്യുന്നു. മണ്ണിൽ ചുട്ടെടുക്കുന്നത് കൊണ്ട് പൊറോതേം കട്ടകൾക്ക് ഭംഗിക്കൊപ്പം ദൃഢതയും കൂടുതലാണ്.

vypin-home-dine

ഓടുവച്ചു മേൽക്കൂര വാർക്കുന്ന ഫില്ലർ സ്ലാബ് ശൈലിയിലാണ് നിരപ്പായ മേൽക്കൂര നിർമിച്ചത്. ബാക്കിയിടങ്ങളിൽ ജിഐ ട്രസ് ചെയ്ത് ഓടുവിരിച്ച് താഴെ ബാംബൂ സീലിങ്ങും ചെയ്തിട്ടുണ്ട്. അയ്യായിരത്തോളം പഴയ ഓടുകളാണ് വീടിന്റെ മേൽക്കൂരയിൽ ഹാജർ വയ്ക്കുന്നത്.

vypin-home-bed

വീട്ടിലെ ജനൽ-വാതിലുകൾ പഴയ മരങ്ങൾ പുനരുപയോഗിച്ചവയാണ്. അടുക്കള ഒഴികെ മറ്റൊരിടത്തും കോൺക്രീറ്റ് ഉപയോഗിച്ചിട്ടില്ല. അതിനാൽ നട്ടുച്ചയ്ക്ക്പോലും ഫാൻ ഇടേണ്ട കാര്യമില്ല.

vypin-home-kitchen

വീടിനുള്ളിലെ ഏറ്റവും വലിയ ഭംഗി വിരിയുന്നത് നിലത്താണ്. ഡിസൈനുകൾ വരച്ചുനൽകി നിർമ്മിച്ചെടുത്ത ആത്തൻകുടി ടൈലുകളാണ് ഇതിന്റെ രഹസ്യം.

vypin-home-side

മാലിന്യനിർമാർജനത്തിനും മഴവെള്ള സംഭരണത്തിനും ബദൽ രീതികൾ അനുവർത്തിച്ചു. കക്കൂസ് മാലിന്യം വിഘടിപ്പിച്ചു പോകുന്ന, ഔട്‍ലെറ്റിൽ നിന്നുള്ള ജലം ചെടികളും മറ്റും നനയ്ക്കാൻ ഉപയോഗിക്കാവുന്ന ബയോഡൈജസ്റ്റർ സെപ്റ്റിക് ടാങ്കാണ് ഇവിടെ ഉപയോഗിച്ചത്. പുരപ്പുറത്ത് വീഴുന്ന മഴവെള്ളം കിണർ റീചാർജിങ്ങിന് ഉപയോഗിക്കുന്നു. വീട്ടിലെ ഒരുവിധം ഊർജ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താൻ പുരപ്പുറത്തുള്ള സോളർ പ്ലാന്റിനാകും.

vypin-home-elevation

സ്ട്രക്ചർ, ഫർണിഷിങ്, ചുറ്റുമതിൽ, ബയോ വേസ്റ്റ് സംവിധാനം എല്ലാമടക്കം 50 ലക്ഷം രൂപയാണ് വീടിന് ചെലവായത്. നാട്ടിൽ നിർമിക്കുന്ന പല വീടുകളിലും പ്രകൃതി സൗഹാർദം വാക്കുകളിൽ മാത്രം ഒതുങ്ങിപ്പോകാറുണ്ട്. എന്നാൽ ഇവിടെ അനുകരിക്കാവുന്ന നിരവധി മാതൃകകൾ പ്രാവർത്തികമാക്കിയിരിക്കുന്നു.

Project facts

Location- Edavanakkad, Vypin

Area- 2000 Sq.ft

Owner- Sudesh

Designer- Shantilal

Costford Triprayar Center, Thrissur

Mob- 9747538500

Y.C- 2022

English Summary- Best Eco friendly house with Cool Interiors- Veedu Magazine Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com