എസി വയ്ക്കാതെ വീട്ടിലെ ചൂട് കുറയ്ക്കാം! ഈ 5 കാര്യങ്ങൾ മാത്രം മതി
Mail This Article
ഭൂമി ഉരുകിയുരുകി ഒലിക്കുകയാണ്. മിക്ക വീടുകളിലും അസഹനീയമായ ചൂട് ആണ്. എന്നാൽ ചില വീടുകൾക്കുള്ളിൽ കയറുമ്പോഴേ മനസ്സും ശരീരവും തണുക്കും. അതിന്റെ ക്രെഡിറ്റ് വീട്ടുകാർക്ക് അവകാശപ്പെട്ടതാണ്. വീടിനുള്ളിൽ ചൂട് കുറയ്ക്കാൻ വീട് പണിയുന്നവരും പണിതു കഴിഞ്ഞവരും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. വീട്ടകം തണുപ്പിക്കാൻ വീടിന്റെ ഓരോ ഭാഗങ്ങളിലായി എന്തൊക്കെ ചെയ്യണമെന്നു നോക്കാം.
1. മേൽക്കൂര
ഫ്ലാറ്റ് റൂഫ് പണിത ശേഷം ട്രസ് ഇട്ട് ഓടു പാകുന്നത് ചൂടു കുറയ്ക്കാൻ ഉപകരിക്കും. ഫില്ലർ സ്ലാബ് രീതിയിൽ മേൽക്കൂര വാർക്കുന്നതും ചൂടു കുറയ്ക്കും. മേൽക്കൂര വാർക്കാതെ ട്രസിട്ട് ഓടിട്ടാൽ വീട്ടിൽ ഫാനിന്റെ ആവശ്യമേയില്ല. രണ്ടുനില വീടുകളിൽ മുകളിലെ നിലയിൽ ചൂടു കൂടും. മുകളിലെ ഭിത്തികളുടെ ഉയരം കൂട്ടി ഫോൾസ് സീലിങ് ചെയ്താൽ ചൂട് കുറയ്ക്കാൻ സാധിക്കും. മുകളിലെ നിലയിലെ ഭിത്തികൾക്ക് പത്തര അടി ഉയരം കൊടുത്ത് തെർമോക്കോൾ കൊണ്ട് ഒരു പാളി നൽകണം. അതിന് താഴെ ജിപ്സമുപയോഗിച്ച് ഫോൾസ് സീലിങ് ചെയ്യാം. ചൂട് ഒരു പരിധിവരെ കുറയാൻ സഹായിക്കും.
2. പെയിന്റിങ്
തെർമൽ ഇൻസുലേഷനിലൂടെ വീടിനുള്ളിലെ ചൂട് കുറയ്ക്കാം. മേൽക്കൂരയിൽ ഇപ്പോക്സി കോട്ടിങ് നൽകുകയാണ് അതിനുള്ള ഏറ്റവും നല്ല വഴി. ചൂടു കുറയ്ക്കാൻ വൈറ്റ് സിമന്റ് ഉപയോഗിച്ചാൽ പായലും പൂപ്പലും പിടിക്കുമെന്നതിനാൽ വെളുത്ത പെയിന്റ് ഉപയോഗിക്കുന്നതാണ് നല്ലത്.
ചൂടിനെ ഏറ്റവുമധികം പ്രതിഫലിപ്പിക്കുന്ന നിറമാണ് വെള്ള. വെളുത്ത ടൈലുകൾ, ടെറാക്കോട്ട ടൈലുകൾ എന്നിവ ഇടുന്നത് ചൂടിൽ നിന്ന് താൽക്കാലിക ആശ്വാസം നൽകുമെങ്കിലും കുറച്ചു വർഷങ്ങൾ കഴിയുമ്പോൾ ടൈലുകൾക്കും കോൺക്രീറ്റിനും ഇടയിൽ വെള്ളമിറങ്ങി ചോർച്ചയുണ്ടാകാൻ സാധ്യതയുണ്ട്. പുറം ഭിത്തിയിൽ അടിക്കാൻ ചൂടിനെ ചെറുക്കുന്ന പെയിന്റുകൾ ഇറങ്ങുന്നുണ്ട്.
