മേഘമൽഹാർ- ഇത് മഴ ആസ്വദിക്കുന്ന വീട്; വിഡിയോ
Mail This Article
ഒറ്റവാചകത്തിൽ 'മഴ ആസ്വദിക്കാനായി നിർമിച്ച വീട്' എന്ന് എറണാകുളം അങ്കമാലിയിലുള്ള രോഹിത്-മീര ദമ്പതികളുടെ വീടിനെ വിശേഷിപ്പിക്കാം. വീടിന്റെ പേര്, മഴയും സംഗീതവുമായി ബന്ധപ്പെട്ടിരിക്കുന്നു- മേഘമൽഹാർ. ആറുമാസത്തോളം മഴപെയ്യുന്ന കേരളത്തിന്റെ ട്രോപ്പിക്കൽ കാലാവസ്ഥ കൂടി പരിഗണിച്ചാണ് രൂപകൽപന. മഴ ആസ്വദിക്കാനായി നിരവധി ഇടങ്ങൾ വീട്ടിൽ ഒരുക്കിയിട്ടുണ്ട്. റെസ്പോൺസീവ് ആർക്കിടെക്ചറൽ വെൽ ബീയിങ്ങിലെ (RAW) ആർക്കിടെക്ട് അഭിജിത്താണ് വീട്ടുകാരുടെ ഇഷ്ടങ്ങൾക്കനുസരിച്ച് വീട് രൂപകൽപന ചെയ്തത്.
പ്രധാന ഗെയ്റ്റ് കൂടാതെ പരമ്പരാഗത ശൈലിയിൽ പടിപ്പുരയും ഇവിടെയുണ്ട്. ഈ പടിപ്പുരയും പ്രധാനവാതിലും വീടിനുള്ളിലെ ഇടനാഴിയും നേർരേഖയിലാണ് വിന്യസിച്ചത്. കാർപോർച്ച്, നെടുനീളൻ സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, കോർട്യാഡ്, താഴത്തെ നിലയിൽ രണ്ടു ബെഡ്റൂമുകളും ബാത്റൂമും, മുകൾനിലയിൽ രണ്ടു ബെഡ്റൂം, ബാത്റൂം, മൾട്ടിയൂട്ടിലിറ്റി ഏരിയ, പൂജ സ്പേസ്, ബാൽക്കണി എന്നിവയാണ് 2950 സ്ക്വയർഫീറ്റിൽ ഉൾക്കൊള്ളിച്ചത്.
മണ്ണിന്റെ നിറമുള്ള നിരവധി ഇടങ്ങൾ ഇവിടെയുണ്ട്. ചരിഞ്ഞ മേൽക്കൂരയിൽ വിരിച്ച കളിമൺ ഓട്, അകത്തും പുറത്തും ബ്രിക് സ്‌റ്റോൺ ക്ലാഡിങ് ഫിനിഷിൽ ഒരുക്കിയ ഹൈലൈറ്റർ ഭിത്തികൾ എന്നിവ ഉദാഹരണം. മഴ ആസ്വദിച്ചിരിക്കാൻ, ഒത്തുചേരലുകൾക്ക് വേദിയൊരുക്കാൻ, നീളത്തിലാണ് ഇൻബിൽറ്റ് സീറ്റിങ്ങോടുകൂടിയ സിറ്റൗട്ട് ക്രമീകരിച്ചിരിക്കുന്നത്.
പ്രധാന വാതിൽ തേക്കിൽ കൊത്തുപണികളോടെ ഒരുക്കി. അകത്തേക്ക് കയറിയാൽ ഇടനാഴിയിലൂടെയാണ് വിവിധ ഇടങ്ങൾ ബന്ധിപ്പിച്ചിരിക്കുന്നത്. സ്വകാര്യതയോടെ സ്വീകരണമുറി ഒരുക്കി. കസ്റ്റമൈസ്ഡ് സോഫ, ടിവി യൂണിറ്റ് എന്നിവ ഇവിടെയുണ്ട്. ഗൃഹനാഥന്റെ ബന്ധുക്കൾ സമ്മാനിച്ച ആർട്ട് വർക്കുകളാണ് അകത്തളം അലങ്കരിക്കുന്നത്. വീടിന്റെ കോമണ്‍ ഏരിയകളിൽ കോമൺ ഫ്ലോറിങ്ങാണ് (മൊറോക്കൻ ഫിനിഷുള്ള ഡിസൈനർ ടൈൽ) ചെയ്തിരിക്കുന്നത്.
