ഏത് മലയാളിയും കൊതിക്കും! 2024 ൽ കണ്ട ഏറ്റവും ഭംഗിയുള്ള വീട്! വിഡിയോ
Mail This Article
എറണാകുളം കിഴക്കമ്പലത്തുള്ള വിപിന്റെയും ഹിമയുടെയും 'നില' എന്ന വീടിന്റെ വിശേഷങ്ങളിലേക്ക്...
ബെംഗളൂരുവിൽ ജോലിചെയ്യുന്ന ഐടി ദമ്പതികൾക്ക് നഗരത്തിരക്കുകളിൽ നിന്ന് ഒളിച്ചോടി സ്വച്ഛസുന്ദരമായി ജീവിക്കാൻ ഒരിടം വേണമെന്ന ആഗ്രഹമായിരുന്നു. അങ്ങനെ കേരളത്തിന്റെ പരമ്പരാഗത ശൈലിയും പുതിയകാല സൗകര്യങ്ങളും ഭംഗിയായി കോർത്തിണക്കി വീടൊരുക്കി. കഴിവതും പ്രകൃതി സൗഹൃദമായി നിർമിച്ച വീടാണിത്. മണ്ണിന്റെ നിറവും ഭംഗിയുമാണ് പുറംകാഴ്ചയിൽ. ടെറാകോട്ട ഓടുകൾ, എക്സ്പോസ്ഡ് ബ്രിക് വർക്, ടെറാകോട്ട ജാളി- ഇവയാണ് പുറംകാഴ്ചയ്ക്ക് മനോഹാരിതയേകുന്നത്.
തേക്കാത്ത ബ്രിക്ക് ചുവരിന്റെ ഭംഗിയാണ് സിറ്റൗട്ടിൽ. ക്ലിയർ കോട്ട് അടിച്ച ഭിത്തിയുടെ മധ്യത്തിൽ കോർട്യാർഡിന്റെ വ്യൂ ലഭിക്കുന്ന വൃത്താകൃതിയിലുള്ള ജാലകവും നൽകി.
കാർപോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, ബാത് അറ്റാച്ച്ഡായ രണ്ടു കിടപ്പുറിമുറികൾ എന്നിവയാണ് താഴത്തെ നിലയിൽ. മുകളിൽ ഒരു ബെഡ്റൂം, ജിം സ്പേസ്, ബാൽക്കണി എന്നിവയുണ്ട്. ഏകദേശം 1800 ചതുരശ്രയടിയാണ് വിസ്തീർണം.
സിറ്റൗട്ടിൽ നിന്ന് കയറിവരുമ്പോൾ ഇടങ്ങളെ കണക്ട് ചെയ്യാനായി മൊറോക്കൻ ഫിനിഷുള്ള പാറ്റേൺ ടൈൽസ് വിരിച്ച പാസേജ് ഒരുക്കി. പ്രധാന വാതിൽ കടന്നു പ്രവേശിക്കുന്നത് ഫോർമൽ ലിവിങ് സ്പേസിലേക്കാണ്. ഇവിടെ ഇൻബിൽറ്റ് സ്റ്റോറേജോടു കൂടിയ ഫർണിച്ചറാണ്. ടിവി യൂണിറ്റും ക്രമീകരിച്ചു. ഒരുഭാഗത്ത് ഫുൾ ലെങ്ത് സ്ലൈഡിങ് യുപിവിസി വിൻഡോസ് സ്ഥാപിച്ചു.
അടുത്തതായി പ്രവേശിക്കുന്നത് സ്‌റ്റെയർ- കോർട്യാർഡ്- ഡൈനിങ്- കിച്ചൻ ഉൾപ്പെടുന്ന ഹാളിലേക്കാണ്. വീടിന്റെ ആത്മാവ് നടുമുറ്റമാണ്. ഇതിനെ കേന്ദ്രീകരിച്ചാണ് ബാക്കി ഇടങ്ങളെല്ലാം. കുറച്ചിട തുറന്ന മേൽക്കൂരയുള്ള നടുമുറ്റം ജിഐ മെഷ് ഉപയോഗിച്ച് സുരക്ഷിതമാക്കിയിട്ടുണ്ട്. ചെടികളുടെ സാന്നിധ്യം ഹരിതാഭ നിറയ്ക്കുന്നു. മഴയും വെയിലും കാറ്റും ഉള്ളിലെത്തുന്ന നടുമുറ്റം വീടിനുള്ളിലെ താപനില ക്രമീകരിക്കുന്നതിലും പങ്കുവഹിക്കുന്നു.
