പുതിയ തലമുറ ഇങ്ങനെയൊരു വീട് കണ്ടിട്ടുണ്ടാകില്ല! 200 വർഷം പഴക്കമുള്ള വീട് നവീകരിച്ച കഥ; വിഡിയോ
Mail This Article
തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്തിനടുത്ത് കരിച്ചല്‍ എന്ന സ്ഥലത്താണ് സ്മിതയുടെയും കുടുംബത്തിന്റെയും ഈ സ്വപ്നവീടുള്ളത്. ഇരുനൂറോളം വർഷം പഴക്കമുള്ള, കേരളത്തിന്റെ പരമ്പരാഗത വാസ്തുശിൽപ നൈപുണ്യത്തിന്റെ അടയാളമായി, കാലത്തെ അതിജീവിച്ചു നിലകൊണ്ട തറവാടിനെ സംരക്ഷിച്ചുകൊണ്ട് കാലോചിതമായി നവീകരിച്ച കഥ സ്മിത പറയുന്നു...
കുറേ തലമുറകളുടെ കഥ പറയുന്ന ഞങ്ങളുടെ കുടുംബവീടാണ്. എന്റെ അച്ഛന്‍ ജനിച്ചു വളർന്ന വീടാണിത്. ഞാൻ ജനിച്ചു വളർന്നത് ഇവിടെയാണ്. പഴയ തറവാട് ഓല മേഞ്ഞതായിരുന്നു. ഒരുപാട് കൊത്തുപണികളും നിലവറയും ഉണ്ട്. ഒറ്റഫ്രെയിമിലാണ് പഴയ വീട് നിർമിച്ചത് എന്ന പ്രത്യേകതയുമുണ്ട്. അടിയിലും മുകളിലും ഒറ്റ തടിയിലാണ് ഇതുനിൽക്കുന്നത്. പഴയ വീട്ടിലും പുതിയ വീട്ടിലും കോൺക്രീറ്റ് ഉപയോഗിച്ചിട്ടില്ല.
നടുമുറ്റമാണ് വീടിന്റെ മറ്റൊരു പ്രത്യേകത. പഴയ വീടിന്റെ നടുമുറ്റം നിലനിർത്തി കൂടുതൽ ഭംഗിയാക്കി. പ്രധാന വാതിൽ തുറന്ന് വരുന്നത് ചെറിയ ഒരു മുറിയിലേക്കാണ്. ഇവിടെനിന്ന് ഇറങ്ങുന്നത് നടുമുറ്റത്തേക്കാണ്. നടുമുറ്റത്ത് ഒരു കുളവും അതിനടുത്തായി ചന്ദനമരവുമുണ്ട്.
ഉയരം കുറഞ്ഞ മേൽക്കൂരയാണ് പഴയ വീടിനുള്ളത്. നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും കാലാവസ്ഥാവ്യതിയാനമനുസരിച്ചുള്ള ഒരു മാറ്റങ്ങളും തടികൊണ്ടുള്ള ചുവരുകൾക്ക് സംഭവിച്ചിട്ടില്ല. ചുറ്റുവരാന്തയിൽ സ്റ്റോറേജ് സ്പേസ് കൊടുത്ത് അതിനെ ഇരിപ്പിടങ്ങളാക്കി മാറ്റിയിരിക്കുന്നു.
വീടിന് രണ്ടു പൂമുഖമാണുള്ളത്. പഴയ വീടിന്റെ അകത്തേക്കു തുറക്കുന്ന ജനാലകള്‍ അതേപോലെ നിലനിർത്തിയാണ് നവീകരിച്ചിരിക്കുന്നത്. രണ്ടു കിടപ്പുമുറികൾ, ബാത്റൂം, ഡൈനിങ്, കിച്ചൻ എന്നിവയാണ് പുതുതായി കൂട്ടിച്ചേർത്തത്. കൂട്ടിച്ചേർത്ത ഭാഗം നിർമിച്ചിരിക്കുന്നത് മഡ് ഇന്റർലോക്ക് കട്ടകൾ ഉപയോഗിച്ചാണ്. ഓപൺ രീതിയിൽ ആധുനിക സൗകര്യങ്ങളോടു കൂടിയാണ് കിച്ചൻ ഒരുക്കിയിരിക്കുന്നത്. ഒരു ബ്രേക്ഫാസ്റ്റ് കൗണ്ടറും ഇവിടെയുണ്ട്.
പുതിയ ഭാഗങ്ങൾ കൂട്ടിച്ചേർത്ത വീടിന്റെ പ്രധാനവാതിൽ തേക്കുകൊണ്ടാണ്. കിണർ കലാപരമായി ഒരുക്കി. വീടിന്റെ ഔട്ട്ഡോർ ഏരിയയിലെ ഭിത്തിയിൽ ആർട്ട് വർക്ക് ചെയ്ത് മനോഹരമാക്കി.
പഴയ വീട് നിലനിർത്തി നവീകരിക്കാൻ തീരുമാനിച്ചപ്പോൾ, പാഴ്ചെലവാണ്, റിസ്കാണ് എന്നൊക്കെപ്പറഞ്ഞു പലരും പിന്തിരിപ്പിക്കാൻ നോക്കി. എങ്കിലും ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ, ഞങ്ങൾ ചെയ്ത നല്ല തീരുമാനമായിട്ടാണ് അനുഭവപ്പെടുന്നത്.
വീടിന്റെ വിശദമായ കാഴ്ചകൾക്കായി മുകളിൽ കൊടുത്ത വിഡിയോ കാണുമല്ലോ..