വരുമാനം നൽകുന്ന വീട്! പുതിയകാല കേരളത്തിന് ചേർന്ന മോഡൽ
Mail This Article
കോഴിക്കോട് വെള്ളിമാടുകുന്നിലാണ് നിഷാന്ത്- അനു ദമ്പതികളുടെ പുതിയ വീട്. ഒരുപരിധി കഴിഞ്ഞാൽ വീട് ഒരു 'ഡെഡ് ഇൻവെസ്റ്റ്‌മെന്റ്' ആകുമെന്ന തിരിച്ചറിവിൽ, 'വരുമാനം നൽകുന്ന വീട്' എന്ന കൺസെപ്റ്റിലാണ് ഇവിടെ കാര്യങ്ങൾ. അതായത് നിലവിൽ ദമ്പതികൾക്ക് സ്‌കൂളിൽ പഠിക്കുന്ന രണ്ടു കുട്ടികളുണ്ട്. അവർക്ക് പ്രത്യേകം മുറികൾ, സൗകര്യങ്ങൾ വേണം. കുറെ വർഷങ്ങൾക്കുശേഷം ഉന്നത വിദ്യാഭ്യാസം- തൊഴിൽ ആവശ്യങ്ങൾക്കായി കുട്ടികൾ പറന്നുപോകുമ്പോൾ വീട് ശൂന്യമാകും. ആ സമയം മുകൾനില വാടകയ്ക്ക് നൽകിയാൽ വരുമാനവും ലഭിക്കും, ഒറ്റപ്പെടൽ ഒഴിവാക്കുകയും ചെയ്യാം.
ഇതിനായി മുകൾനിലയിൽ രണ്ടു കിടപ്പുമുറികൾ, ബാത്റൂം, ഹാൾ, കിച്ചൻ എന്നിവ ക്രമീകരിച്ചു. ഇവിടേക്ക് പുറത്തുനിന്ന് പ്രത്യേക സ്റ്റെയറും നൽകി. ഇവിടെ ഒരു കുടുംബത്തിന് സുഖമായി താമസിക്കാം. അതുവഴി വാടക വരുമാനവും നേടാം.
വീതി കുറഞ്ഞു നീളത്തിലുള്ള പ്ലോട്ടിനനുസരിച്ച് പിന്നിലേക്കാണ് വീടിന്റെ ഇടങ്ങൾ വരുന്നത്. രണ്ടു തട്ടുകളായി ചരിഞ്ഞ, ഓടുവിരിച്ച മേൽക്കൂര കാലാവസ്ഥയുമായി ചേർന്നുനിൽക്കുന്നു. പ്രാദേശികമായി നല്ല ചെങ്കല്ല് ലഭ്യമായതിനാൽ ഭിത്തി കെട്ടാൻ ചെങ്കല്ല് ഉപയോഗിച്ചു. ഇത് പലയിടത്തും സ്വാഭാവികത്തനിമയിൽ തേക്കാതെ നിലനിർത്തിയിട്ടുണ്ട്.
സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവ താഴെയുണ്ട്. ഓപൺ നയത്തിൽ അകത്തളങ്ങൾ ഒരുക്കിയതിനാൽ പരമാവധി വിശാലത അനുഭവപ്പെടുന്നു. നാച്ചുറൽ ലൈറ്റ്, ക്രോസ് വെന്റിലേഷൻ എന്നിവ ഉറപ്പുവരുത്തിയാണ് ഇടങ്ങൾ വിന്യസിച്ചത്. സാധാരണ പകൽ ലൈറ്റിടേണ്ട ആവശ്യം വരുന്നില്ല.
കടുംനിറങ്ങളുടെ അതിപ്രസരമില്ലാതെ സ്വാഭാവികത്തനിമയിൽ അകത്തളമൊരുക്കി. കോമൺ ഇടങ്ങളിൽ കോട്ട സ്റ്റോൺ നിലത്തുവിരിച്ചു. ഇതിനോട് ചേരുംവിധം റസ്റ്റിക് ഫിനിഷിൽ സീലിങ്ങും പലയിടത്തുംകാണാം.
ഡൈനിങ്ങിലേക്ക് തുറന്ന കയ്യൊതുക്കത്തിലുള്ള കിച്ചൻ. പ്ലൈവുഡ്+ ലാമിനേറ്റ് ഫിനിഷിലാണ് ക്യാബിനറ്റ്. അനുബന്ധമായി വർക്കേരിയയുമുണ്ട്.
അടച്ചുകെട്ടുന്നതിന് പകരം പച്ചപ്പിലേക്ക് തുറക്കുംവിധം കിടപ്പുമുറികൾ വിന്യസിച്ചു. മാസ്റ്റർ ബെഡ്‌റൂമിൽനിന്ന് ഗാർഡനിലേക്ക് ഇറങ്ങാൻ വലിയ ഗ്ലാസ് ജാലകം നൽകി. ബാത്‌റൂമിൽ ഒരുക്കിയ ചെറിയ പച്ചത്തുരുത്തുകളാണ് മറ്റൊരാകർഷണം.
ചുരുക്കത്തിൽ ആളുകളുടെ എണ്ണത്തിനനുസരിച്ച് കാലക്രമേണ വലുതാക്കുകയും ചെറുതാക്കുകയും ചെയ്യാവുന്ന, അതിലുപരി വരുമാനം നൽകുന്ന ഇത്തരം വീടുകളാണ് ഇനി കേരളത്തിൽ കൂടുതൽ യോജ്യമാവുക.
Project facts
Location- Vellimadukunnu, Calicut
Plot- 6.5 cent
Area- 2200 Sq.ft
Owner- Nishanth, Anu
Design- Thinkland, Calicut