ദിവസം മുഴുവൻ മനോഹരകാഴ്ചകൾ: പേരുപോലെ പറുദീസയാണ് ഈ വീട്; വിഡിയോ
Mail This Article
എറണാകുളം ജില്ലയിലെ തൈക്കൂടത്തുള്ള റോഷന്റെയും മിന്റുവിന്റെയും പറുദീസ എന്ന വീടിന്റെ വിശേഷങ്ങളിലേക്ക്...
ട്രെഡീഷണൽ കന്റംപ്രറി ഫ്യൂഷൻ ശൈലിയിലാണ് ഈ വീട് ഒരുക്കിയിരിക്കുന്നത്. ചമ്പക്കര കനാലിന്റെ മനോഹര ദൃശ്യങ്ങളിലേക്ക് തുറക്കുന്ന രീതിയിൽ തെക്കോട്ടാണ് വീടിന്റെ ദർശനം. രണ്ടു വശത്തും റോഡുകളുള്ള പത്തൊൻപതര സെന്റ് പ്ലോട്ടിനനുസൃതമായിട്ടാണ് വീട് നിർമിച്ചത്.
മെയിൻ ഗേറ്റ് കൂടാതെ വിക്കറ്റ് ഗേറ്റുമുണ്ട്. ക്യാന്റിലിവർ ശൈലിയിലാണ് കാർപോർച്ച്. ചെറിയ സിറ്റൗട്ട് ക്രമീകരിച്ചു. പ്രധാന വാതിൽ തേക്കിൻ തടിയിലാണ്. വീടിന്റെ 90 ശതമാനം ഇടങ്ങളും ഓട്ടമേറ്റഡ് ആണ്. 10 കെവി സോളാർ പാനൽ വച്ചിട്ടുണ്ട്. ഉപയോഗം കഴിഞ്ഞുള്ള വൈദ്യുതി കെ.എസ്.ഇ.ബിക്കു നൽകുന്നു. കറണ്ട് ബില്ലിനെ പേടിക്കേണ്ട എന്ന ഗുണവുമുണ്ട്.
സിറ്റൗട്ട്, ഫാമിലി ലിവിങ്ങ്, ഡൈനിങ്ങ്, വാഷ് ഏരിയ, കിച്ചൻ, നാല് ബെഡ്റൂം, ഹോംതിയറ്റർ, സ്റ്റഡി ഏരിയ, പാർട്ടി സ്പേസ്, പൂൾ എന്നിവയാണ് വീടിനുള്ളിലെ ഇടങ്ങൾ.
പ്രധാന വാതിൽ തുറന്ന് വരുന്നത് ഫോർമൽ ലിവിങ്ങിലേക്കാണ്. ഇതിനോട് ചേർന്ന് സുതാര്യമായ ഗ്ലാസില്‍ ഗോൾഡൻ തീമിൽ ലിഫ്റ്റുണ്ട്. അടുത്തതായി ഡബിൾ ഹൈറ്റിൽ കസ്റ്റമൈസ്ഡ് ഫർണിച്ചറും ടിവി യൂണിറ്റും ഉൾപ്പെടുത്തിയ ഫാമിലി ലിവിങ്ങ് ഒരുക്കി.
ഫാമിലി ലിവിങ്ങിൽ നിന്ന് പ്രവേശിക്കുന്നത് ഡൈനിങ്ങിലേക്കാണ്. ഇവിടെ ആർട്ടിഫിഷ്യൽ മാർബിളിൽ ഡൈനിങ്ങ് ടേബിൾ ഒരുക്കി. അനുബന്ധമായി വാഷ് ഏരിയയുണ്ട്.
ഡൈനിങ്ങിന്റെ ഒരു വശത്തായി ഫുൾ ലെങ്ത് സ്ലൈഡിങ്ങ് ഫോൾഡിങ്ങ് ഡോർ നൽകിയിരിക്കുന്നു. ഈ ഡോർ തുറന്നിറങ്ങുന്നത് ഒരു സർപ്രൈസ് സ്പേസിലേക്കാണ്. ഇവിടെ ഒരു പൂൾ ഒളിപ്പിച്ചു വച്ചിരിക്കുന്നു. വീട്ടിലെ കുഞ്ഞുങ്ങളുടെ സുരക്ഷയ്ക്കായാണ് ഇങ്ങനെ ചെയ്തിരിക്കുന്നത്. ഡക്ക് വുഡ് ഓട്ടോമേറ്റ് ചെയ്ത് സ്ലൈഡ് ചെയ്യുന്ന രീതിയിലാണ് ഇത് നിർമിച്ചിരിക്കുന്നത്.
ബ്രേക്ക് ഫാസ്റ്റ് കൗണ്ടർ ഉൾപ്പെടെയുള്ള ഒരു ഓപൺ കിച്ചനും അതിനോട് ചേർന്ന് ഒരു വർക്കിങ്ങ് കിച്ചനും കൊടുത്തിരിക്കുന്നു.
താഴെയും മുകളിലുമായി മൊത്തം നാലു ബെഡ്റൂമുകളാണുള്ളത്. കബോർഡ്, കിങ് സൈസ് ബെഡ്, ഹെഡ് ബോർഡ്, ടിവി സ്പേസ് തുടങ്ങിയവ എല്ലാ ബെഡ്റൂമുകളിലും കൊടുത്തിരിക്കുന്നു.
സ്റ്റെയർ തേക്കിലാണ് തീർത്തിരിക്കുന്നത്. സ്റ്റെയർ കയറി വരുന്നയിടം സ്റ്റഡി ഏരിയ ആക്കി മാറ്റിയിരിക്കുന്നു. മുകളിലായി ഒരു ഹോംതിയേറ്ററും പാർട്ടി സ്പേസും ഒരുക്കിയിട്ടുണ്ട്. കനാലിന്റെ മനോഹരകാഴ്ചകളിലേക്ക് തുറക്കുന്ന രണ്ടു ബാൽക്കണികളാണ് വീടിന്റെ മുകൾനിലയിലെ ഹൈലൈറ്റ്.
Project facts
Location- Thaikoodam, Ernakulam
Owner- Roshan, Mintu
Design- Mejo Kurian
Voyage Designs
Mob- 9745640027