ADVERTISEMENT

ജീവിതത്തിൽ ഒരിക്കൽ മാത്രമേ പലരും വീട് വയ്ക്കുന്നുള്ളൂ. ഭവനവായ്പ എടുക്കുന്നതും മിക്കപ്പോഴും ഒരിക്കൽ മാത്രം. ഓരോരുത്തരുടെ ജീവിതത്തിലെയും സുപ്രധാന ആസ്തി പണയപ്പെടുത്തി എടുക്കുന്ന ഭവനവായ്പകളുടെ തിരിച്ചടവിൽ അത്യന്തം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഭവനവായ്പ കൃത്യമായി തിരിച്ചടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് കർശനമായ റിസർവ് ബാങ്ക് ചട്ടങ്ങളും കേന്ദ്രസർക്കാർ നിയമങ്ങളും നിലവിലുള്ളതിനാൽ  മറ്റു വായ്പകളെപ്പോലെ ലാഘവത്തോടെ കൈകാര്യം ചെയ്യേണ്ടവയല്ല, ഭവനവായ്പകൾ. 

 

നിബന്ധനകൾ 

കൃത്യമായി തുല്യമാസത്തവണകൾ തിരിടച്ചടച്ചുകൊണ്ടിരിക്കുന്ന ഭവനവായ്പ അക്കൗണ്ടുകളെ റിസർവ് ബാങ്ക് നിബന്ധനകൾ അനുസരിച്ച് മെച്ചപ്പെട്ട സ്റ്റാൻഡേർഡ് ആസ്തികൾ എന്നാണ് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും കണക്കാക്കുന്നത്. എന്നാൽ 90 ദിവസത്തിനു മുകളിൽ തവണകൾ തിരിച്ചടയ്ക്കാൻ വീഴ്ച വന്നാൽ പണം തിരികെ കിട്ടുമോ എന്ന സംശയത്തിൽ അത്തരം വായ്പകളെ നിഷ്ക്രിയ വായ്പകൾ എന്നർഥമുള്ള നോൺ പെർഫോമിങ് അസറ്റ് (എൻപിഒ)എന്ന്  തരംതിരിച്ച് പണം തിരിച്ചു പിടിക്കാനുള്ള നടപടികൾ ആരംഭിക്കുന്നു. 

വായ്പക്കായി നൽകിയിരിക്കുന്ന ആസ്തിയുടെ മൂല്യം തിരിച്ചടയ്ക്കാൻ ബാക്കി നിൽക്കുന്ന തുകയുടെ എത്ര ഇരട്ടി ഉണ്ടെങ്കിലും ഇതിൽ വിട്ടുവീഴ്ച ