പഴയ വീട്ടിലെ അബദ്ധങ്ങൾ പരിഹരിച്ചു: മാറിയ ട്രെൻഡിന് ചേർന്ന വീട്
Mail This Article
കാലം മാറുന്നതിനനുസരിച്ച് വീടിനും മാറ്റം വരണം. വീടുപണിയുടെ പല ഘട്ടങ്ങളിലും സംഭവിച്ച അബദ്ധങ്ങൾ, കാലം മുന്നോട്ടു പോകുംതോറും ബുദ്ധിമുട്ടുകൾ കൂട്ടിക്കൊണ്ടിരിക്കും. 20 വർഷം മുൻപു പണിത വീട്ടിലെ അബദ്ധങ്ങളും പോരായ്മകളും പരിഹരിച്ച്, സൗകര്യങ്ങൾ കൂട്ടുക എന്നതാണ് ‘വീടു പുതുക്കൽ’ എന്നതുകൊണ്ട് ഉടമ അനിശേഷൻ ഉദ്ദേശിച്ചത്.
തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് അനിശേഷന്റെയും കുടുംബത്തിന്റെയും വീട്. പഴയ വീടിനു മൂന്നു ബെഡ്റൂമുകളാണുണ്ടായിരുന്നത്. വീടിന്റെ ഭിത്തികൾ പലതും ചരിഞ്ഞായിരുന്നു. റൂഫ് ചരിച്ചാണു വാർത്തിരുന്നത്. അടുക്കളയ്ക്കു സൗകര്യക്കുറവുണ്ടായിരുന്നു. മുറികളുടെ വലുപ്പവും കൂട്ടി ആകെയൊരു മാറ്റമാണ് ഈ വീടിനു വേണ്ടിയിരുന്നത്.
ഏറ്റവും പുതുമയുള്ള കന്റംപ്രറി ശൈലിയാണു പുതുക്കലിനായി തിരഞ്ഞെടുത്തത്. കുറച്ചധികം കാലം കഴിഞ്ഞാലും വീടു പുതുമയോടെ ഇരിക്കണമെന്നതും അനിശേഷന്റെ ആവശ്യമായിരുന്നു. എലിവേഷനിൽത്തന്നെ പ്രകടമായ മാറ്റം വരുത്തി പുതുക്കലിനു തുടക്കം കുറിച്ചു. ചരിച്ചു വാർത്തിരുന്ന മേൽക്കൂര പൊളിച്ചു കളഞ്ഞ്, കന്റംപ്രറി ശൈലിയിലേക്ക്, ചതുരാകൃതിയിലേക്കു മാറ്റി.
പോർച്ച്, സിറ്റൗട്ട്, സ്വീകരണമുറി, അടുക്കള, മൂന്നു ബെഡ്റൂം, രണ്ടു ബാത്റൂം, മുകളിലെ ഓപ്പൺ െടറസ്, ബാൽക്കണി എന്നിങ്ങനെയായിരുന്നു പഴയ വീടിന്റെ ലേഔട്ട്.
ഷെയ്പ് ഇല്ലാതിരുന്ന ബെഡ്റൂമുകൾ പുതുക്കിയെടുത്തു. കുട്ടികളുടെ മുറിയും അതിന്റെ ടോയ്‌ലെറ്റും നിലനിർത്തി വലിപ്പം കൂട്ടി. അതുപോലെ ഹാളിലുണ്ടായിരുന്ന സ്റ്റെയർ പൂർണമായും പൊളിച്ചുമാറ്റി റീഡിസൈൻ ചെയ്തു. പുതിയതായി ഒരു കോർട്ട്‌യാർഡ് സെറ്റ് ചെയ്തു. കോർട്ട്‌യാർഡിന്റെ ഭിത്തിയിൽ നാച്ചുറൽ ക്ലാഡിങ് നൽകി ഹൈലൈറ്റ് ചെയ്തു. അതോടു ചേർന്നു പൂജാമുറിയും ഒരുക്കി.
അടുക്കള പൂർണമായും പൊളിച്ചു നീക്കിയതിനു ശേഷം ഊണുമുറിയും അടുക്കളയും ഡിസൈൻ മെച്ചപ്പെടുത്തി കൂടുതൽ വിശാലമാക്കി. ഊണുമുറിയുടെ സീലിങ്ങിൽ വാൾപേപ്പർ നൽകി. മാസ്റ്റർ ബെഡ്റൂമിന്റെ ഭിത്തി പൊളിച്ചു വലുപ്പംകൂട്ടുകയും അറ്റാച്ച്ഡ് ബാത്റൂം ചേർക്കുകയും ചെയ്തു.
എല്ലാ ബാത്റൂമിനും സ്റ്റോറേജ് സെറ്റ് ചെയ്തു. മൾട്ടിവുഡ് മെറ്റീരിയലിൽ മൈക്ക വച്ചു ഫിനിഷ് ചെയ്തതു കൊണ്ടു നനവു ബാധിക്കില്ല.
മുകള്‍നിലയിലേക്കു വരുമ്പോൾ, അപ്പർ ലിവിങ്ങും ഒരു അറ്റാച്ച്ഡ് കിടപ്പുമുറിയും കൂടി കൂടുതലായി ഡിസൈൻ ചെയ്തു.
ജനാലകളും വാതിലുകളുമെല്ലാം പൂർണമായി പൊളിച്ചു മാറ്റി പുതിയ ഡിസൈനിനു ചേരുന്നവ നൽകി. എല്ലാ കിടപ്പുമുറികൾക്കും വാർഡ്രോബ് ഉണ്ടാക്കി. അതിനു തേക്കിൻതടിയാണ് ഉപയോഗിച്ചത്. പെയിന്റ് പോളിഷ് ഉപയോഗിച്ചു ഫിനിഷ് ചെയ്തു.
മൾട്ടിവുഡ്, പ്ലൈവുഡ് എന്നിവ ചേർത്താണ് അടുക്കള കബോർഡുകൾ തയാറാക്കിയത്. കൗണ്ടർടോപ്പിനു നാനോ വൈറ്റ് നിറവും കൊടുത്തു.
എല്ലാ മുറികളും വിശാലമാക്കി വായുസഞ്ചാരം കൂട്ടുകയാണു ചെയ്തത്. അങ്ങനെ സ്റ്റൈലിനൊപ്പം കംഫർട്ടും തരുന്ന വീടാണിത്.
Project facts
Location- Neyyatinkara
Owner- Anisheshan
Design- Visakh
DOT Architects