3. വെന്റിലേഷൻ
ക്രോസ് വെന്റിലേഷൻ കൃത്യമായി നൽകിയാൽ വീട്ടകം തണുപ്പിക്കാം. ഭിത്തിയുടെ മുകൾഭാഗത്തും അടിഭാഗത്തും ദ്വാരങ്ങൾ നൽകിയാൽ ചൂടുവായു മുകളിലൂടെ പുറത്തേക്കു പോയി തണുത്ത വായു താഴത്തെ ദ്വാരങ്ങളിലൂടെ അകത്തെത്തും. വാതിലിന്റെയും ജനലുകളുടെയും സ്ഥാനം കൃത്യമായി പ്ലാൻ ചെയ്യുക. വായു കയറിയിറങ്ങി പോകാൻ പാകത്തിൽ വേണം ഇവ നൽകാൻ.
കോർണർ വിൻഡോ നൽകുന്നത് വായുവിന്റെ സുഗമമായ സഞ്ചാരത്തിനു നല്ലതാണ്. വലിയ ജനൽ നൽകി അഴികളും ഗ്ലാസും ഇടാതെ മെഷ് മാത്രം നൽകുന്നതും കാറ്റിനെ വീട്ടിലേക്ക് ക്ഷണിക്കും. വെയിൽ കൂടുതല്‍ അടിക്കുന്ന മുറികളിൽ കട്ടിയുള്ള കർട്ടൻ നൽകാം. കാറ്റ് ലഭിക്കുന്ന മുറികളിൽ കനം കുറഞ്ഞ കർട്ടനും ഇടാം.
നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യം താഴ്ന്ന വിസ്തൃതമായ സൺഷേഡുള്ള തുറന്ന നടുമുറ്റമാണ്. ഇത് ഷീറ്റിട്ട് അടച്ചാൽ അസഹനീയമായ ചൂടാണ് അനുഭവപ്പെടുക. ഷീറ്റ് ഇടണമെന്ന് നിർബന്ധമാണെങ്കിൽ നടുമുറ്റത്തിനു ചുറ്റും ഇടുന്ന ഷീറ്റ് ഉയർത്തി വെന്റിലേഷൻ ധാരാളം നൽകി സ്ഥാപിച്ചാൽ ചൂടിന് കുറച്ചു ശമനം കിട്ടും.
4. പ്ലാൻ
പ്ലാൻ വരയ്ക്കുമ്പോൾ ആർക്കിടെക്ടിനെ വീടു പണിയുന്ന സ്ഥലം കാണിച്ച് കൂടുതൽ നേരം വെയിലും കാറ്റും ലഭിക്കുന്ന ദിക്കുകൾ മനസ്സിലാക്കണം. കേരളത്തിലെ കാലാവസ്ഥയനുസരിച്ച് തെക്കുഭാഗത്ത് വെയിലു കൂടും. അധിക നേരം ഉപയോഗിക്കാത്ത മുറികളിൽ വെയിൽ കൂടുതല്‍ ലഭിച്ചാലും കുഴപ്പമില്ല. ഏറ്റവുമധികം നേരം ചെലവിടുന്ന മുറികൾ കാറ്റ് കിട്ടുന്ന ഇടത്തു പണിയുക.
കഴിവതും ഓപൻ ആയ പ്ലാൻ സ്വീകരിക്കുക. ഭിത്തികളുടെ എണ്ണം കഴിയുന്നതും കുറയ്ക്കുക എന്നു ചുരുക്കം. ഭിത്തി കെട്ടാൻ സിമന്റ് ബ്ലോക്കുകൾക്കു പകരം മണ്ണ് ഇഷ്ടികയോ വെട്ടുകല്ലോ മണ്ണോ ഉപയോഗിക്കുക. മണ്ണിന്റെ തണുപ്പ് അനുഭവിച്ചറിയാം. ഭിത്തി തേക്കാതെ വിടുന്നതും ചൂടു കുറയ്ക്കാനുള്ള ഉപാധിയാണ്. കോൺക്രീറ്റിന്റെ ഉപയോഗം പരമാവധി കുറച്ചാൽ ചൂടും കുറയ്ക്കാം. മുറിയുടെ പൊക്കം 10 അടിയാണ് അഭികാമ്യം. ഉയരം കുറയുമ്പോൾ ചൂടുവായു കൂടുതലായി മുറിയിൽ തങ്ങിനിൽക്കാൻ ഇടയാകും.
5. മുറ്റം
മുറ്റത്തു പേവിങ് ടൈൽ ഒഴിവാക്കിയാൽ തന്നെ ചൂട് കുറയും. നിറയെ ചെടികളും മരങ്ങളും വച്ചുപിടിപ്പിച്ചാൽ കുളിർമ ലഭിക്കും. വെയിൽ അധികം ലഭിക്കുന്ന മുറികളോടു ചേർന്ന് ഉയരമുള്ള ചെടികൾ വച്ചാൽ ചൂട് ഒരു പരിധിവരെ കുറയ്ക്കാനാകും.