ആരും കൊതിക്കുന്ന ജീവിതം: പുഴയുടെ മനോഹാരിതയിലേക്ക് തുറക്കുന്ന സൂപ്പർവീട്; വിഡിയോ
Mail This Article
പുഴയുടെ മനോഹരകാഴ്ചകൾ, കിളികളുടെ കളകളാരവം, നിശബ്ദതയുടെ സൗന്ദര്യം...ഇതെല്ലാം ആസ്വദിച്ചുകൊണ്ട് ഓരോ പ്രഭാതവും ഉണർന്നെഴുന്നേൽക്കുന്നത് ഒന്നാലോചിച്ചുനോക്കൂ. എത്ര മനോഹരമായിരിക്കുമല്ലേ! അത്തരത്തിൽ ഓരോ പ്രഭാതവും ആരംഭിക്കുന്ന ഒരു വീടുണ്ട്. തിരുവല്ലയിൽ മണിമലയാറിന്റെ തീരത്തുള്ള ഡോ. സിറിലിന്റെയും ഡോ. ജോയ്സിന്റെയും 7000 സ്ക്വയർഫീറ്റില്‍ നിർമിച്ച സ്വപ്നഭവനം.
വീട്ടുകാരുടെ ആഗ്രഹങ്ങൾക്കനുസരിച്ച് ഈ സ്വപ്നഭവനം നിർമിച്ചിരിക്കുന്നത് ആർക്കിടെക്ട് ദമ്പതികളായ ലിജോയും റെനിയുമാണ്.
പച്ചപ്പിനുള്ളിൽ മറഞ്ഞിരിക്കുന്ന കരിങ്കൽ ഭിത്തികൾ മാത്രമാണ് പുറംകാഴ്ചയിലുള്ളത്. ഒരു വീടിന്റെ അകത്താണ് ഹൃദ്യമായ ഇടങ്ങളൊരുക്കേണ്ടതെന്ന ഫിലോസഫിയാണ് ഈ വീടിന്റെ അടിസ്ഥാനം. ജീവിതത്തിന്റെ ഗതിവേഗം കുറച്ച്, വീടുതന്നെ ഒരു മെഡിറ്റേഷൻ സ്പേസാക്കി മാറ്റിയിരിക്കുന്നു.
വീട് പടിഞ്ഞാറ് ദർശനമാണ്. ഇവിടെ നിന്നുള്ള ചൂടിനെ പ്രതിരോധിക്കുക എന്ന ലക്ഷ്യവും വീടിനെ പൊതിയുന്ന പച്ചപ്പിനുണ്ട്. പുഴ ദർശനമായി വരുന്ന കിഴക്കുഭാഗമാണ് വീട്ടിലെ സജീവയിടം. പുഴയുടെ ഭംഗിയും പച്ചപ്പും കാറ്റുമെല്ലാം പൂർണമായി ആസ്വദിക്കാൻ പറ്റുന്ന രീതിയിലുള്ള എലിവേഷനാണ് ഇവിടെ ചെയ്തിരിക്കുന്നത്. അധിക സുരക്ഷയ്ക്കായി മുഴുനീള പെർഫൊറേറ്റഡ് ഗ്രിൽ കൊടുത്തിട്ടുണ്ട്. ഇത് തുറന്നിട്ടാൽ പുഴയുടെ കാഴ്ചകളിലേക്ക് വീട് മിഴിതുറക്കും.
പ്രധാനവാതിലിനു പകരം കരിങ്കൽ വിരിച്ച, പച്ചപ്പുനിറച്ച ഇടനാഴിയിലൂടെയാണ് വീടിനുള്ളിലേക്ക് പ്രവേശിക്കുന്നത്. ഈ ഇടനാഴി കടന്നുചെല്ലുന്നത് വീട്ടിലെ ഫോർമൽ ലിവിങ്ങിലേക്കാണ്. അലങ്കാരവേലകളുടെ അതിപ്രസരമില്ലാതെ ഫോർമൽ ലിവിങ് ഒരുക്കി.
ഒൻപതടി ഉയരമുള്ള പ്രധാന വാതിലിലൂടെ പ്രവേശിക്കുന്നത് മറ്റൊരു കോറിഡോറിലേക്കാണ്. ഇവിടെ പ്രധാനയിടങ്ങളെയെല്ലാം ബന്ധിപ്പിക്കുന്നത് ഇത്തരം ഇടനാഴികളാണ്. ഈ കോറിഡോറിന്റെ വലതു വശത്തായി ഇൻഡോർ പ്ലാന്റുകളാൽ മനോഹരമാക്കിയ ഒരു കോർട്യാർഡും വിശാലമായ ഇൻഫിനിറ്റി സ്വിമ്മിങ് പൂളും സജ്ജീകരിച്ചു.
