ഈ പ്രായത്തിൽ ഭവനവായ്പ എടുക്കുന്നത് നല്ലതാണോ?
Mail This Article
ഭവന വായ്പയെടുക്കുകയും നിശ്ചിത കാലത്തിനുള്ളിൽ അതിന്റെ മുതലും പലിശയും അടച്ചുതീർക്കുകയും ചെയ്യുന്നതിനെക്കാൾ ഏറെ പ്രാധാന്യമുള്ളതാണ് ഒരു സ്വപ്‌നഭവനം സ്വന്തമാക്കുകയെന്നത്.
ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്നാണ് ഭവന വായ്പ. ഇതേസമയം തന്നെ വായ്പയുമായി ബന്ധപ്പെട്ട നിബന്ധനകളും വ്യവസ്ഥകളുമെല്ലാം കൃത്യമായി മനസ്സിലാക്കാതിരിക്കുകയും ആവശ്യമായ ആസൂത്രണം ഇല്ലാതിരിക്കുകയും ചെയ്താൽ ഇതു വളരെ വലിയൊരു ബുദ്ധിമുട്ടാകുകയും ചെയ്യും. വിപണിയിൽ തെരഞ്ഞെടുപ്പുകൾക്കു സാധ്യതയുള്ളതിനാൽ ആകർഷകമായ പലിശ നിരക്കിൽ ഭവന വായ്പ നേടുകയെന്നത് ഇക്കാലത്തൊരു ബുദ്ധിമുട്ടേയല്ല.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ജീവിതത്തിൽ അൽപം വൈകിയാണ് നിങ്ങളൊരു 'ഭവന വായ്പ എടുക്കുന്നതെങ്കിലോ? നിങ്ങൾക്കു പ്രായമേറുകയും 'വന വായ്പാ കമ്പനികൾ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുമ്പോൾ ഇതു കൂടുതൽ നിർണായകമാകുന്നു.
ഉദാഹരണത്തിന് നിങ്ങൾ ഇരുപതുകളിലോ മുപ്പതുകളിലോ ആണെങ്കിൽ പരമാവധി കാലാവധിയായ 30 വർഷം വരെ ഭവന വായ്പ ലഭിക്കും. ജോലിയിൽ സജീവമായി മുഴുകിയിരിക്കുന്ന കാലത്തു തന്നെ ഇതു സൗകര്യപ്രദമായി അടച്ചു തീർക്കുകയും ചെയ്യാം. പക്ഷേ നാൽപ്പതുകളിലാണു ഭവന വായ്പ എടുക്കുന്നതെങ്കിലോ? 15 മുതൽ 20 വരെ വർഷമെന്ന ചെറിയ കാലയളവിലോ ജോലിയിൽനിന്നു വിരമിക്കുന്നതിനുള്ളിലോ നിങ്ങൾക്കതു തിരിച്ചടയ്ക്കേണ്ടി വരും. സ്ഥിര വരുമാനമില്ലെങ്കിൽ ഇതു തിരിച്ചടയ്ക്കുന്നതു ബുദ്ധിമുട്ടുമായി മാറും. ഉപഭോക്താവിന്റെ വായ്പാ ശേഷിക്കനുസരിച്ച് ചില ഭവന വായ്പാ സ്ഥാപനങ്ങൾ 58 വയസിനും 60 വയസിനും അപ്പുറമെല്ലാം വായ്പകൾ ദീർഘിപ്പിച്ചു നൽകാറുണ്ട്.
നാൽപ്പതു വയസിനു ശേഷം നിങ്ങൾക്കൊരു ഭവന വായ്പ ആവശ്യമാണെങ്കിൽ ജോലിയുള്ള ഭാര്യയുടെയോ ഭർത്താവിന്റെയോ മക്കളുടെയോ കൂടെച്ചേർന്ന് സഹഅപേക്ഷകരായി ഭവന വായ്പ എടുക്കുന്നതാകും മികച്ചത്. പ്രക്രിയകൾ പല വിധത്തിൽ എളുപ്പമാക്കാനും ഇതു സഹായിക്കും. ഭാര്യയ്ക്കു നിങ്ങളെക്കാൾ പ്രായം കുറവായിരിക്കുകയും ഇരുവർക്കും മികച്ച വരുമാനമുണ്ടായിരിക്കുകയും ചെയ്താൽ വായ്പ ലഭിക്കാൻ കൂടുതൽ എളുപ്പമായിരിക്കും. നിങ്ങൾ ജോലിയിൽനിന്നു വിരമിച്ച ശേഷവും ഭാര്യയ്ക്ക തിരിച്ചടവു തുടരുകയും ചെയ്യാം. യഥാർത്ഥത്തിൽ നിങ്ങളിൽ പലർക്കും കൂടുതൽ ഉയർന്ന നിലയിലെ ഭവന വായ്പയ്ക്കും രണ്ടാമതൊരു വായ്പയ്ക്കു പോലും അർഹതയുണ്ടാകും.
