ഇതാണ് സ്നേഹം: നൂറുവർഷം പഴക്കമുള്ള തറവാടിനെ വേദനിപ്പിക്കാതെ സുന്ദരിയാക്കി
Mail This Article
ഈരാറ്റുപേട്ടയിലാണ് നൂറുവർഷത്തിലേറെ പഴക്കമുള്ള കള്ളിവയലിൽ എന്ന ബംഗ്ലാവ് സ്ഥിതിചെയ്യുന്നത്. ആൽമരത്തിന്റെ ശാഖകൾപോലെ ഒരുനിലയിൽ പരന്നുകിടക്കുന്ന ഇടങ്ങളാണ് വീടിന്റെ സവിശേഷത. വാസ്തുശിൽപ ചാതുര്യത്തിന്റെ കയ്യൊപ്പ് ചാർത്തിയ തറവാട്, പരമ്പരാഗത തനിമ കൈമോശം വരാതെ അടുത്തിടെ കാലോചിതമായി ഒന്നുമുഖംമിനുക്കി.
പരമ്പരാഗത സ്വത്തായി കൈമാറിക്കിട്ടിയതിനാൽ നിലവിലെ ഉടമയായ ജോസ് കള്ളിവയലിനും കുടുംബത്തിനും തറവാട് വൈകാരിക ബന്ധമുള്ള ഒരിടമാണ്. ഒരുരീതിയിലും തറവാടിന്റെ അടിസ്ഥാന ഘടനയെ തടസപ്പെടുത്താതെയാകണം നവീകരണം എന്നതായിരുന്നു വീട്ടുകാരുടെ ഒറ്റക്കെട്ടായുള്ള ആവശ്യം. ആർക്കിടെക്ട് റോസ് തമ്പിയാണ് തറവാടിന്റെ നവീകരണ ദൗത്യം ഏറ്റെടുത്തത്.
തടികൊണ്ടുള്ള കഴുക്കോലും മോന്തായവും ഓടുവിരിച്ച മേൽക്കൂരയും മച്ചും കുമ്മായം തേച്ച ഭിത്തികളും ഉണ്ടായിരുന്ന തറവാട്ടിൽ കാലപ്പഴക്കത്തിന്റെ ക്ഷീണതകളുള്ള ഭാഗം നവീകരിക്കുകയാണ് ചെയ്തത്. സ്ട്രക്ചറിൽ അധികം പൊളിച്ചുപണികൾ നടത്താതെ പഴയ പ്ലാസ്റ്ററിങ്, പ്ലമിങ്, വയറിങ്, ഫ്ലോറിങ് എന്നിവ നവീകരിച്ചു.
ധാരാളം തടിയുരുപ്പടികൾ വീട്ടിലുണ്ടായിരുന്നു. മച്ച്, ജനൽ-വാതിലുകൾ എന്നിവയുടെ നിറം മങ്ങിയിരുന്നു. ഇവ പോളിഷ് ചെയ്തെടുത്തതോടെ കൂടുതൽ ചെറുപ്പമായി. നിറംമങ്ങിയ പഴയ നിലത്ത് പച്ചനിറമുള്ള കോട്ട സ്റ്റോൺ വിരിച്ചു.
തടി ഫർണിച്ചറിന്റെ പ്രൗഢി അകത്തളങ്ങളിൽ അനുഭവിച്ചറിയാൻ സാധിക്കും. തടിമേശയും ചൂരൽക്കസേരകളും ഡൈനിങ് ഏരിയ അലങ്കരിക്കുന്നു.
വിശാലമായ അടുക്കളയായിരുന്നു പഴയ തറവാട്ടിലുണ്ടായിരുന്നത്. ഇതിനെ കാലോചിതമായി നവീകരിച്ചതാണ് പ്രകടമായ ഒരുമാറ്റം. വലുപ്പം കുറച്ച് മോഡേൺ സൗകര്യങ്ങൾ കൂട്ടിച്ചേർത്ത് ഓപ്പൺ ശൈലിയിലേക്ക് മാറ്റിയതോടെ കിച്ചൻ 'ന്യൂജെൻ' ആയി. വീടിന്റെ മറ്റിടങ്ങളുമായി ഇഴുകിച്ചേരാൻ തടിയുടെ ഫിനിഷിലാണ് ക്യാബിനറ്റുകൾ ഒരുക്കിയത്. ബ്രേക്ക്ഫാസ്റ്റ് കൗണ്ടറാണ് ഇവിടെയുള്ള സജീവയിടം.
ചുരുക്കത്തിൽ വീട്ടുകാർക്ക് വളരെ വൈകാരിക അടുപ്പമുള്ള തറവാടിന്റെ ഗതകാലപ്രൗഢി ഒട്ടുംചോരാതെ പുതിയകാലത്തേക്ക് മാറ്റിയെടുക്കാനായതാണ് ഇവിടെ നിർണായകമായത്.
വീടിനെ സ്നേഹിക്കുന്നവർ മനോരമവീട് ഇൻസ്റ്റഗ്രാം പേജ് ഫോളോ ചെയ്യുമല്ലോ
Project facts
Location- Erattupetta
Owner- Jose George
Architect- Rose Thampy
Edom Architecture, Kochi