ADVERTISEMENT

കായംകുളത്തിനടുത്ത് മൂന്നാംകുറ്റിയിലാണ് അധ്യാപകനായ അനീഷിന്റെയും കുടുംബത്തിന്റെയും 'പാപ്പാടിയിൽ' വീട്. പ്ലോട്ടിലുണ്ടായിരുന്ന പഴയ തറവാടിന്റെ വൈകാരിക ഓർമകൾ പുനഃസൃഷ്ടിക്കുംവിധമാണ് 'പഴമ നിറഞ്ഞ പുതിയ വീട്' നിർമിച്ചത്.

moonnamkutti-home-yard

പുറംകാഴ്ചയിൽ കുറഞ്ഞത് 3000 ചതുരശ്രയടിയുടെ പ്രൗഢിയും വലുപ്പവും തോന്നിക്കുമെങ്കിലും 1880 സ്ക്വയർഫീറ്റിലൊരുക്കിയ 'കുഞ്ഞൻ'വീടാണിത്. പ്രധാന ഗേറ്റ് കടന്ന് കടപ്പാകല്ല് വിരിച്ച ഡ്രൈവ് വേയിലൂടെ വരുമ്പോൾ കാണുന്നത് വീടിന്റെ ട്രഡീഷനൽ മിനിയേച്ചർ തീമിലൊരുക്കിയ കാർപോർച്ചാണ്. വീടിന് വലുപ്പവും പ്രൗഢിയും തോന്നിക്കാൻ പതിവിലും ഉയർത്തി, പല തട്ടുകളായാണ്  മേൽക്കൂര നിർമിച്ചത്. പഴയ വീടും, ഒരു സ്‌കൂളും പൊളിച്ചപ്പോൾ കിട്ടിയ ഓടുകൾ പുനരുപയോഗിച്ചു. 

moonnamkutti-home

ഒത്തുചേരലിനുള്ള നിരവധി ഇടങ്ങൾ വീട്ടിലുണ്ട്. ഗൃഹനാഥന്റെയും അനുജന്റെയും നിരവധി സുഹൃത്തുക്കൾ വൈകുന്നേരങ്ങളിലും വാരാന്ത്യങ്ങളിലും ഇവിടെ ഒത്തുകൂടും. ഇതിനായി വീടിന്റെ മതിലിനോടുചേർന്ന് പടിപ്പുര മാതൃകയിലുള്ള ഇരിപ്പിടമുണ്ട്. ഇത്തരത്തിലുള്ള നാല് ഓപൺ സ്പേസുകളാണ് ഈ വീട്ടിൽ ഒരുക്കിയിരിക്കുന്നത്. ലാൻഡ്സ്കേപിനെ മനോഹരമാക്കുന്നത് ചെമ്പരത്തി, തെറ്റി, ചെമ്പകം തുടങ്ങിയ നാടൻ ചെടികളാണ്.  

moonnamkutti-home-view

ചെലവ് കുറയ്ക്കാൻ നിരവധി ചെപ്പടിവിദ്യകൾ ഈ വീടിന്റെ നിർമാണത്തിൽ പ്രയോഗിച്ചിട്ടുണ്ട്. ബദൽസാമഗ്രികളുടെ ഉപയോഗമാണ് അതിൽ പ്രധാനം. പരമ്പരാഗത വീടുകളിലെ പ്രധാന ഘടകമാണ് തടി. പക്ഷേ ഫർണിഷിങ്ങില്‍ തടി വരുമ്പോൾ ബജറ്റ് അധികരിക്കാറുണ്ട്. ഇവിടെ തടിയുടെ ഫിനിഷ് ലഭിക്കുന്ന ബദൽ സാമഗ്രികളാണ് ഉപയോഗിച്ചത്.