വീതി കുറഞ്ഞ് നീളത്തിലാണ് വീടിരിക്കുന്ന 11 സെന്റ്. തന്മൂലം സെറ്റ്ബാക്കിനായി അധികം സ്ഥലം വിടേണ്ടി വന്നിട്ടുണ്ട്. ബുദ്ധിപരമായിട്ടുള്ള ഡിസൈനിലൂടെ സെറ്റ് ബാക്കിനെ വീടിന്റെ ഒരുഭാഗമായി മാറ്റി സ്ഥലം ഉപയുക്തമാക്കി. ചുറ്റുമതിൽ ഉയർത്തിക്കെട്ടി മുകളിൽഗ്ലാസ് റൂഫിങ് നൽകിയതോടെ ആ സ്പേസ് കൂടി വീടിന്റെ ഭാഗമായി. വാഷ് ഏരിയയും ഗ്യാസ് സിലിണ്ടർ സ്‌പേസും ഇവിടെയാണ്.
ആധുനികസൗകര്യങ്ങൾ ഉൾപ്പെടുത്തി കയ്യൊതുക്കത്തിൽ കിച്ചനൊരുക്കി. മൾട്ടിവുഡ് മൈക്ക ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റുകൾ. ഇതിനോടുചേർന്ന് വിശാലമായ വർക്കേരിയയും ഒരുക്കി. വർക്കിങ് കിച്ചന്‍, ലോൺട്രി ഏരിയ, പുകയടുപ്പ്, തുണി തേക്കാനുള്ള ഏരിയ എന്നിവയ്ക്കുള്ള സൗകര്യവും ഇവിടെ ക്രമീകരിച്ചു.
റിസോർട്ടിനെ അനുസ്മരിപ്പിക്കും വിധം മനോഹരമായാണ് കിടപ്പുമുറികൾ. മാസ്റ്റർ ബെഡ്‌റൂമിൽ അനുബന്ധമായി സൈഡ് കോർട്യാഡും ഒരുക്കി. രണ്ടാമത്തെ ബെഡ്റൂമിൽ വാഡ്രോബ്, ബേ വിൻഡോ എന്നിവയും ചിട്ടപ്പെടുത്തി. ഈ മുറിയിലിരുന്നാൽ നടുമുറ്റത്തിന്റെ മനോഹരകാഴ്ചകളും ആസ്വദിക്കാം.
ടെറസ്, മൾട്ടി യൂട്ടിലിറ്റി ഏരിയയാക്കി മാറ്റി. ജിം, വർക് സ്പേസ്, പോർട്ടബിൾ പൂൾ എന്നിവ ഇവിടെയുണ്ട്. ചുറ്റിലും ടെറാകോട്ട ജാളികൾ നൽകി, മേൽക്കൂര ട്രസ് ചെയ്ത് ഓടുവിരിച്ചു. സമീപമുള്ള വയലിന്റെ കാറ്റും കാഴ്ചകളും ഇവിടെയിരുന്നാസ്വദിക്കാം.
സ്ട്രക്ചറും ഫർണിഷിങ്ങും അടക്കം ഏകദേശം 65 ലക്ഷം രൂപയാണ് ഈ വീടിന് ചെലവായത്.
വീടിന്റെ ഭംഗി ആസ്വദിക്കാൻ തുടക്കത്തിൽ കൊടുത്തിരിക്കുന്ന വിഡിയോ ഉറപ്പായും കാണുമല്ലോ..
Project facts
Location- Kizhakambalam, Ernakulam
Plot- 11 cent
Area-1800 Sq.ft
Owner- Vipin, Hima
Architect- View Point Designs, Thrissur