വീട് പണിയാൻ ഒരുങ്ങുകയാണോ? കയ്യിൽ കരുതണം ഈ രേഖകൾ
Mail This Article
ഒരു വീട് എന്നത് ഏവരുടെയും സ്വപ്‌നമാണ്. ജീവിതത്തിലെ സമ്പാദ്യത്തിന്റെ വലിയൊരു ഭാഗം മിക്കവരും മാറ്റിവയ്ക്കുന്നത് സ്വന്തമായൊരു വീടു നിർമിക്കാൻവേണ്ടിയാണ്. അതുകണ്ടുതന്നെ വീടു നിർമാണത്തിനിറങ്ങുമ്പോൾ വളരെയേറെ മുൻകരുതലുകൾ നാം സ്വീകരിക്കേണ്ടതുണ്ട്. ഒരു വീടു നിർമിക്കണമെങ്കിൽ അനവധി രേഖകൾ നമുക്ക് ആവശ്യമാണ്. അത് എന്തെല്ലാമാണെന്നാണ് ഈ ലേഖനത്തിൽ വ്യക്തമാക്കുന്നത്.
പഞ്ചായത്ത് പരിധിയിലാണെങ്കിൽ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്നു നോക്കാം.
ആവശ്യമായ രേഖകൾ
∙ സ്ഥലത്തിന്റെ ആധാരം
∙ കൈവശാവകാശ സർട്ടിഫിക്കറ്റ്
∙ ഭൂമിയുടെ തരംകാണിക്കുന്ന സർട്ടിഫിക്കറ്റ്
∙ ഭൂനികുതി അടച്ചതിന്റെ രസീത്
രേഖകൾ ലഭിക്കുന്ന സ്ഥലം
കൈവശാവകാശ സർട്ടിഫിക്കറ്റും ഭൂമിയുടെ തരംകാണിക്കുന്ന സർട്ടിഫിക്കറ്റും വില്ലേജ് ഓഫിസിൽനിന്നു ലഭ്യമാകും.
പ്ലാൻ
വീടിന്റെ പ്ലാൻ ഓൺലൈൻ വഴിയാണ് അനുമതിക്കായി സമർപ്പിക്കേണ്ടത്. പഞ്ചായത്ത് പരിധിയിൽ സങ്കേതം സോഫ്‌റ്റ് വെയർ വഴിയും കോർപറേഷൻ പരിധിയിലാണെങ്കിൽ സുലേഖ സോഫ്‌റ്റ് വെയർ വഴിയുമാണ് പ്ലാൻ അപ്‌ലോഡ് ചെയ്യേണ്ടത്.
പഞ്ചായത്തിൽ എന്തൊക്കെ സമർപ്പിക്കണം
∙ പഞ്ചായത്തിലേക്കുള്ള അപേക്ഷാ ഫോം
∙ മൂന്ന് സെറ്റ് പ്ലാൻ
∙ വീട് എങ്ങനെ ഉണ്ടാക്കുന്നു എന്ന വിശദമായ റിപ്പോർട്ട്
∙ മൂന്ന് സെറ്റ് കൺസൾറ്റന്റ് സർട്ടിഫിക്കറ്റ്
∙ പ്ലാനിന്റെ ഒറിജിനൽ പഞ്ചായത്തിൽ കാണിക്കുകയും വേണം.
നടപടിക്രമങ്ങൾ
ഇങ്ങനെ സമർപ്പിച്ചു കഴിഞ്ഞാൽ നിയമപരമായി പതിനഞ്ചു ദിവസത്തിനുള്ളിൽ വീടിന്റെ പ്ലാനിന് പഞ്ചായത്ത് അനുമതി നൽകണം. ഇല്ലെങ്കിൽ പഞ്ചായത്ത് സെക്രട്ടറിക്കോ പ്രസിഡന്റിനോ വീണ്ടും അപേക്ഷിക്കാം. തുടർന്ന് പതിനഞ്ചു ദിവസത്തിനുള്ളിൽ പഞ്ചായത്ത് നടപടി സ്വീകരിച്ചില്ലെങ്കിൽ പ്ലാനിന് അനുമതി കിട്ടിയതായി കണക്കാക്കി വീടിന്റെ നിർമാണ പ്രവൃത്തി തുടങ്ങാൻ അപേക്ഷകനു നിയമപരമായ അവകാശമുണ്ട്. ഇങ്ങനെ നിർമിക്കുമ്പോൾ നിയമലംഘനം ഉണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കണം.
കോർപറേഷനിലേക്കു സമർപ്പിക്കേണ്ട രീതി
സുലേഖ സോഫ്‌റ്റ് വെയർ വഴിയാണ് പ്ലാൻ അപ്‌ലോഡ് ചെയ്യേണ്ടത്. പഞ്ചായത്തിൽ സമർപ്പിക്കേണ്ട രേഖകളെല്ലാം തന്നെ കോർപറേഷൻ ഓഫിസിലും സമർപ്പിക്കണം. എന്നാൽ പഞ്ചായത്തിൽനിന്നു വ്യത്യസ്‌തമായി, കോർപറേഷനിൽ പ്ലാനിന്റെ ഒറിജിനൽ കാണിക്കേണ്ട കാര്യമില്ല. തുടർന്ന് സൈറ്റ് ഇൻസെപ്‌ക്‌ഷനുള്ള ദിവസം അപേക്ഷകനെ അറിയിക്കും.
പതിനഞ്ചു ദിവസത്തിനുള്ളിൽ പ്ലാനിന് അനുമതി നൽകണമെന്നാണു നിയമം. ഇല്ലെങ്കിൽ കോർപറേഷൻ സെക്രട്ടറിക്കോ മേയർക്കോ അപേക്ഷ നൽകാം. വീണ്ടും പതിനഞ്ചു ദിവസത്തിനുള്ളിൽ അനുമതി കിട്ടിയില്ലെങ്കിൽ അതു കിട്ടിയതായി പരിഗണിച്ച് അപേക്ഷകനു വീടുനിർമാണം തുടങ്ങാം.
ലോണിന് ആവശ്യമായ രേഖകൾ
∙ അനുമതി ലഭിച്ച വീടിന്റെ പ്ലാൻ
∙ കുടിക്കട സർട്ടിഫിക്കറ്റ്
∙ പൊസഷൻ സർട്ടിഫിക്കറ്റ്
∙ നികുതി അടച്ച രസീത്
∙ എൻജിനീയർ തയാറാക്കിയ വീടിന്റെ എസ്റ്റിമേറ്റ്
ഇൻഷുറൻസ്
വീടു നിർമിക്കാനായി ബാങ്കിൽനിന്ന് എടുക്കുന്ന ലോണിന് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. മാസതവണയിൽ ഇൻഷുറൻസ് തുക കൂടി ചേർത്ത് അടച്ചാൽ മതിയാകും. നിർമിച്ചുകൊണ്ടിരിക്കുന്ന വീടിനും നിർമാണം കഴിഞ്ഞ വീടിനും ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താം.