ഇങ്ങള് കാസർകോട്ടെ വെറൈറ്റി വീട് കണ്ട്ക്കാ
Mail This Article
കാസർഗോഡ് ജില്ലയിലെ പടന്നക്കാട് എന്ന സ്ഥലത്താണ് അൽത്താഫ് ഹൗസ് സ്ഥിതിചെയ്യുന്നത്. മാറിവരുന്ന ഋതുഭേദങ്ങൾക്കനുസരിച്ച് നിഴലിന്റെയും വെളിച്ചത്തിന്റെയും ഗതിവ്യത്യാസം പരമാവധി വീടിന്റെ അകത്തളങ്ങളിൽ പ്രതിഫലിക്കണം എന്നതായിരുന്നു വീട്ടുകാരുടെ പ്രധാന ആവശ്യം. സമകാലിക ഫ്ലാറ്റ് -ബോക്സ് മാതൃകയിലാണ് എലിവേഷൻ. വെള്ള നിറവും വലിയ ഗ്ലാസ് ജാലകങ്ങളും ടെറാക്കോട്ട ജാളിയും ഹരിതാഭയുമെല്ലാം വീടിന് മാറ്റേകുന്നു. വീടിന്റെ ഭംഗി ആസ്വദിക്കാൻ പാകത്തിൽ അത്യാവശ്യം മുറ്റംനൽകി പിന്നിലേക്കിറക്കിയാണ് സ്ഥാനം കണ്ടത്. കടപ്പ സ്‌റ്റോണും ഗ്രാസും ഇടകലർത്തി മുറ്റമൊരുക്കി. കലാത്തിയ, ടെർമിനാലിയ, ബാംബൂ എന്നിവ വീടിന്റെ ലാൻഡ്സ്കേപ് ഹരിതാഭമാക്കുന്നു.
എൻട്രി
സിറ്റൗട്ടും പ്രധാനവാതിലും കടന്ന് ലിവിങ്ങിലേക്ക് കടക്കുമ്പോൾ ന്യൂട്രൽ നിറമായ ഗ്രേ വിട്രിഫൈഡ് ടൈലോടുകൂടിയ ഫ്ലോറിങ് സ്വാഗതം ചെയ്യുന്നു. ടൈലിന്റെ നിറത്തിനോട് യോജിക്കുംവിധം ലിവിങ്ങിലെ ഫർണിച്ചറും ഗ്രേ ടെക്സ്ചറോടുകൂടിയ ടിവി യൂണിറ്റുമൊരുക്കി. ഇവിടെയുള്ള മെറ്റൽ പർഗോള സ്‌കൈലൈറ്റ് വഴി പ്രകാശം ഉള്ളിൽനിറയുന്നു. ലിവിങ്- ഡൈനിങ് ഏരിയ വേർതിരിക്കുന്നത് മിനി കോർട്യാർഡാണ്. തടി പാകിയ ഇൻബിൽറ്റ് ഇരിപ്പിടവും മെറ്റൽ കൈവരികളും കലാത്തിയ ചെടികളും ഇവിടം സജീവമാക്കുന്നു.
കോർട്യാർഡ്
അകത്തളങ്ങളിലെ ശ്രദ്ധാകേന്ദ്രം കോർട്യാർഡാണ്. ഇതിനെ ഫോക്കൽ പോയിന്റാക്കിയാണ് മറ്റിടങ്ങൾ ചിട്ടപ്പെടുത്തിയത്. ലിവിങ്- ഡൈനിങ്- കിച്ചൻ എന്നിവിടങ്ങളിൽനിന്ന് കോർട്യാർഡിന്റെ ഭംഗി ആസ്വദിക്കാം. മൂന്ന് വശത്ത് ഗ്ലാസ് വിൻഡോയും ഒരുവശത്ത് ജാളികളും ഇൻഡോർ പ്ലാന്റുകളും നൽകി കോർട്യാർഡ് സജീവമാക്കി.
സ്‌റ്റെയർകേസ്
കോർട്യാർഡിനു വശത്തായി മുഴുനീള സ്ലൈഡിങ് ഗ്ലാസ് UPVC ഡോറുകളോടുകൂടിയ ഇടനാഴിയുണ്ട്. അതിനുമുന്നിലായാണ് മെറ്റലിൽ തീർത്ത സ്‌റ്റെയർകേസ്. പടികളും കൈവരികളും വുഡൻ വർക്കുകളിൽ ഒരുക്കി. സ്‌റ്റെയർ കയറിയിറങ്ങുന്നത് മനോഹരമായ വിഷ്വൽ ഇഫക്ട് ലഭിക്കുംവിധമൊരുക്കിയ കോർട്യാർഡിന്റെ പാതയിലേക്കാണ്.
കിച്ചൻ
ഗ്രീനും വൈറ്റും നിറത്തിലുള്ള അക്രിലിക് ഫിനിഷിലാണ് കിച്ചൻ ക്യാബിനറ്റ്. U ഷേപ് കിച്ചണിൽ ഉയരംകുറച്ച് ജാലകങ്ങൾ ഉള്ളതിനാൽ പുറത്തെ കാഴ്ചകളും നിരീക്ഷിക്കാനാകും. കാറ്റും വെളിച്ചവും സുഗമമായി ലഭിക്കുന്നുമുണ്ട്.
കിടപ്പുമുറി
അഞ്ചു കിടപ്പുമുറികളാണ് വീട്ടിൽ. ദീർഘകാലം നിലനിൽക്കുന്നതിനൊപ്പം കാലാവസ്ഥാവ്യതിയാനത്തെ ചെറുത്തുനിൽക്കാനും കഴിവുള്ള UPVC ജാലകങ്ങൾ ധാരാളം വീട്ടിലുണ്ട്. ബെഡ്‌റൂമിൽ മുഴുനീളത്തിൽ UPVC ജാലകങ്ങൾ നൽകിയതിനാൽ കാറ്റും വെളിച്ചവും സമൃദ്ധമായി ഉള്ളിലെത്തുന്നു. ഇതിൽ രണ്ടു കിടപ്പുമുറിയുടെ ജാലകങ്ങൾ തുറക്കുന്നത് സെന്റർ കോർട്യാർഡിലേക്കാണ് എന്ന പ്രത്യേകതയുമുണ്ട്.
ചുരുക്കത്തിൽ ആധുനിക ഡിസൈൻ തത്വങ്ങളോടും പാരിസ്ഥിതിക ഉത്തരവാദിത്വങ്ങളോടുമുള്ള പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്ന അൽത്താഫ് ഹൗസ് ഇപ്പോൾ നാട്ടിലെ താരമാണ്.
Project facts
Location- Padannakkad, Kasargod
Design- Green fern studio