ഇടനാഴിയിലൂടെ അടുത്തതായി പ്രവേശിക്കുന്നത് കോർട്യാർഡിലേക്കാണ്. ഡബിൾഹൈറ്റിലാണ് ഇവിടം ഒരുക്കിയത്. മുകളിൽ ടഫൻഡ് ഗ്ലാസ് ഇട്ടുസുരക്ഷിതമാക്കി. ഭിത്തി ബ്രിക് ക്ലാഡിങ് പതിച്ച് ഹൈലൈറ്റ് ചെയ്തു. രണ്ടു നിലകളെ തമ്മിൽ കണക്റ്റ് ചെയ്യുന്ന ഇടംകൂടിയാണിത്.
സ്ക്വയർ ട്യൂബിൽ തേക്കിന്റെ പ്ലാങ്ക്സ് വിരിച്ചാണ് സ്റ്റെയർ നിർമിച്ചത്. സ്റ്റെയറിനു താഴെയുള്ള ഇടം ഒത്തുകൂടാനുള്ള ഇടമാക്കി മാറ്റി.
തിരക്കിട്ട ജീവിതശൈലിയുള്ള ദമ്പതികൾക്ക് വിശാലമായ പാചകപരിപാടികൾ ഉണ്ടാകാറില്ല. അതിനാൽ കിച്ചനും ചെറുതാക്കി. അനുബന്ധമായി ഡൈനിങ്, വർക്കേരിയ എന്നിവയും ഒരുക്കി.
താഴെയും മുകളിലും രണ്ടുവീതം കിടപ്പുമുറികളുണ്ട്. പ്രായമായ മാതാപിതാക്കളുടെ കിടപ്പുമുറിയിൽ പച്ചപ്പിലേക്ക് തുറക്കുന്ന നിരവധി ഗ്ലാസ് ജാലകങ്ങളുണ്ട്. മഴ ആസ്വദിച്ചിരുന്ന് വായിക്കാനായി ബേവിൻഡോയും ക്രമീകരിച്ചു. വീട് പണിയുന്നവർക്ക് റഫർ ചെയ്യാൻ നിരവധി തരത്തിലുള്ള ജാലകങ്ങൾ വീട്ടിൽ ഒരുക്കിയിട്ടുണ്ട്. ഇതിന്റെ ക്രെഡിറ്റും ആർക്കിടെക്ട് അഭിജിത്തിനാണ് വീട്ടുകാർ നൽകുന്നത്.
മുകൾനിലയിൽ രണ്ടു കിടപ്പുമുറികളും ലളിതമായി ഒരുക്കി. ഒരു മുറിക്ക് മഴ ആസ്വദിക്കാൻ പാകത്തിൽ ബാൽക്കണിയുണ്ട്. ഇതുകൂടാതെ കോമൺ ബാൽക്കണിയും ചിട്ടപ്പെടുത്തി. ഇവിടെനിന്ന് നന്നായി മഴ ആസ്വദിക്കാം. തുണി ഉണക്കാനായി മൾട്ടിയൂട്ടിലിറ്റി സ്പേസും മുകളിൽ ഒരുക്കി.
ചുരുക്കത്തിൽ മഴയുടെ രാഗ-താള-ഭാവങ്ങൾ ആസ്വദിക്കാൻ പാകത്തിൽ ഒരുക്കിയ മഴയുടെ രാഗത്തിലുള്ള 'മേഘമൽഹാർ' ഹൃദ്യമായ ഒരനുഭവമാണ്. ഇനിയും വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിക്കുന്നതിനേക്കാൾ സവിശേഷതകൾ ഇവിടെയുണ്ട്. അത് ആസ്വദിക്കാൻ തുടക്കത്തിൽ കൊടുത്തിരിക്കുന്ന വിഡിയോ കാണുമല്ലോ...
Project facts
Location- Angamali
Area- 2950 Sq.ft
Owner- Rohit, Meera
Architect - Abhijith Alangottil
Responsive Architectural Wellbeing [RAW], Thrissur
Mob- 8848151560
Photos- Sreyas KM, Parallel Frames