വെള്ളക്കൊട്ടാരം; ഇതാണ് അദ്ഭുതക്കാഴ്ചകൾ നിറച്ച ആ വൈറൽ വീട്! വിഡിയോ
Mail This Article
കോട്ടയം ജില്ലയിലെ പള്ളത്താണ് മർച്ചന്റ് നേവി ക്യാപ്റ്റനായ കുര്യൻ ജോസഫിന്റെയും കുടുംബത്തിന്റെയും വ്യത്യസ്തമായ വീട്. തന്റെ സ്വപ്നങ്ങൾക്കനുസൃതമായി ഉടമ സ്വയം ഡിസൈൻ ചെയ്ത വീടാണിത്. രാജേഷ് എന്ന ബിൽഡറാണ് കുര്യന്റെ സ്വപ്നങ്ങൾക്കനുസരിച്ച് വീട് നിർമിച്ചുനൽകിയത്.
28 സെന്റിൽ 5000 സ്ക്വയർഫീറ്റിലാണ് വീട് സ്ഥിതി ചെയ്യുന്നത്. മുൻവശത്തുള്ള റോഡിൽനിന്ന് വീടിന്റെ ഭംഗി ആസ്വദിക്കുന്നതിനുവേണ്ടി പരമാവധി മുറ്റം വേർതിരിച്ചാണ് വീട് പണിതിരിക്കുന്നത്. കിണർ നിർമാണത്തിനുപയോഗിക്കുന്ന സിമന്റ് റിങ്‌സിൽ വൈറ്റ് പെയിന്റടിച്ച് നിർമിച്ചിരിക്കുന്ന ചുറ്റുമതിലും പേവിങ് ടൈൽസ് വിരിച്ച ലാൻഡ് സ്കേപും മനോഹരമാക്കുന്ന ഈ വീടിനെ 'വൈറ്റ് ഗ്ലാസ് പാലസ്' എന്ന് ഒറ്റവാക്കിൽ വിശേഷിപ്പിക്കാം.
തൂവെള്ള നിറവും ഗ്ലാസുമാണ് വീടിന്റെ എലിവേഷനിലെ പ്രധാന ഘടകങ്ങൾ. ആരെയും ആകർഷിക്കുന്ന അൾട്രാ മോഡേൺ കന്റെംപ്രറി ശൈലിയിൽ, പലവിധ ജ്യാമിതീയ രൂപങ്ങളുടെ സങ്കലനമാണ് വീടിന്റെ എലിവേഷൻ.
വീടിന്റെ വിഷ്വൽ ഭംഗിക്ക് ഭംഗം വരാതെ വശത്തായി ടെൻസൈൽ റൂഫിങ്ങോടുകൂടി മൂന്നു വാഹനങ്ങൾ പാർക്കു ചെയ്യാൻ സൗകര്യമുള്ള കാർപോർച്ച് ഒരുക്കി.
സ്ലൈഡിങ് ഗ്ലാസ് ഡോർ തുറന്ന് സിറ്റൗട്ടിലേക്ക് കടക്കാം. സ്കൈ ലൈറ്റ് കിട്ടുന്ന രീതിയിലുള്ള റൂഫിങ്ങാണ് ഇവിടുത്തെ പ്രത്യേകത.
വാതിൽ തുറന്നു പ്രവേശിക്കുന്നത് വിശാലമായ ഡബിൾ ഹൈറ്റ് ഹാളിലേക്കാണ്. വെള്ള നിറമുള്ള ചുവരുകളും ഗ്ലാസുമാണ് ഉള്ളിൽ നിറയുന്നത്. പകല്‍ ലൈറ്റിടേണ്ട ആവശ്യമേ വരുന്നില്ല. നന്നായി ക്രോസ് വെന്റിലേഷനും ലഭിക്കുന്നു. വൈറ്റ് തീമിലാണെങ്കിലും മെയിന്റനൻസിന് വലിയ ബുദ്ധിമുട്ടുകളില്ലെന്ന് വീട്ടുകാർ പറയുന്നു.