ഫാമിലി ലിവിങ്ങിൽ ആർക്കിടെക്ട് വരച്ച ചിത്രം ഭിത്തിയിലെ ഫോക്കൽ പോയിന്റാക്കി മാറ്റി. സമീപമുള്ള കോർട്യാർഡിൽ വാഷ് ഏരിയ ക്രമീകരിച്ചു. ലിവിങ്ങിനോടുചേർന്ന് ഓപ്പൺ കിച്ചനൊരുക്കി. വിശാലമായ കിച്ചനിൽ ബ്രേക്ക്ഫാസ്റ്റ് ടേബിൾ, ടോൾ യൂണിറ്റ്, ഇൻബിൽറ്റ് അവ്ൻ, ഡിഷ്‌വാഷർ, സ്റ്റോർ, വര്‍ക്കേരിയ, ഓപൺ ഡ്രൈ ഏരിയ എന്നിവയും സജ്ജീകരിച്ചു.
വീട്ടിലെ മെയിൻ ഡൈനിങ് സ്പേസ് പുഴയിലേക്ക് വ്യൂ കിട്ടുന്ന രീതിയില്‍ സെമി ഔട്ട്ഡോർ രീതിയിലാണ് ക്രമീകരിച്ചത്. ദിവസത്തിന്റെ ഓരോസമയവും പുഴയുടെ വ്യത്യസ്ത കാഴ്ചകൾ ഇവിടെയിരുന്നാസ്വദിക്കാം.
സ്‌റ്റെയർ ലാൻഡിങ്ങിൽ സ്റ്റഡി സ്പേസ് ഒരുക്കി. മുകളിൽ രണ്ട് ബെഡ്റൂം, അപ്പർ ഫാമിലി ലിവിങ്, ഓപ്പൺ ടെറസ് എന്നിവ ക്രമീകരിച്ചു. വീടിന്റെ താഴത്തെ നിലകളിൽ ടിവി കൊടുത്തിട്ടില്ല എന്നത് ശ്രദ്ധേയമാണ്. കുടുംബാന്തരീക്ഷം ഹൃദ്യമാവുക എന്ന ലക്ഷ്യവും ഇതിലുണ്ട്. അപ്പർ ലിവിങ്ങിലാണ് ടിവി യൂണിറ്റ് കൊടുത്തിരിക്കുന്നത്.
പുഴയിലേക്ക് അഭിമുഖീകരിച്ചുകൊണ്ടാണ് ഈ വീട്ടിലെ നാലു കിടപ്പുമുറികളും ക്രമീകരിച്ചത്. സിംപിൾ തീമിലുള്ള ബെഡ്റൂമുകൾക്കെല്ലാം ഗ്ലാസ് ഡോറുകളാണ് കൊടുത്തിരിക്കുന്നത്. ഹെഡ്‌സൈഡ് ഭിത്തിയിൽ ആർക്കിടെക്ട് ദമ്പതികളും മകളും വരച്ച ചിത്രങ്ങൾ വച്ചലങ്കരിച്ചു. വിശാലമായ വാഡ്രോബ്, ചെറിയ കോർട്യാർഡുള്ള ബാത്റൂം എന്നിവയും അനുബന്ധമായി ഒരുക്കി.
പുഴയുടെ മനോഹരകാഴ്ചകളും പച്ചപ്പും നിശബ്ദതയുമൊക്കെ ആസ്വദിച്ചുകൊണ്ട് ആഗ്രഹിച്ചപോലെയൊരു ജീവിതം ലഭിച്ചതിന്റെ സന്തോഷത്തിലാണ് വീട്ടുകാർ.
വാക്കുകൾക്കപ്പുറം വീടിന്റെ ഫീൽ ആസ്വദിക്കാൻ തുടക്കത്തിൽ കൊടുത്തിരിക്കുന്ന വിഡിയോ ഉറപ്പായും കാണുമല്ലോ...
Project facts
Location- Thiruvalla
Plot- 25 cent
Area- 7000 Sq.ft
Owner- Dr.Cyril, Dr. Joyce
Architects- Lijo Jos, Reny Lijo
Lijo Reny Architects, Thrissur