വ്യത്യസ്ത രൂപം; പക്ഷേ പുറത്തല്ല, അകത്താണ് വീട്!
Mail This Article
പാലക്കാട് കുളപ്പുള്ളിയിലാണ് ശേഖറിന്റെയും കുടുംബത്തിന്റെയും പുതിയ വീട്. ചുറ്റുപാടും വീടുകളുള്ള 10 സെന്റ് പ്ലോട്ടായിരുന്നു ഉണ്ടായിരുന്നത്. അതും വീതി കുറഞ്ഞു നീളത്തിലുളള പ്ലോട്ട്. അവിടെ വീട് വച്ചാൽ മറ്റുവീടുകൾക്കിടയിൽ ഞെരുങ്ങിപ്പോകുമോ എന്ന പേടി വീട്ടുകാർക്കുണ്ടായിരുന്നു. അത് മറികടക്കുന്ന ഡിസൈനാണ് പ്രവർത്തികമാക്കിയത്.
കന്റെംപ്രറി ശൈലിയിൽ ചരിഞ്ഞ റൂഫുകൾ കൂടി മിക്സ് ചെയ്തു. ക്യാന്റിലിവർ ബാൽക്കണി എലിവേഷന്റെ ഭാഗമായി മാറുന്നുണ്ട്.
പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, ഒരു കിടപ്പുമുറി എന്നിവ താഴെയുണ്ട്. മുകളിൽ ലിവിങ്, രണ്ടു കിടപ്പുമുറികൾ, ബാൽക്കണി എന്നിവ വരുന്നു. മൊത്തം 2452 ചതുരശ്രയടിയാണ് വിസ്തീർണം.
റസ്റ്റിക് ഫിനിഷിലാണ് സിറ്റൗട്ട്. പ്രധാനവാതിലിന് വശത്തായി യുപിവിസി ജാലകങ്ങളുണ്ട്. ഇതിന്റെ വശത്ത് സിമന്റ് ടെക്സ്ചർ ചെയ്ത ഭിത്തിയും അതിൽ ലൈറ്റ് കയറാനുള്ള ദ്വാരങ്ങളുമുണ്ട്.
ചുറ്റും വീടുകൾ മറയ്ക്കുന്ന വീട്ടിലേക്ക് വശത്തുനിന്ന് വെളിച്ചം അധികമെത്തില്ല. ഇത് പരിഹരിക്കാൻ മേൽക്കൂരയിൽ ചെറിയ ഹോളുകൾ നൽകി ഗ്ലാസിട്ടു. ഇതുവഴി പ്രകാശം നേരിട്ട് വീടിനുള്ളിലേക്കെത്തുന്നു.
ലിവിങ്ങിലെ കോർട്യാർഡാണ് ഹൈലൈറ്റ്. ഗ്ലാസ് സീലിങ്ങിലൂടെ പ്രകാശം ഉള്ളിലെത്തുന്നു. ഇവിടെ ഇൻഡോർ ചെടികൾ ഹരിതാഭ നിറയ്ക്കുന്നു.
ലിവിങ്, ഡൈനിങ് വേർതിരിക്കുന്നത് തടിയുടെ സ്ലൈഡിങ് വാതിലാണ്. ഡൈനിങ്ങിലും അനുബന്ധമായി കോർട്യാർഡുണ്ട്. ഇവിടെയും സ്‌കൈലൈറ്റ്, ഇൻഡോർ പ്ലാന്റ്സ് എന്നിവ ഹാജരുണ്ട്.
മെറ്റൽ ഫ്രയിമിലാണ് സ്‌റ്റെയർ. കൈവരികൾ മെഷ് വിരിച്ചു. പടികളിൽ തേക്കിന്റെ പ്ലാങ്ക് വിരിച്ചു.
ക്യാന്റിലിവർ ശൈലിയിലാണ് അപ്പർ ലിവിങ്. ഇവിടെനിന്ന് താഴത്തെ കോർട്യാർഡിലേക്ക് നോട്ടമെത്തും.
മൂന്നു കിടപ്പുമുറികളുടെയും ചുവരുകൾ സിമന്റ് ടെക്സ്ചർ ചെയ്തു. ഹെഡ്‌ബോർഡിൽ പിവിസി പാനലിങ് ചെയ്തത് വ്യത്യസ്തതയാണ്.
ചുരുക്കത്തിൽ കാറ്റും വെളിച്ചവും സമൃദ്ധമായി വീടിനുള്ളിൽ നിറയുന്നു. പുറംകാഴ്ചയ്ക്ക് വലിയ പ്രാധാന്യം നൽകാതെ പ്രസന്നമായ അകത്തളങ്ങളുള്ള വീട് ഒരുക്കാൻ സാധിച്ചതിൽ വീട്ടുകാരും ഹാപ്പി.
Project facts
Location- Kulappully, Palakkad
Area- 2452 Sq.ft
Owner- Shekhar & Shiji
Design- Muaz Rahman
English Summary- Unique Elevation House- Veedu Magazine Malayalam