മൊബൈലിൽ സ്മാർട്ടായി നിയന്ത്രിക്കാം: ഒരുനിലയിൽ അമ്പരപ്പിക്കുന്ന ആഡംബരവീട്! വിഡിയോ
Mail This Article
കൊല്ലം കൂനമ്പായിക്കുളം ക്ഷേത്രത്തിനടുത്തുള്ള പ്ലോട്ടിലാണ് സൂരജ്–വിനീത ദമ്പതികളുടെ പുതിയ സ്വപ്നവീട്. വീതി കുറഞ്ഞ് നീളത്തിലുള്ള 8.5 സെന്റ് പ്ലോട്ടിൽ 2000 സ്ക്വയർഫീറ്റിലാണ് ഈ വീട് നിർമിച്ചിട്ടുള്ളത്. അധികം കണ്ടിട്ടില്ലാത്ത ഒരു ട്രോപ്പിക്കൽ ഡിസൈനിലാണ് വീടിന്റെ എലിവേഷൻ. പുറംകാഴ്ചയെക്കാൾ അകംകാഴ്ചകളാണ് ഈ വീടിനെ ഹൃദ്യമാക്കുന്നത്.
ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ചിട്ടുള്ള സ്മാർട്ട് വീടാണിത്. ഗേറ്റ്, ലൈറ്റ്, കർട്ടൻ, സിസിടിവി തുടങ്ങിയവ സ്മാർട് ഫോണിലൂടെ ലോകത്തെവിടെയിരുന്നും നിയന്ത്രിക്കാനാകും. ചെറിയ സ്ഥലത്ത് വീടുപണിയുന്നവർക്ക് റഫർ ചെയ്യാവുന്നതാണ് ഇവിടെയുള്ള സ്ലൈഡിങ് ഗെയ്റ്റ്. മെറ്റൽ സിഎൻസി വർക്കും എസിപി ഷീറ്റും ഉപയോഗിച്ചാണ് ഇതൊരുക്കിയത്.
ചെറിയ പ്ലോട്ടിലും രണ്ടു കാർപോർച്ചുകൾ ഒരുക്കാനായി. കോർട്ടൻ സ്റ്റീലിൽ സിഎൻസി കട്ടിങ് ചെയ്ത മുഴുനീള ഭിത്തി, സിറ്റൗട്ടിലെ ഹൈലൈറ്റാണ്. മുൻവശത്തുണ്ടായിരുന്ന കിണർ, പോർച്ചിന്റെ സൗകര്യത്തിനായി വലുപ്പം കുറച്ച് കലാപരമായി മറച്ചിരിക്കുന്നു. കാർപോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, നാല് ബെഡ്റൂമുകള്‍, അറ്റാച്ച്ഡ് ബാത്റൂം എന്നിവയാണ് വീട്ടിലെ ഇടങ്ങൾ.
ചെറിയ സിറ്റൗട്ടിലെ ഭിത്തി തേക്കിൻ തടി കൊണ്ട് പാനൽ ചെയ്തിരിക്കുന്നു. പ്രധാന വാതിൽ തുറന്നുകടക്കുന്നത് ഓപൺ നയത്തിലൊരുക്കിയ മനോഹരമായ അകത്തളത്തിലേക്കാണ്. വീടിന്റെ അങ്ങേയറ്റം വരെ കാണുംവിധത്തിൽ നെടുനീളത്തിൽ ഇടങ്ങൾ ചിട്ടപ്പെടുത്തി.
ആദ്യം ഡബിൾ ഹൈറ്റിൽ ഫോർമൽ ലിവിങ് വിന്യസിച്ചു. ഇവിടെ ഭിത്തി സിമന്റ് ടെക്സ്ചർ ഫിനിഷിലൊരുക്കി. ഫ്ലോറിങ്ങിൽ കോമൺ ഏരിയ മുഴുവൻ 4X2 മാറ്റ് ഫിനിഷിലുള്ള ഗ്രേ കളർ ടൈലുകളാണ് ഉപയോഗിച്ചിരിക്കുന്നത്.
ഇൻഡോർ പ്ലാന്റുകൾ കോർട്യാർഡ് ഹരിതാഭമാകുന്നു. ഇവിടെ സ്‌കൈലൈറ്റ് ഒരുക്കി നാച്ചുറൽ ലൈറ്റ് ഉള്ളിലേക്കെത്തിച്ചു. അടുത്തതായി ഫാമിലി ലിവിങ്, ഡൈനിങ് ഉൾപ്പെടുന്ന ഹാളിലേക്കാണ് കടക്കുന്നത്. വെനീർ പാനലിങ് ചെയ്ത് ലൈറ്റുകൾ നൽകി ഇവിടം അലങ്കരിച്ചു. വിശാലമായ വാഷ് ഏരിയ മനോഹരമായി ചിട്ടപ്പെടുത്തി.
ടിവി യൂണിറ്റും ലോഞ്ചർ സോഫയുമാണ് ഫാമിലി ലിവിങ്ങിലുള്ളത്. ഇവിടെ വശത്തെ മുഴുനീള ഗ്ലാസ് വാതിൽ വഴി കോർട്യാർഡിലേക്കിറങ്ങാം. ബുദ്ധ പ്രതിമയും വാട്ടർ ഫൗണ്ടനുമുള്ള കോർട്യാർഡ് വീട്ടുകാരുടെ പ്രിയയിടമാണ്.
അക്വാഗ്രീൻ ഫിനിഷിൽ മനോഹരമാക്കിയ കിച്ചൻ. മറൈൻ പ്ലൈ +മൈക്ക ലാമിനേഷനിൽ, ആന്റി ഫിംഗർ പ്രിന്റ് ഫിനിഷോടുകൂടിയാണ് ക്യാബിനറ്റുകൾ. മൾട്ടിപർപ്പസ് സിങ്കും പരമാവധി സ്റ്റോറേജും ഇവിടെ കൊടുത്തിരിക്കുന്നു. അനുബന്ധമായി ചെറിയൊരു വർക്കേരിയയുമുണ്ട്.
നാലു കിടപ്പുമുറികളാണ് വീട്ടിലുള്ളത്. എല്ലാ മുറികളും വ്യത്യസ്‌ത തീമിൽ കമനീയമായി ചിട്ടപ്പെടുത്തി.
കിഡ്സ് റൂമിലെത്തുമ്പോൾ ഒരു അദ്‌ഭുതലോകത്തെത്തിയ പ്രതീതിയാണ്. കിഡ്സ് റൂം ഒരുക്കാൻ ആഗ്രഹമുള്ളവർക്ക് റഫർ ചെയ്യാവുന്ന മനോഹരമായ ഡിസൈൻ.
സ്ട്രക്ചറിന് 55 ലക്ഷവും ഇന്റീരിയറിന് 30 ലക്ഷവും അടക്കം ഏകദേശം 85 ലക്ഷം രൂപയാണ് വീടിന് ചെലവായത്.
വീടിന്റെ ഭംഗി ആസ്വദിക്കാൻ തുടക്കത്തിൽ കൊടുത്ത വിഡിയോ ഉറപ്പായും കാണുമല്ലോ...
Project facts
Location- Kollam
Plot- 8.5 cent
Area- 2000 Sq.ft
Owner- Sooraj
Design- Perspective Designs And Construction, Kollam