മഴയും പ്രളയവും പേടിയില്ല; ഇത് പുഴയോരത്തെ വീട്
Mail This Article
മഴയും പ്രളയവും ദുരിതവുമെല്ലാം വീണ്ടും വാർത്തയാകുന്ന കാലമാണല്ലോ...പ്രളയത്തെ അതിജീവിക്കുന്ന വീടുകളുടെ പ്രസക്തി വർധിക്കുകയാണ്. അത്തരത്തിൽ കണ്ണൂരിലെ കുപ്പം പുഴയുടെ തീരത്ത് ഒരുക്കിയ വീടിന്റെ വിശേഷങ്ങൾ...
1940 കളിൽ പാലായിൽനിന്ന് കണ്ണൂരിലേക്ക് കുടിയേറിയതാണ് ബാബുവിന്റെ മാതാപിതാക്കൾ. സഹോദരങ്ങൾക്കൊപ്പം ബിൽഡിങ് കോൺട്രാക്ടറും സൂപ്പർവൈസറുമായി ബാബു ഔദ്യോഗികജീവിതം പിന്നിട്ടു. മക്കളുടെ വിദ്യാഭ്യാസവും വിവാഹവും കഴിഞ്ഞതോടെ വീടും സ്ഥലവും വിറ്റ് റിട്ടയർമെന്റ് ഹോം എന്ന സ്വപ്നത്തിലേക്ക് ബാബു കടന്നു.
2018 ലെ മഹാപ്രളത്തിനുശേഷം പുഴയുടെ വിദൂരപരിസരത്തുപോലും ആളുകൾ വീടുവയ്ക്കാൻ മടിക്കുന്ന സമയത്താണ് കുപ്പം പുഴയുടെ തീരത്ത് ബാബു തന്റെ സ്വപ്നം പണിതുയർത്തിയത്.
മഴക്കാലത്ത് പുഴ കരകവിഞ്ഞു പ്ലോട്ടിൽ വെള്ളമെത്താറുണ്ട്. ഈ വെള്ളം വീടിന് ബുദ്ധിമുട്ടുണ്ടാകാതെ ഒഴുകിപോകാനുള്ള വഴിയിട്ടാണ് വീടുപണിതത്. അടിത്തറ ഒരുക്കാനായി നല്ല അധ്വാനം വേണ്ടിവന്നു. 13 അടി താഴ്ചയിൽ പൈലിങ് ചെയ്ത പ്ലിന്ത് ബീമിലാണ് ഫൗണ്ടേഷൻ. ശേഷം ഒമ്പതടി പൊക്കത്തിൽ 15 പില്ലറുകൾ നൽകി. ഇതിലാണ് വീടിരിക്കുന്നത്.
സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, അറ്റാച്ഡ് ബാത്റൂമോടുകൂടിയ മൂന്ന് കിടപ്പുമുറികൾ എന്നിവയാണ് 1900 ചതുരശ്രയടി വീട്ടിലുള്ളത്.
വീടുപണിത ശേഷമുള്ള മഴക്കാലത്ത് പുഴ കരകവിഞ്ഞു പ്ലോട്ടിൽ കയറിയ വെള്ളം വീട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ വീടിനടിയിലൂടെ ഒഴുകിപോയതോടെ പരീക്ഷണം വിജയിച്ചുവെന്ന് ഇവർക്ക് മനസ്സിലായി.
മൂന്നു കിടപ്പുമുറികളും പുഴയിലേക്ക് നോട്ടമെത്തുംവിധമാണ് ക്രമീകരിച്ചത്. ഡൈനിങ്-കിച്ചൻ സീലിങ് ഹൈറ്റ് കൂട്ടിനിർമിച്ചതുകൊണ്ട് ഒരു മെസനൈൻ ഫ്ലോർ കൂടി ഇവിടെ ലഭിച്ചു. ഇത് മൾട്ടി യൂട്ടിലിറ്റി സ്‌പേസായി ഉപയോഗിക്കാം. ഇവിടെനിന്നാണ് പുഴയുടെ മനോഹരകാഴ്ച ആസ്വദിക്കാവുന്ന ബാൽക്കണിയിലേക്ക് കടക്കുന്നത്.
മിനിമൽ കിച്ചനാണ് ഇവിടെ ഒരുക്കിയത്. ഫെറോസിമൻ്റ് സ്ളാബ് തട്ടുകൾ നിർമിച്ച് എസിപി ഷീറ്റ് കൊണ്ടാണ് ക്യാബിനറ്റ്.
30 ലക്ഷം രൂപയാണ് വീടിന് ചെലവായത്. തടി ഉപയോഗിക്കാത്തത് ചെലവ് ചുരുക്കാൻ സഹായിച്ചു. സ്റ്റീൽ, യുപിവിസി, ഗ്ലാസ് എന്നിവയാണ് ബദലായി ഉപയോഗിച്ചത്. ഇത്തരമൊരു പ്ലോട്ടിൽ ഫൗണ്ടേഷനും പുറംഭിത്തി പോളിഷ് ചെയ്യുന്നതിനുമാണ് കൂടുതൽ തുക ചെലവായത്.
Project facts
Location- Karthikapuram, Kannur
Area- 1900 Sq.ft
Owner & Designer- Babu Vattakkunnel
Y.C- 2019 Dec
English Summary- Flood Resistant House Model- Veedu Magazine Malayalam