2024 ൽ കണ്ട കേരളത്തിലെ മികച്ച 5 വീടുകൾ: വിഡിയോ; കേരളപ്പിറവി സ്പെഷൽ
Mail This Article
1. ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ വീട്; വിഡിയോ
'ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ വീട്' എന്ന വിശേഷണത്തോടെ, ഏകദേശം നാലേക്കറിൽ 27000 സ്ക്വയർഫീറ്റിൽ, കണ്ടാലും കണ്ടാലും തീരാത്ത കാഴ്ചകൾ ഒരുക്കുകയാണ് വാലുമ്മൽ ഹൗസ് എന്ന ഈ കൊട്ടാരം. പ്ലാന്ററും ഏലക്കർഷകനും വ്യവസായിയുമായ ബിനോയ് വാലുമ്മലും കുടുംബവുമാണ് ഈ വീട്ടിലെ താമസക്കാർ. വീട്ടുകാരുടെ 7 വർഷത്തെ കാത്തിരിപ്പും അധ്വാനവുമാണ് ഈ വീട്.
മൂന്നു നിലകളിലായി പണിതിരിക്കുന്ന ഈ വീടിന്റെ ഗ്രൗണ്ട്ഫ്ലോറിൽ ധാരാളം ലിവിങ് സ്‌പേസുകൾ, ഡൈനിങ്, കിച്ചൻ, വർക്കേരിയ, മൂന്നു ബെഡ്റൂമുകള്‍, ബാത്റൂമുകൾ, ഹോംതിയറ്റർ എന്നിവയുണ്ട്. ഫസ്റ്റ് ഫ്ലോറിൽ മൂന്ന് ബെഡ്റൂം, വിശാലമായ ബാത്റൂമുകൾ , ഗെയിം സ്പേസ്, ലിവിങ് സ്‌പേസുകൾ എന്നിവയാണുള്ളത്. സെക്കന്റ് ഫ്ലോറിൽ ഓപൺ ബെഡ്റൂം, ബാർ, പവലിയൻ എന്നിവയുമുണ്ട്. ഇത്രയുമാണ് 27000 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്. മൂന്നു നിലകളെയും തമ്മിൽ കണക്റ്റ് ചെയ്യാനായി ലിഫ്റ്റും നൽകിയിരിക്കുന്നു.
തങ്ങളുടെ സ്വപ്നഭവനം പൂർത്തിയായതിനൊപ്പം വീടില്ലാത്ത അഞ്ചു കുടുംബങ്ങൾക്ക് ഇവർ വീട് നിർമിച്ചു നൽകി. കൂടാതെ പ്രളയത്തിൽ വീട് നഷ്ടമായവരെ പുനരധിവസിപ്പിക്കാൻ സ്ഥലവും വിട്ടുനൽകി. സാധാരണക്കാരനിൽനിന്ന് കഠിനാധ്വാനത്തിലൂടെ മണ്ണിൽപൊന്നുവിളയിച്ചതാണ് ഈ ഗൃഹനാഥന്റെ ജീവിതരഹസ്യം.
വാക്കുകൾ കൊണ്ട് വിവരിക്കാനാകുന്നതിലും അധികം കാഴ്ചകൾ കാണാനുണ്ട് ഈ വീട്ടിൽ. അതുകൊണ്ട് വിഡിയോ ഉറപ്പായും കാണുമല്ലോ...
Read full story- https://www.manoramaonline.com/homestyle/dream-home/2024/02/21/biggest-house-in-idukki-valummel-house-luxury-viral-hometour.html
***
2. വെറും 9 ലക്ഷം രൂപയ്ക്ക് സൂപ്പർവീട്; വിഡിയോ
പോക്കറ്റിലൊതുങ്ങുന്ന ബജറ്റിൽ, സുന്ദരമായ വീട് സഫലമാക്കാം എന്ന് തെളിയിക്കുകയാണ് ഈ വീടിന്റെ കഥ. ചേർത്തലയ്ക്കടുത്ത് പതിനൊന്നാം മൈലിലാണ് സിവിൽ പൊലീസ് ഓഫീസറായ ജിതിന്റെയും കുടുംബത്തിന്റെയും ഈ സ്വപ്നഭവനം. 5 സെന്റിൽ 900 സ്ക്വയർഫീറ്റിൽ ചിട്ടപ്പെടുത്തിയ ഈ വീട് വെറും 9 ലക്ഷം രൂപയ്ക്ക് പൂർത്തിയാക്കി എന്നത് അവിശ്വസനീയമായി തോന്നാം.