ഉത്തർപ്രദേശിലെ ഫർണിച്ചർ ഗ്രാമത്തിൽനിന്നുവാങ്ങിയ ഫർണിച്ചറാണ് അകത്തളം അലങ്കരിക്കുന്നത്. ലിവിങ്ങിൽ വുഡൻ ഫ്ളോറിങ് ചെയ്ത് വേർതിരിച്ചു. ലിവിങ്ങിലെ വലിയ ഗ്ലാസ് വിൻഡോ വഴി വെളിച്ചവും പുറംകാഴ്ചകളും ഉള്ളിലെത്തുന്നു.
വീടിന്റെ ഹൃദയഭാഗത്തായാണ് പൂൾ ഒരുക്കിയിരിക്കുന്നത്. വീടിന്റെ എല്ലായിടങ്ങളിൽനിന്നും വ്യൂ കിട്ടുന്ന രീതിയിലാണ് പൂൾ സെറ്റ് ചെയ്തിരിക്കുന്നത്. വീട്ടുകാരുടെ പ്രിയപ്പെട്ട ഒരിടമാണിത്. മുഴുനീള ഗ്ലാസ് ജാലകം തുറന്നാണ് ഹാളിൽനിന്ന് ഇവിടേക്ക് പ്രവേശിക്കുന്നത്.
ഹാളിന്റെ ഒരു ഭാഗത്തായി 8 സീറ്റർ ഡൈനിങ് ടേബിളോടുകൂടിയ ഡൈനിങ് ഏരിയ കൊടുത്തിരിക്കുന്നു. പ്രൈവസിക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ഫാമിലി ലിവിങ് വശത്തേക്ക് മാറ്റി വിന്യസിച്ചു.
കിച്ചൻ വൈറ്റ് +ഗോൾഡൻ തീമിലാണ്. കിച്ചനിലെ കൗണ്ടർ ബോട്ട് ഷേപ്പിലാണ്. ഇതിൽ ചിമ്മിനിയും സെറ്റ് ചെയ്ത് മനോഹരമാക്കിയിരിക്കുന്നു. ഗൃഹനാഥൻ കപ്പലിൽ ജോലി ചെയ്യുന്നതുകൊണ്ടാണ് ഇപ്രകാരം അടുക്കള ഒരുക്കിയത്.
താഴത്തെ നിലയിലുളള ബെഡ്റൂമിൽ ബേ വിൻഡോ കൊടുത്തിരിക്കുന്നു. ഓപൺ ടു സ്കൈ ആയിട്ടുള്ള, മഴ നനഞ്ഞു കുളിക്കാവുന്ന കുളിമുറിയാണ് ഇവിടെയുള്ള ഹൈലൈറ്റ്. പൂളിൽനിന്ന് നേരിട്ട് ബെഡ്റൂമിലേക്ക് കയറാവുന്ന രീതിയിൽ ഒരു വിൻഡോയും ഇവിടെ സെറ്റ് ചെയ്തിരിക്കുന്നു.
മുകളിൽ ഒരു മാസ്റ്റർ ബെഡ്റൂമും ഗസ്റ്റ് ബെഡ്റൂമും കിഡ്സ് റൂമും കൊടുത്തിരിക്കുന്നു. സ്റ്റെയർ കയറിയെത്തുമ്പോൾ ആദ്യം കാണുന്നതാണ് ഈ വീട്ടിലെ മാസ്റ്റർ ബെഡ്റൂം. ഈ ബെഡ്റൂമിൽനിന്ന് ബാൽക്കണിയിലേക്ക് ഇറങ്ങാവുന്ന രീതിയിൽ സ്ലൈഡിങ് ഗ്ലാസ് ജാലകങ്ങളുണ്ട്.
പ്രായമായവരുടെ സൗകര്യത്തിനായി ടെറസ് വരെ പോകുന്ന രീതിയിലുള്ള വീടിന്റെ തീമിനോടു ചേരുന്ന രീതിയിൽ വൈറ്റ് ഗോൾഡ് തീമിലുള്ള ഒരു ലിഫ്റ്റും വീടിനുള്ളിൽ അറേഞ്ച് ചെയ്തിരിക്കുന്നു.
ഇനിയും നിരവധി കൗതുകങ്ങൾ ഈ വീട്ടിലുണ്ട്. അതിനായി വിഡിയോ കാണുമല്ലോ...
Project facts
Location- Pallom, Kottayam
Area- 5000 Sq.ft
Owner- Capt. Kurian Joseph
Builder- Rajesh Parvathy Homes