എത്രകണ്ടാലും മതിവരില്ല: മലയാളി സ്വപ്നം കാണുന്ന വീട്; വിഡിയോ
Mail This Article
കോട്ടയം വൈക്കത്ത് ഒരുക്കിയ സ്വപ്നവീടിന്റെ വിശേഷങ്ങൾ കാർത്തിക്കും മേഘയും പങ്കുവയ്ക്കുന്നു.
ഞാൻ പ്രവാസിയാണ്. പുറമെ ട്രെഡീഷനൽ ഭംഗിയും ഉള്ളിൽ മോഡേൺ സൗകര്യങ്ങളും ഒത്തുചേരുന്ന വീട് വേണം എന്നായിരുന്നു ആഗ്രഹം. സുഹൃത്തായ മാർട്ടിനെ വീടിന്റെ രൂപകൽപന ഏൽപിച്ചു. പണിതുടങ്ങിയ ശേഷം ഞാൻ ഇടയ്ക്കൊന്ന് വന്നുപോയതൊഴിച്ചാൽ പിന്നെ പാലുകാച്ചലിനാണ് വീട് നേരിൽക്കാണുന്നത്. വാട്സാപ്പിലൂടെയായിരുന്നു ഓരോ ഘട്ടങ്ങളുടെ വിലയിരുത്തലും ആശയവിനിമയവുമെല്ലാം.
2018 ൽ വെള്ളം കയറിയതു കൊണ്ട് പ്ലോട്ട് മണ്ണിട്ടുയർത്തിയാണ് വീട് നിർമിച്ചത്. അത്യാവശ്യം മുറ്റം നൽകി പിന്നിലേക്ക് മാറ്റി സ്ഥാപിച്ചതിനാൽ റോഡിൽനിന്ന് വീടിന്റെ ഭംഗി നന്നായി ആസ്വദിക്കാം. 20 സെന്റിൽ 2200 സ്ക്വയർഫീറ്റിലാണ് വീട് നിർമിച്ചിട്ടുള്ളത്. ഒരുനില വീടെങ്കിലും രണ്ടു നിലയുടെ സൗകര്യങ്ങൾ ലഭിക്കുന്നുണ്ട്. മേൽക്കൂര ഫ്ലാറ്റ് വാർത്ത് ട്രസ്സ് ചെയ്ത് മംഗലാപുരം ഓട് വിരിച്ചത് കേരളത്തനിമ പകരുന്നു. ഇതിനുള്ളിൽ ചെറിയ ആറ്റിക് സ്‌പേസുമുണ്ട്.
സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കോർട്യാർഡ്, കിച്ചൻ, വർക്കേരിയ, 3 ബെഡ്റൂമുകൾ, അറ്റാച്ച്ഡ് ബാത്റൂം എന്നിവയാണ് വീട്ടിലെ ഇടങ്ങൾ. വശത്തേക്ക് മാറ്റി കാർപോർച്ച് വിന്യസിച്ചു.
വീടിന് വെള്ളനിറത്തിന്റെ തെളിമ വേണം എന്ന ഞങ്ങളുടെ ആഗ്രഹം ഇവിടെ പ്രാവർത്തികമാക്കി. ഉള്ളിൽ വേർതിരിവ് പകരാനായി ബ്ലാക്ക്, ഗ്രേ നിറങ്ങളുമുണ്ട്. ഫർണിഷിങ്ങിന് തടി വളരെ കുറച്ചാണ് ഉപയോഗിച്ചത്. പ്രധാനവാതിലുകളും ജനലുകളുമെല്ലാം സ്റ്റീലിലാണ്.
പ്രധാനവാതിൽ കടന്ന് പ്രവേശിക്കുന്നത് ലിവിങ് സ്പേസിലേക്കാണ്. ഇവിടെ തൂവെള്ള നിറത്തില്‍ കസ്റ്റമൈസ് ചെയ്ത സോഫയുണ്ട്. ഒരുഭിത്തി ടെക്സ്ചർ ഹൈലൈറ്റ് ചെയ്തു.
ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ എന്നിവ ഒറ്റഹാളിലായി ക്രമീകരിച്ചു. അതിനാൽ ഇവിടേക്ക് കടക്കുമ്പോൾ നല്ല വിശാലത അനുഭവപ്പെടും. കോമൺ ഏരിയകളിൽ 4X2 ന്റെ ഗ്രേ ഫിനിഷ്ഡ് വിട്രിഫൈഡ് ടൈൽ വിരിച്ചു. വുഡ്+ ഗ്ലാസ് കോംബിനേഷനിൽ 8 സീറ്റർ ഡൈനിങ് ടേബിൾ ഒരുക്കി. ഇതിനോട് ചേർന്നുള്ള ഓപൺ മോഡുലാർ കിച്ചനാണ് വീട്ടിൽ പലർക്കും ഇഷ്ടമായ മറ്റൊരിടം.
ജ്യോമെട്രിക്കൽ പാറ്റേൺ വോൾ ടൈലാണ് കിച്ചനിലെ താരം. മറൈൻ പ്ലൈ, ലാമിനേറ്റ് ഫിനിഷിലാണ് ക്യാബിനറ്റുകൾ. കൗണ്ടറിൽ നാനോവൈറ്റ് വിരിച്ചു. ഹാങിങ് ലൈറ്റുകളും സ്പോട് ലൈറ്റുകളും കിച്ചൻ കൂടുതൽ മനോഹരമാക്കുന്നു. ഇതിനോടു ചേർന്ന് വർക്കിങ് കിച്ചനും, വർക്കേരിയയുമുണ്ട്.
ഡൈനിങ്ങിൽനിന്ന് സ്ലൈഡിങ് ഫോൾഡിങ് ഡോർ തുറന്നാൽ മഴയും വെയിലും വീട്ടിനുള്ളിലെത്തുന്ന മനോഹരമായ കോർട്യാഡിലേക്ക് കടക്കാം. ഇത് വീടിനുള്ളിലെ പച്ചത്തുരുത്താണ്. ടെറാകോട്ട ജാളി, എക്സ്പോസ്ഡ് ബ്രിക് വർക്ക് എന്നിവയുള്ള ഭിത്തിയും ഇവിടെയുണ്ട്.
പ്രധാനഹാളിൽ നിന്നാരംഭിക്കുന്ന ഇടനാഴിയുടെ തുടക്കത്തിൽ വാഷ് ഏരിയ നൽകിയിരിക്കുന്നു. ജ്യോമെട്രിക്കൽ ടൈലുകൾ കൊണ്ട് ഹൈലൈറ്റ് ചെയ്ത വാഷ് ഏരിയ കാണാൻ നല്ല ഭംഗിയാണ്. ഇടനാഴിയുടെ വശത്തായി സ്വകാര്യത ലഭിക്കുംവിധമാണ് കിടപ്പുമുറികളുടെ വിന്യാസം. 14x14 സൈസിൽ വൈറ്റ് തീമിലാണ് കിടപ്പുമുറികൾ. വർക് സ്പേസ്, വാഡ്രോബ്, ഡ്രസിങ് ഏരിയ, അറ്റാച്ഡ് ബാത്റൂം എന്നിവയും അനുബന്ധമായുണ്ട്.
വീടിന്റെ സ്ട്രക്ചറും ഫർണിഷിങ്ങും അടക്കം 60 ലക്ഷം രൂപയാണ് ചെലവ്. മികച്ച ഗുണനിലവാരമുള്ള സാമഗ്രികളാണ് ഉപയോഗിച്ചത്. നിരവധി ആളുകൾ ഇപ്പോൾ വീട് കാണാനെത്തുന്നുണ്ട്. ആഗ്രഹിച്ച പോലെയൊരു വീട് ലഭിച്ചതിൽ ഞങ്ങൾ ഹാപ്പിയാണ്.
വീട് പൂർണമായി ആസ്വദിക്കാൻ തുടക്കത്തിൽ കൊടുത്തിരിക്കുന്ന വിഡിയോ കാണാൻ മറക്കല്ലേ...
Project facts
Location- Vaikom
Owner- Karthik, Megha
Area- 2200 Sq.ft
Design- Martin Podipara
Turtlewood Interiors