സംയുക്തമായി ഭവന വായ്പയെടുക്കാനാവാത്ത സാഹചര്യമാണു നിങ്ങൾക്കുള്ളതെങ്കിൽ ആദ്യം അടയ്ക്കേണ്ട തുക കൂടുതൽ ഉയർത്തി പ്രതിമാസ തിരിച്ചടവു തുക (ഇഎംഐ) പരമാവധി കുറയ്ക്കാൻ ശ്രമിക്കുകയെന്നതാണു മികച്ച രീതി. പലിശ അടക്കമുള്ള പ്രതിമാസ തിരിച്ചടവു തുക ഇങ്ങനെ കുറയുന്നതിനാൽ കുറഞ്ഞ കാലയളവിൽ വായ്പ തിരിച്ചടയ്ക്കാൻ സാധിക്കും.
മൂന്നാമതൊരു മാർഗം കൂടി ഇവിടെയുണ്ട്. ജോലിയിൽനിന്നു വിരമിക്കുന്ന വേളയിൽ ലഭിക്കുന്ന ഗ്രാറ്റുവിറ്റിയോ ബോണസോ പാരമ്പര്യമായി ലഭിക്കുന്ന തുകയോ അടക്കമുള്ളവ ഉപയോഗിച്ച് വായ്പയിൽ ബാക്കിയുള്ള തുക അടച്ചു തീർക്കുക. ഇതു നിങ്ങളുടെ ബാധ്യത കുറക്കുകയും ഭാവിയിലേക്കായി സമ്പാദിച്ച് ജോലിയിൽനിന്നു വിരമിച്ച ശേഷമുള്ള കാലത്തേക്കായി ഉപയോഗിക്കുകയും ചെയ്യാം.
പല ഭവന വായ്പാ പദ്ധതികൾ വിപണിയിലുണ്ട്. പക്ഷേ, അവയിൽനിന്നു മികച്ചതു തിരഞ്ഞെടുക്കുവാൻ നിങ്ങളുടെ ഗവേഷണവും വിശകലനവും സഹായിക്കുന്നത്ര മറ്റൊന്നും പിന്തുണയേകില്ല. നിങ്ങൾക്ക് പ്രയോജനകരമാകുന്നത് ഏതെന്നും അല്ലാത്തത് ഏതെന്നും നിങ്ങൾ തന്നെ കണ്ടെത്തണം. യോഗ്യത, കാലാവധി, പലിശ നിരക്ക്, പണമടയ്ക്കുന്നതിലുള്ള സൗകര്യങ്ങൾ, ഒളിച്ചിരിക്കുന്ന വ്യവസ്ഥകൾ, സുതാര്യത തുടങ്ങിയവയെല്ലാം സൂക്ഷ്മമായി വിലയിരുത്തണം. കമ്പനിയുടെ മികവിനും അംഗീകാരത്തിനും ഇതിലെല്ലാം ഉപരിയായി പ്രാധാന്യം നൽകുകയും വേണം. ഓരോ പ്രക്രിയയിലും നിങ്ങളെ നയിക്കുവാനും വേഗത്തിൽ കാര്യക്ഷമമായി അംഗീകാരം നൽകാനുമുള്ള സ്ഥാപനത്തിന്റെ കഴിവും വിലയിരുത്തണം.
ഇങ്ങനെയുള്ള പ്രധാന കാര്യങ്ങളെല്ലാം പിന്തുടരുകയാണെങ്കിൽ 45 വയസിൽ ഭവന വായ്പയ്ക്ക് അപേക്ഷിക്കുന്നത് ഇരുപതുകളിലും മുപ്പതുകളിലും ഭവന വായ്പയ്ക്ക് അപേക്ഷിക്കുന്നതു പോലെ തന്നെ ലളിതമായിരിക്കും.
വിവരങ്ങൾക്ക് കടപ്പാട്
ഷാജി വർഗീസ്
എക്‌സിക്യൂട്ടീവ് ഡയറക്ടർ, ബിസിനസ് മേധാവി
പിഎൻബി ഹൗസിങ് ഫിനാൻസ്