ഈ ചൂടുകാലത്തും ഇവിടെ എസിയും ഫാനും വേണ്ട! കുളിർമ നിറയുന്ന വീട്
Mail This Article
ഈ ചൂടുകാലത്ത്, കേരളത്തിലെ ഭൂരിഭാഗം വീടുകളിലും ആളുകൾ വിയർത്തുകുളിക്കുന്ന സാഹചര്യമാണ്. എസിയും ഫാനും നിർത്താതെ പ്രവർത്തിപ്പിക്കേണ്ട സാഹചര്യം. എന്നാൽ കാലാവസ്ഥയറിഞ്ഞു വീടൊരുക്കിയാൽ ഇതൊഴിവാക്കാം എന്നതിന് മാതൃകയാണ് തിരുവനന്തപുരം കാര്യവട്ടത്തുള്ള 'പ്രകൃതി' എന്ന വീട്.
നഗരത്തിരക്കുകളിൽനിന്നുമാറി സ്വച്ഛസുന്ദരമായ അന്തരീക്ഷത്തിലാണ് വീട് നിലകൊള്ളുന്നത്. കേരളത്തിന്റെ ചൂടുള്ള കാലാവസ്ഥയെ പ്രതിരോധിക്കാനുള്ള സജ്ജീകരണങ്ങളോടെ നിർമിച്ച വീടാണിത്. കോൺക്രീറ്റിന്റെ ഉപയോഗം കഴിവതും കുറച്ച് പ്രകൃതിദത്ത നിർമാണ സാമഗ്രികൾ ഉൾപ്പെടുത്തിയതാണ് ഇവിടെ ചൂടുകുറയ്ക്കുന്നതിൽ നിർണായകമായത്.
'L' ആകൃതിയിലുള്ള 10 സെന്റ് പ്ലോട്ടിനനുസൃതമായാണ് വീടിന്റെ രൂപകൽപന. വീട്ടിലേക്കുള്ള വീതികുറഞ്ഞ വഴിയിൽ മതിലിനിടയിൽ പർഗോള ചെയ്‌ത് പാർക്കിങ് സ്‌പേസാക്കി. പലതട്ടുകളായി ഓടുവിരിച്ച മേൽക്കൂര ഭംഗിക്കൊപ്പം ചൂട് കുറയ്ക്കാനും ഉപകരിക്കുന്നു. ലാറ്ററൈറ്റ് ക്ലാഡിങ്, ടെറാക്കോട്ട ജാളി എന്നിവയുടെ സാന്നിധ്യമാണ് വീടിന്റെ പുറംകാഴ്ചയിൽ വേർതിരിവേകുന്നത്. റാറ്റ് ട്രാപ്പ് ബോണ്ട് ( Rat Trap Bond) എന്ന വിശേഷ ശൈലിയിലാണ് ഭിത്തി കെട്ടിയത്. ലംബമായി കെട്ടുന്ന ഇത്തരം ഭിത്തികൾക്കിടയിൽ വാക്വം സ്‌പേസ് ലഭിക്കുന്നതിനാൽ ചൂട് താരതമ്യേന കുറവായിരിക്കും.
പോർച്ച്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, പൂജാസ്‌പേസ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ, ബാത്റൂം എന്നിവയാണ് താഴത്തെ നിലയിൽ. രണ്ടുകിടപ്പുമുറികൾ, ബാത്റൂം, ബാൽക്കണി എന്നിവയാണ് മുകൾനിലയിൽ. മൊത്തം 2650 ചതുരശ്രയടിയാണ് വിസ്തീർണം.
സെമി-ഓപൺ നയത്തിലാണ് അകത്തളങ്ങൾ ചിട്ടപ്പെടുത്തിയത്. അതിനാൽ ഇടങ്ങൾ തമ്മിൽ പരസ്പരം വിനിമയം ചെയ്യുന്നു. വേണ്ടയിടത്ത് സ്വകാര്യതയുമുണ്ട്. നാച്ചുറൽ ലൈറ്റ്, വെന്റിലേഷൻ എന്നിവ ലഭിക്കുംവിധം ധാരാളം തുറസ്സുകളുണ്ട് ഉള്ളിൽ. ഇത് പോസിറ്റീവ് അന്തരീക്ഷം നിലനിർത്താൻ ഇതുപകരിക്കുന്നു.
ടെറാക്കോട്ട ജാളി വച്ചലങ്കരിച്ച ഭിത്തിയിൽ പൂജാസ്‌പേസ് വേർതിരിച്ചു. ലിവിങ്ങിൽ പ്രകാശം നിറയ്ക്കുന്നത് കോർണർ വിൻഡോകളാണ്.
പലനീളത്തിലുള്ള പടികളാണ് സ്‌റ്റെയറിലെ ആകർഷണം. ഒത്തുചേരൽ വേളകളിൽ ഇവിടം ഇരിപ്പിടമാക്കാം. സ്‌റ്റെയറിന്റെ താഴെ സ്റ്റോർ റൂം നൽകി സ്ഥലം ഉപയുക്തമാക്കി.
ലളിതസുന്ദരമായാണ് നാലുകിടപ്പുമുറികളും ചിട്ടപ്പെടുത്തിയത്. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവയും അനുബന്ധമായി ഒരുക്കി.
പ്ലൈ, ലാമിനേറ്റ് ഫിനിഷിലാണ് ക്യാബിനറ്റ്. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. അനുബന്ധമായി വർക്കേരിയയുമുണ്ട്.
പകൽ സമയത്ത് വീടിനുള്ളിൽ ലൈറ്റും ഫാനുമിടേണ്ട കാര്യമില്ല എന്നതാണ് കാലാവസ്ഥ അറിഞ്ഞുള്ള നിർമാണം വിജയിച്ചു എന്നതിന്റെ തെളിവ്.
Project facts
Location- Kariavattom, Trivandrum
Plot- 10 cent
Area- 2650 Sq.ft
Owner- Sandeep, Monisha
Design- Solo Architects, Trivandrum