 നെടുനീളത്തിലുള്ള വരാന്തയിലൂടെയാണ് പ്രധാനവാതിലിലേക്കെത്തുന്നത്. പൂമുഖത്തിന്റെ ഭിത്തികൾ ലാറ്ററൈറ്റ് ടെക്സ്ചർ ചെയ്ത് ഭംഗിയാക്കി. തേക്കിലുളള പ്രധാനവാതിൽ കടന്ന് പ്രവേശിക്കുന്നത് ഡബിൾഹൈറ്റിലൊരുക്കിയ മനോഹരമായ സ്വീകരണമുറിയിലേക്കാണ്. പഴമ നിറഞ്ഞ ഫർണിച്ചറുകൾ ഇവിടം അലങ്കരിക്കുന്നു. മേൽക്കൂരയിലെ വലിയ എയർഹോളുകളിലൂടെ ചൂടുവായു പുറംതള്ളുന്നതിനാൽ അകത്തളത്തിൽ സുഖകരമായ കാലാവസ്ഥ നിലനിൽക്കുന്നു. 

moonnamkutti-home-living

ലിവിങ്ങിൽനിന്ന് പ്രവേശിക്കുന്നത് ഇരുവശവും പച്ചത്തുരുത്തുകൾ ഒരുക്കിയ ഡൈനിങ് ഹാളിലേക്കാണ്. ബെഞ്ച് കൺസെപ്റ്റിലുള്ള വിശാലമായ ഊണുമേശ പഴമയുടെ ഓർമകളുണർത്തുന്നു. മഴയും വെയിലും കാറ്റും ഉള്ളിലെത്തുന്ന ഓപ്പൺ കോർട്യാർഡാണ് പ്രധാന ആകർഷണം. ഇവിടെ ധാരാളം ഇൻഡോർ പ്ലാന്റുകൾ നൽകി ഹരിതാഭ നിറച്ചിരിക്കുന്നു. മറുവശത്തുള്ള ക്ലോസ്ഡ് കോർട്യാർഡിലാണ് വാഷ് ബേസിൻ സ്ഥാപിച്ചത്.

moonnamkutti-home-dine

സ്ക്വയർ ട്യൂബിൽ സിമന്റ് ബോർഡുകൾ വച്ചാണ് ഈ വീടിന്റെ സ്റ്റെയർ നിർമിച്ചിരിക്കുന്നത്. സ്റ്റെയർ കയറി ചെല്ലുന്ന ലാൻഡിങ് സ്‌പേസ് ലൈബ്രറി സ്പേസാക്കി മാറ്റിയിരിക്കുന്നു. 

moonnamkutti-home-stair

മുകൾനിലയിൽ കൊടുത്തിരിക്കുന്ന കിളിവാതിലിലൂടെ നോക്കിയാൽ കോർട്യാഡും മുറ്റവും കാണാൻ പറ്റും. ഇത് തുറന്നിട്ടാൽ നല്ല വായുസഞ്ചാരവും മുകൾനിലയിൽ ലഭിക്കും. 

moonnamkutti-home-court

ഈ വീട്ടിലെ കിടപ്പുമുറികളെല്ലാം ഒരേ തീമിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. താഴെ ഒരുകിടപ്പുമുറിയും മുകളിൽ രണ്ടു കിടപ്പുമുറികളുമാണുള്ളത്. 

വളരെ മിതമായ ഫർണിഷിങ്ങിലുള്ള, ഐലൻഡ് കിച്ചൻ പ്രതീതി ജനിപ്പിക്കുന്ന ചെറിയ കിച്ചനാണിവിടെയുള്ളത്. അലുമിനിയം കോംപസിറ്റ് പാനലുകളിലാണ് ക്യാബിനറ്റുകൾ. പഴയ ചായ്പ് മാതൃകയിൽ സുന്ദരമായ വർക്കേരിയയും ഇവിടെയുണ്ട്.

moonnamkutti-home-night

രാത്രിയിൽ ലൈറ്റുകൾ തെളിയുമ്പോൾ വീടും പരിസരവും അതിമനോഹരമായ കാഴ്ചയാണ്.  വീടിന്റെ ഭംഗി നേരിൽ ആസ്വദിക്കാൻ തുടക്കത്തിൽ കൊടുത്തിരിക്കുന്ന വിഡിയോ ഉറപ്പായും കാണുമല്ലോ 

കൂടുതൽ വീട് വിശേഷങ്ങൾ കാണാൻ ഫോളോ ചെയ്യൂ-

www.youtube.com/@manoramaveedu

www.facebook.com/ManoramaVeedu 

www.instagram.com/manoramaveedu

Project facts

Location- Moonamkutty, Kayamkulam

Area- 1880 Sq.ft

Owner- Aneesh

Architect- Kailas Nath

English Summary:

Traditional Modern House- Swapnaveedu Malayalam Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com