വെറും 5 സെന്റിൽ വരുമാനം നൽകുന്ന വീട്: അനുകരിക്കാൻ നല്ല മാതൃക
Mail This Article
കേരളത്തിൽ ആൾതാമസമില്ലാത്ത പൂട്ടിക്കിടക്കുന്ന വീടുകൾ 13 ലക്ഷത്തിലേറെയുണ്ട് എന്നൊരു കണക്ക് കുറച്ചുവർഷങ്ങൾക്കുമുൻപ് വന്നിരുന്നു. നിരവധി ഇരുനില വീടുകളിൽ പ്രായമായ മാതാപിതാക്കൾ മാത്രം താമസിക്കുന്ന അവസ്ഥയുമുണ്ട്. ഈ സാഹചര്യത്തിലാണ് മുകൾനില വാടകയ്ക്ക് കൊടുത്ത് വീട് വരുമാനമാർഗമാക്കുക, ഒറ്റപ്പെടൽ കുറയ്ക്കുക എന്ന ശൈലിക്ക് പ്രചാരമേറുന്നത്.
തിരുവനന്തപുരം ഉള്ളൂർ സ്വദേശികളായ ജോമോനും ഗിഫ്റ്റിയും വീടുപണിയാൻ തീരുമാനിച്ചപ്പോൾ 'വരുമാനം നൽകുന്ന വീട്' എന്ന ആശയം പിന്തുടർന്ന് നടപ്പിലാക്കി. ആകെ അഞ്ചു സെന്റ് സ്ഥലമേയുള്ളൂ. അവിടെ ഇരുനില വീട് പണിതു. ഇരുനിലകളും ഓരോ സിംഗിൾ വീടുകളായി താമസിക്കാൻ പാകത്തിൽ ഒരുക്കി. നീളം കുറഞ്ഞു വീതിയുള്ള പ്ലോട്ടിനനുസരിച്ചാണ് വീട് നിർമിച്ചത്.
പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴെ. മുകളിലും ലിവിങ്, ഡൈനിങ്, കിച്ചൻ, രണ്ടു കിടപ്പുമുറികൾ ഒരുക്കി. 2300 ചതുരശ്രയടിയാണ് വിസ്തീർണം. വാടകക്കാർ വന്നാൽ ഉപയോഗിക്കാൻ പുറത്തുകൂടി പ്രത്യേകം സ്‌റ്റെയറും നൽകി.
ചെറിയ സ്ഥലത്ത് പരമാവധി വിശാലത തോന്നിക്കാൻ ഓപൺ നയത്തിൽ അകത്തളങ്ങൾ ഒരുക്കി. ലിവിങ്- ഡൈനിങ്- കിച്ചൻ ഓപൺ തീമിലാണ്. മിനിമൽ തീമിൽ അകത്തളമൊരുക്കി. ഫർണിച്ചർ കസ്റ്റമൈസ് ചെയ്തു. ചെറിയ സ്ഥലത്ത് മുറ്റത്തിനും പച്ചപ്പിനും പരിമിതിയുണ്ട്. അതിനാൽ ഡൈനിങ്ങിൽനിന്ന് ചെറിയൊരു കോർട്യാർഡ് ഒരുക്കി. സ്ലൈഡിങ് യുപിവിസി വാതിൽ തുറന്ന് ഇവിടേക്ക് കടക്കാം.
സ്‌റ്റെയറിനടിയിൽ ബാത്റൂം ക്രമീകരിച്ച് സ്ഥലം ഉപയുക്തമാക്കി. ഡൈനിങ്ങിനടിവശം കസ്റ്റമൈസ്ഡ് ടൈൽ വിരിച്ച് ഹൈലൈറ്റ് ചെയ്തു.
സ്റ്റോറേജിന് ഇടംനൽകി കിച്ചനൊരുക്കി. എൻട്രി പോയിന്റ് ബ്രേക്ക്ഫാസ്റ്റ് കൗണ്ടറാക്കി മാറ്റാം. വുഡ്, ഗ്രേ തീമിൽ മറൈൻ പ്ലൈവുഡ്, ലാമിനേറ്റ് ഫിനിഷിലാണ് ക്യാബിനറ്റ്.
താഴെയും മുകളിലും രണ്ടു വീതം കിടപ്പുമുറികൾ. ധാരാളം വാഡ്രോബുകൾ മുറികളിൽ നൽകി.
പലപ്പോഴും വീട് ഡെഡ് ഇൻവെസ്റ്റ്‌മെന്റാണ് എന്ന് പറയാറുണ്ട്. എന്നാലിവിടെ ഭാവിയിൽ ആവശ്യമെങ്കിൽ മുകൾനില വാടകയ്ക്ക് കൊടുത്താൽ 'വീട് പണിയെടുത്ത്' വരുമാനം നൽകും.
Project facts
Location- Ullur, Trivandrum
Plot- 5 cent
Area- 2300 Sq.ft
Owner- Jomon, Gifty
Design- Design Diagonals, Trivandrum