ADVERTISEMENT

നിർമാണ ചെലവുകൾ കുതിക്കുന്ന ഈ കാലത്ത് സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ചെലവുകുറച്ചു സൗകര്യമുള്ള വീടൊരുക്കുക എന്നത് വലിയ വെല്ലുവിളിയാണ്. എന്നാലിവിടെ ഡിസൈനറായ അനിയൻ തന്റെ ജ്യേഷ്ഠനായി നിർമിച്ചു നൽകിയ വീടിന്റെ കഥ വ്യത്യസ്തമാണ്. കായംകുളത്ത് എട്ടര സെന്റില്‍ വീതി കുറഞ്ഞ് നീളം കൂടിയ പ്ലോട്ടിൽ 1400 സ്ക്വയർഫീറ്റിൽ നിർമിച്ച വീടിനുചെലവായത് 25 ലക്ഷം രൂപയാണ്. സ്ക്വയർഫീറ്റിന് ഏകദേശം 1700 രൂപ മാത്രമാണ് ചെലവ്. നിലവിൽ പലയിടത്തും 2500-3000 രൂപയാണ് ചതുരശ്രയടി നിരക്ക് എന്നതുകൂടി ചേർത്തുവായിക്കണം. 

kyj-home-front

പഞ്ചാബിൽ അധ്യാപകരാണ് വീട്ടുകാർ. വർഷത്തിൽ ഒരുപ്രാവശ്യം മാത്രമാണ് നാട്ടിലെത്തുക. അതിനാൽ പരിപാലനം കൂടി എളുപ്പമാകുന്ന, ചെറിയ വീട് എന്നതായിരുന്നു ആശയം. വീട്ടുകാരന്റെ അനിയനായ ഡിസൈനർ വിവിൻ എല്ലാം നോക്കിയുംകണ്ടും ചെയ്തുകൊടുത്തു. 

ആരുടേയും ശ്രദ്ധയാകർഷിക്കുന്ന വ്യത്യസ്ത രൂപഭംഗിയാണ് വീടിനുള്ളത്. മൂന്നുവശത്തുനിന്നും വ്യത്യസ്ത എലിവേഷൻ ആസ്വദിക്കാം. പലതട്ടുകളായി ട്രസ് ചെയ്ത് റൂഫിങ് ഓടുവിരിച്ച മേൽക്കൂരയും എക്സ്പോസ്ഡ് ബ്രിക്ക് ഭിത്തിയും ജാളി ഭിത്തിയുമെല്ലാം പുറംകാഴ്ചയ്ക്ക് ഭംഗി വർധിപ്പിക്കുന്നു.

kyj-home-side-view

വീടിന്റെ മുൻഭാഗത്തെ ചുറ്റുമതില്‍ വ്യത്യസ്തമാണ്. സ്ക്വയർട്യൂബിൽ മെഷ് ചെയ്ത് അതിൽ മെറ്റൽ നിറച്ചാണ് ഇതൊരുക്കിയത്. സ്ലൈഡിങ് ഗേറ്റ് തുറന്ന് മുറ്റത്തെത്താം. പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, മൂന്നുകിടപ്പുമുറികൾ, ബാത്റൂം എന്നിവയാണ് താഴെയുള്ളത്. മുകളിൽ ഒരു മൾട്ടി യൂട്ടിലിറ്റി സ്‌പേസ്, ബാൽക്കണി, ഓപൺ ടെറസ് എന്നിവയുമുണ്ട്. 1400 സ്ക്വയർഫീറ്റിൽ ഇത്രയും ഒരുക്കിയെന്നതാണ് ഹൈലൈറ്റ്.

kyj-home-living

ജിഐ ട്യൂബുകൾകൊണ്ട് മുൻവശത്ത് സ്വകാര്യതയേകിയാണ് പോർച്ചിന്റെ ഡിസൈൻ. ചെറിയ സിറ്റൗട്ടിന്റെ ഭിത്തി സിമന്റ്പ്ലാസ്റ്റർ ചെയ്തു.

തേക്കിൽ നിർമിച്ച പ്രധാനവാതിൽ തുറന്ന് പ്രവേശിക്കുന്നത് ഓപൺ ഹാളിലേക്കാണ്. വലതുഭാഗത്തായി നിലം അൽപം താഴ്ത്തിയാണ് ലിവിങ് വിന്യസിച്ചത്. ലിവിങ്ങിലെ ഒരുഭിത്തി മുഴുവൻ ടഫൻഡ് ഗ്ലാസ് പാനലിങ് ചെയ്തിരിക്കുന്നു. ഇതുവഴി നാച്ചുറൽ ലൈറ്റും കാഴ്ചകളും ഉള്ളിലെത്തും. സിമന്റ് ടെക്സ്ചർ ഡിസൈൻ ചെയ്ത വോളിൽ ടിവി യൂണിറ്റും സെറ്റ് ചെയ്തു.

kyj-home-hall

മധ്യത്തിലുള്ള ഡബിൾഹൈറ്റ് ഹാളിൽ നിലത്ത് ഒരു പോണ്ട്/ അക്വേറിയം സെറ്റ് ചെയ്തത് കൗതുകമുള്ള കാഴ്ചയാണ്. 12 MM ന്റെ ടഫൻഡ് ഗ്ലാസ് ഉപയോഗിച്ച് ഇത് കവർ ചെയ്തു. ഇതിനു മുകളിലൂടെ നടക്കുകയും ചെയ്യാം. 

kyj-home-overview

ഡൈനിങ്-കിച്ചൻ ഓപ്പൺ തീമിലാണ്. സ്ഥലം പരമാവധി വിനിയോഗിക്കാനായി സെമി-സർക്കിൾ ആകൃതിയിലാണ് ഡൈനിങ് ടേബിൾ.  ഇതിനോടുചേര്‍ന്ന് മാക്സിമം സ്റ്റോറേജോടു കൂടിയ കോംപാക്ട് കിച്ചൻ വിന്യസിച്ചു.

kyj-home-dine

സ്പൈറൽ സ്‌റ്റെയറാണ് മറ്റൊരാകർഷണം. സ്റ്റീൽ ഫ്രയിമിൽ തടിയുടെ പലക വിരിച്ചാണ് ഇതുനിർമിച്ചത്. കൈവരികളായി കയർ ഉപയോഗിച്ചതും പുതുമയാണ്.

kyj-home-roof

മുകളിലേക്കെത്തുമ്പോൾ, താഴത്തെ മാസ്റ്റർ ബെഡ്റൂമിനു മുകളിലായി ഒരു മുറി പാർട്ടി സ്‌പേസായി വേർതിരിച്ചു. വീട്ടുകാർ നാട്ടിലെത്തുമ്പോഴുള്ള സൗഹൃദസദസ്സുകൾക്ക് വേദിയാകുന്നത് ഇവിടമാണ്. ആവശ്യമെങ്കിൽ ഇത് ബെഡ്റൂമായി മാറ്റുകയുമാകാം. 

kyj-home-bed

വീട്ടിലെ കൗതുകങ്ങൾ കണ്ടാസ്വദിക്കാനായി മുകളിൽ കൊടുത്തിരിക്കുന്ന വിഡിയോ കാണുമല്ലോ...

Project facts

Location- Kayamkulam

Plot- 8.5 cent

Area- 1400 Sq.ft

Design- Vivin

Budget- 25 Lakhs

English Summary:

Cost Effective House in Small Plot- Swapnaveedu Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com