മലയാളിവീടുകളിലെ കുളിമുറി ആകെ മാറിപ്പോയി!
![bathroom-trend bathroom-trend](https://img-mm.manoramaonline.com/content/dam/mm/mo/homestyle/home-decor/images/2024/12/7/bathroom-trend.jpg?w=1120&h=583)
Mail This Article
വീട് നിർമാണരംഗത്ത് ഒരുപക്ഷേ ഏറ്റവും കൂടുതൽ വ്യത്യസ്തത അവലംബിച്ചുവരുന്ന ഇടങ്ങളിലായി ടോയ്‌ലറ്റ് /ബാത്റൂമുകൾ മാറിയിരിക്കുന്നു. പ്രാഥമികാവശ്യങ്ങൾക്ക് സൗകര്യം ഒരുക്കിവന്നിരുന്ന ബാത്റൂമുകളുടെ രൂപകൽപനയിൽ വലിയ മാറ്റങ്ങൾ വന്നുകഴിഞ്ഞു. തിരക്കേറിയ പുതിയ കാലത്ത് ബാത്റൂമുകൾ കൂടുതൽ സമയം ചെലവഴിക്കേണ്ടുന്ന മുറികളായി മാറിയിരിക്കുന്നു.
കേരളത്തിലെ മോഡേൺ വീടുകളുടെ സവിശേഷത ഇത്തരം ന്യൂജനറേഷൻ ടോയ്‌ലറ്റ് / ബാത്റൂമുകളാണ്. 30, 40 സ്ക്വയർഫീറ്റിൽ ഒതുങ്ങി നിന്നിരുന്ന ബാത്റൂമുകളുടെ വിസ്തൃതി 100, 150 സ്ക്വയർ ഫീറ്റിലേക്ക് മാറിയതും രൂപകൽപനയിൽ വന്ന മാറ്റങ്ങൾ സൂചിപ്പിക്കുന്നു. വാഷ് ബേസിൻ ഏരിയ, ക്ലോസെറ്റ് ഏരിയ, വെറ്റ് ബാത്ത് ഏരിയ എന്നിവ കൂടാതെ ഡ്രസ് ഏരിയ, റെസ്റ്റ് / റീഡിങ് സ്പെയ്സ് എന്നിങ്ങനെയുള്ളവയും ബാത്റൂമുകളിൽ സ്ഥാനം പിടിച്ചിരിക്കുന്നു.
ഒന്നരയടി, രണ്ടടി വീതിയിൽ ഒതുങ്ങിയിരിക്കുന്ന വാഷ്ബേസിൻ ഏരിയ നാല് അടി, അഞ്ച് അടി നീളത്തിൽ ഡ്രസ് ഏരിയയ്ക്ക് ഒപ്പവും. കൂടുതൽ സൗകര്യപ്രദമായ വാൾമൗണ്ട് കൺസീൽഡ് ക്ലോസെറ്റും, ജാക്കൂസി, ബാത്ത് ടബ്ബുകൾ, ഷവർ തുടങ്ങിയ സൗകര്യമുള്ള ബാത്റൂമുകളും പുതിയ ട്രെൻഡാണ്.
![bathroom-trends bathroom-trends](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=845&h=440)
പ്രകൃതി നേരിട്ട് ബാത്റൂമുകളിലേക്ക്
മറ്റേത് മുറികളെപ്പോലെ തന്നെ വെളിച്ചവും, വായുസഞ്ചാരവും ഉറപ്പാക്കുന്ന ടോയ്‌ലറ്റ് / ബാത്റൂമുകളാണ് പുതിയ ട്രെൻഡ്. വാഷ് ബേസിൻ ഏരിയയും, ബാത്ത് ഏരിയയും തുറന്ന രീതിയിലും, ക്ലോസെറ്റ് ഏരിയ മാത്രം ഗ്ലാസ്സ് / ഫൈബർ ഉപയോഗിച്ചും വാതിൽ നൽകിയും സ്വകാര്യത ഉറപ്പാക്കുകയും ചെയ്യുന്ന രീതി കൂടുതലായി അവലംബിച്ചു വരുന്നു.
വാഷ്ബേസിൻ ഏരിയയിൽ വിശാലമായ ഗ്രാനൈറ്റ് സ്ലാബ് പ്രതലം നൽകി കൗണ്ടർ ടോപ്പ്, കൗണ്ടർ ഡൗൺ വാഷ് ബേസിനുകൾ നൽകിയും വലിയ കണ്ണാടി ഉറപ്പിച്ചും, ഡ്രസ് ഏരിയയുടെ സൗകര്യം ഉറപ്പാക്കുന്നു. തൊട്ടടുത്തായി ഡ്രസ് ഷെൽഫുകളും, കോസ്മെറ്റിക് ട്രേകളും നൽകിവരുന്നു. വൈറ്റ് ഏരിയയിൽ ചൂട് /തണുപ്പ് വെള്ളം ലഭിക്കുന്ന ബാത്ത് ടബ്ബുകളും, വലിയ ഷവർ പാനലും നൽകി കൂടുതൽ സൗകര്യപ്രദമാക്കാൻ ശ്രദ്ധിക്കുന്നു.
മുമ്പൊക്കെ വെന്റിലേഷനുകൾ നൽകിവന്നിരുന്ന ബാത്റൂമുകളിൽ ഇന്ന് വലിയ ജനാലകളും കടന്നു വന്നിരിക്കുന്നു. ജനാലകളുടെ അടിഭാഗം ഫ്രോസൺ ഗ്ലാസ്സോ, പലകയിൽ ലൂവർ ഡിസൈനോ നൽകി സ്വകാര്യതയും ഉറപ്പാക്കി വരുന്നു. ബാത്റൂമുകളിൽ ഭിത്തിയുടെ മുകൾഭാഗത്തായി പകൽ വെളിച്ചം കടക്കുന്നതും എന്നാൽ സ്വകാര്യത ഉറപ്പാക്കുന്ന തരത്തിലുള്ള പർഗോളയും നൽകി വരുന്നുണ്ട്. ടോയ്‌ലറ്റ് /ബാത്റൂമുകളുടെ ഒരു വശത്തായി ഗ്രീൻ കോർട്ട് യാർഡുകൾ നിർമിക്കുന്ന രീതിയും രൂപകൽപനയിൽ അവലംബിക്കുന്നു. ധാരാളം വായു സഞ്ചാരവും വെളിച്ചവും നിറയുന്ന ഇത്തരം ബാത്റൂമുകളൾ തീർച്ചയായും ന്യൂജനറേഷൻ വീടുകളെ തികച്ചും വ്യത്യസ്തമാക്കുന്നു.