പേൾഗ്രാസ് വിരിച്ച് നടപ്പാതകളോടുകൂടി മുറ്റം ഒരുക്കി. പ്രധാനവാതിലിന് അഭിമുഖമായി തുളസിത്തറയുമുണ്ട്. വീടിന്റെ ചുറ്റുമതിലും ഫെറോസിമന്റിലാണ് തീർത്തിരിക്കുന്നത്. മതിലിന്റെ ഒരുഭാഗം കലാപരമായി സിറ്റിങ് സ്‌പേസാക്കി മാറ്റി.
പൂമുഖം, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, രണ്ടു കിടപ്പുമുറികൾ, ബാത്റൂം, അപ്പർ ഡെക്ക് എന്നിവയാണ് വീടിനുള്ളിലെ ഇടങ്ങൾ.
അധികം മുറികളില്ലെങ്കിലും ഓരോ മുറികൾക്കും മക്കളുടെ പേരുകൾ നൽകിയത് കൗതുകകരമാണ്. മാസ്റ്റർ ബെഡ്റൂമിന് കാശ്മീരം (മകളുടെ പേര് കാശ്മീര), കുട്ടികളുടെ കിടപ്പുമുറിക്ക് നീഹാരം (മകന്റെ പേര് നിഹാർ), മുകളിലുള്ള ചെറിയ കിഡ്സ് റൂമിന് തനിമ (സഹോദരിയുടെ മകളുടെ പേര് തനിഷ്‌ക) എന്നിങ്ങനെ പേരുകൾ നൽകി.
വീടിന്റെ കൂടുതൽ വിശേഷങ്ങൾക്കായി വിഡിയോ കാണുമല്ലോ...
Read full story-https://www.manoramaonline.com/homestyle/dream-home/2024/02/28/low-cost-traditional-house-for-9-lakhs-cherthala-video.html
***
3. 200 വർഷം പഴക്കമുള്ള വീട് നവീകരിച്ച കഥ; വിഡിയോ
തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്തിനടുത്ത് കരിച്ചല്‍ എന്ന സ്ഥലത്താണ് സ്മിതയുടെയും കുടുംബത്തിന്റെയും ഈ സ്വപ്നവീട്. കേരളത്തിന്റെ പരമ്പരാഗത വാസ്തുശിൽപ നൈപുണ്യത്തിന്റെ അടയാളമായി കാലത്തെ അതിജീവിച്ചു നിലകൊണ്ട ഇരുനൂറോളം വർഷം പഴക്കമുള്ള തറവാടിനെ കാലോചിതമായി നവീകരിച്ച കഥയാണിത്.
ഒറ്റഫ്രെയിമിലാണ് പഴയ വീട് നിർമിച്ചത് എന്ന പ്രത്യേകതയുമുണ്ട്. അടിയിലും മുകളിലും ഒറ്റ തടിയിലാണ് ഇതുനിൽക്കുന്നത്. പഴയ വീട്ടിലും പുതിയ വീട്ടിലും കോൺക്രീറ്റ് ഉപയോഗിച്ചിട്ടില്ല. ഉയരം കുറഞ്ഞ മേൽക്കൂരയാണ് പഴയ വീടിനുള്ളത്. നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും കാലാവസ്ഥാവ്യതിയാനമനുസരിച്ചുള്ള ഒരു മാറ്റങ്ങളും തടികൊണ്ടുള്ള ചുവരുകൾക്ക് സംഭവിച്ചിട്ടില്ല.
നടുമുറ്റമാണ് വീടിന്റെ മറ്റൊരു പ്രത്യേകത. പഴയ വീടിന്റെ നടുമുറ്റം നിലനിർത്തി കൂടുതൽ ഭംഗിയാക്കി. പ്രധാന വാതിൽ തുറന്ന് വരുന്നത് ചെറിയ ഒരു മുറിയിലേക്കാണ്. ഇവിടെനിന്ന് ഇറങ്ങുന്നത് നടുമുറ്റത്തേക്കാണ്. നടുമുറ്റത്ത് ഒരു കുളവും അതിനടുത്തായി ചന്ദനമരവുമുണ്ട്.
വീടിന്റെ കൂടുതൽ വിശേഷങ്ങൾക്കായി വിഡിയോ കാണുമല്ലോ...
Read full story-
***
4. മുടക്കിയ പണത്തിന് മൂല്യമുള്ള വീട്; വിഡിയോ
'ചെറുതല്ലോ ചേതോഹരം' എന്ന ശൈലി അന്വർഥമാക്കുന്ന സ്വപ്നസുന്ദരഭവനത്തിന്റെ വിശേഷങ്ങൾ. മലപ്പുറം വേങ്ങരയിൽ പച്ചപ്പും ദൂരെ മലയും കോടമഞ്ഞുമെല്ലാം വിരുന്നെത്തുന്ന പ്രകൃതിരമണീയമായ പ്രദേശത്താണ് വീട്. കാർ പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, അറ്റാച്ഡ് ബാത്റൂമുള്ള മൂന്ന് കിടപ്പുമുറികൾ, ലൈബ്രറി, ബാൽക്കണി എന്നിവയാണ് 1660 ചതുരശ്രയടിയിൽ ഒരുക്കിയത്.
