അടിമുടി മാറിപ്പോയി: ഇത് പഴയ വീടിന്റെ പുനർജന്മം
Mail This Article
35 വർഷം പഴക്കമുള്ള ഒരുനില വാർക്കവീട്ടിൽ കാലപ്പഴക്കത്തിന്റെ അസൗകര്യങ്ങൾ പ്രകടമായപ്പോഴാണ് വീട് പൊളിച്ചുപണിയുന്നതിനെ കുറിച്ച് വീട്ടുകാർ ആലോചിക്കുന്നത്. പഴയ കെട്ടിടത്തിന്റെ സ്ട്രക്ചർ അത്യാവശ്യം ഉറപ്പുള്ളതായിരുന്നതിനാൽ അതിൽ പരമാവധി ഇടിച്ചുപൊളിക്കൽ ഒഴിവാക്കിയാണ് വീട് നവീകരിച്ചത്. എന്നാൽ കൃത്യമല്ലാത്ത പ്ലാനിൽ പണിത അകത്തളങ്ങൾ വെല്ലുവിളിയുയർത്തിയപ്പോൾ പലതും പൊളിക്കേണ്ടി വന്നു. ഇടങ്ങളുടെ പുനഃക്രമീകരണവും പുതിയ പ്ലാനിൽ നടപ്പാക്കി.
സമകാലിക ഫ്ലാറ്റ്- ബോക്സ് എലിവേഷനിലേക്ക് പുറംകാഴ്ച മാറ്റിയെടുത്തു. പോർച്ച്, സിറ്റൗട്ട്, ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ എന്നിവയാണ് താഴെ. മുകളിൽ രണ്ടു കിടപ്പുമുറികൾ, ബാൽക്കണി എന്നിവയുമുണ്ട്. മൊത്തം 2500 ചതുരശ്രയടിയാണ് വിസ്തീർണം.
പഴയ വീട്ടിലെ അകത്തളങ്ങൾ ഇടുങ്ങിയതായിരുന്നു. കാറ്റും വെളിച്ചവും കയറുന്നതും കുറവ്. ഇത് പരിഹരിക്കാൻ പറ്റുന്നിടത്ത് ഇടഭിത്തികൾ പൊളിച്ചുകളഞ്ഞു കോമൺ ഏരിയ ഓപൺ പ്ലാനിലേക്ക് മാറ്റി. കാറ്റിന്റെയും വെളിച്ചത്തിന്റെയും ദിശയനുസരിച്ച് ജാലകങ്ങളും നൽകി.
പഴയ വീട്ടിലെ ഇലക്ട്രിക്കൽ, പ്ലമിങ് എല്ലാം മാറ്റി പുതിയത് വച്ചു. എന്നാൽ ഫർണിച്ചർ കഴിവതും പഴയത് പുനരുപയോഗിച്ചു. അകത്തള നവീകരണത്തിൽ വീട്ടിലെ പഴയ സ്‌റ്റെയർകേസ് തടസമായിരുന്നു. അത് പൊളിച്ചുകളഞ്ഞു. പകരം സ്ഥലം കളയാതെ സ്പൈറൽ സ്‌റ്റെയർകേസ് നിർമിച്ചു.
പഴയ വീട്ടിൽ ചോർച്ച ഒഴിവാക്കാൻ റൂഫിങ് ഷീറ്റ് ഇട്ടിട്ടുണ്ടായിരുന്നു. ഇത് പൊളിച്ചുമാറ്റി മുകളിലേക്ക് മുറികൾ കൂട്ടിയെടുത്തു. രണ്ടു കിടപ്പുമുറികൾ, ബാത്റൂം, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവ മുകളിലുണ്ട്.
കിടപ്പുമുറികളിൽ വെളിച്ചം കയറുന്നത് പരിമിതമായിരുന്നു. ഇത് പരിഹരിക്കാൻ ദിശയനുസരിച്ച് ജനലുകൾ നൽകി. ഭിത്തിയിൽ വോൾപേപ്പർ ഒട്ടിച്ച് ഹൈലൈറ്റ് ചെയ്തു.
പഴയ അടുക്കളയിൽ അനാവശ്യമായി ഒരുപാട് സ്‌പേസ് ഉണ്ടായിരുന്നു. ഇത് കുറച്ച് ഒതുക്കമുള്ള മോഡേൺ കിച്ചനൊരുക്കി.
ചുരുക്കത്തിൽ ഇപ്പോൾ വീട് കണ്ടാൽ പഴയ വീട് നവീകരിച്ചതാണെന്ന് പറയുകയേയില്ല.
Project facts
Location- Anchal, Kollam
Area- 2500 Sq.ft
Owner- Lalitha, Sachin
Design- SACH Homes, Kollam