AAC ബ്ലോക്കുകൾ കൊണ്ടാണ് ഭിത്തി കെട്ടിയത്. സിമന്റ്- ഇഷ്ടികയെക്കാൾ കുറഞ്ഞ ചെലവിൽ ലഭിച്ചു. താരതമ്യേന വേഗത്തിൽ നിർമാണം പൂർത്തിയാക്കാനും സാധിച്ചു.
സെമി-ഓപ്പൺ നയത്തിൽ അകത്തളങ്ങൾ ചിട്ടപ്പെടുത്തി. അതേസമയം കിടപ്പുമുറികൾക്ക് സ്വകാര്യതയും ലഭിക്കുന്നുണ്ട്.
പിൻവശത്തുള്ള പ്രകൃതിയുടെ മനോഹാരിത വീടിനുള്ളിലിരുന്നും ആസ്വദിക്കാം. കാറ്റിന്റെ ദിശ മനസ്സിലാക്കി ജാലകങ്ങൾ നൽകിയതിനാൽ ഇളംകാറ്റ് വീടിനുള്ളിൽ എപ്പോഴും പരിലസിക്കുന്നു. പകൽസമയത്ത് ലൈറ്റിടേണ്ട കാര്യവുമില്ല.
വീടിന്റെ കൂടുതൽ വിശേഷങ്ങൾക്കായി വിഡിയോ കാണുമല്ലോ...
Read full story-
***
പുഴയുടെ ഭംഗിയിലേക്ക് തുറക്കുന്ന സൂപ്പർവീട്; വിഡിയോ
പുഴയുടെ മനോഹരകാഴ്ചകൾ, കിളികളുടെ കളകളാരവം, നിശബ്ദതയുടെ സൗന്ദര്യം...ഇതെല്ലാം ആസ്വദിച്ചുകൊണ്ട് ഓരോ പ്രഭാതവും ഉണർന്നെഴുന്നേൽക്കുന്നത് ഒന്നാലോചിച്ചുനോക്കൂ. അത്തരത്തിൽ ഓരോ പ്രഭാതവും ആരംഭിക്കുന്ന ഒരു വീടുണ്ട്. തിരുവല്ലയിൽ മണിമലയാറിന്റെ തീരത്തുള്ള ഡോ. സിറിലിന്റെയും ഡോ. ജോയ്സിന്റെയും 7000 സ്ക്വയർഫീറ്റില്‍ നിർമിച്ച സ്വപ്നഭവനം.
പച്ചപ്പിനുള്ളിൽ മറഞ്ഞിരിക്കുന്ന കരിങ്കൽ ഭിത്തികൾ മാത്രമാണ് പുറംകാഴ്ചയിലുള്ളത്. പുഴയുടെ ഭംഗിയും പച്ചപ്പും കാറ്റുമെല്ലാം പൂർണമായി ആസ്വദിക്കാൻ പറ്റുന്ന രീതിയിലുള്ള എലിവേഷനാണ് വീടിന്റെ പിൻവശത്ത്. അധിക സുരക്ഷയ്ക്കായി മുഴുനീള പെർഫൊറേറ്റഡ് ഗ്രിൽ കൊടുത്തിട്ടുണ്ട്. ഇത് തുറന്നിട്ടാൽ പുഴയുടെ കാഴ്ചകളിലേക്ക് വീട് മിഴിതുറക്കും.
ഇവിടെ പ്രധാനയിടങ്ങളെയെല്ലാം ബന്ധിപ്പിക്കുന്നത് ഇത്തരം ഇടനാഴികളാണ്. ഈ കോറിഡോറിന്റെ വലതു വശത്തായി ഇൻഡോർ പ്ലാന്റുകളാൽ മനോഹരമാക്കിയ ഒരു കോർട്യാർഡും വിശാലമായ ഇൻഫിനിറ്റി സ്വിമ്മിങ് പൂളും സജ്ജീകരിച്ചു. പുഴയിലേക്ക് അഭിമുഖീകരിച്ചുകൊണ്ടാണ് ഈ വീട്ടിലെ നാലു കിടപ്പുമുറികളും ക്രമീകരിച്ചത്.
വാക്കുകൾക്കപ്പുറം വീടിന്റെ ഫീൽ ആസ്വദിക്കാൻ തുടക്കത്തിൽ കൊടുത്തിരിക്കുന്ന വിഡിയോ ഉറപ്പായും കാണുമല്ലോ...
Read full story-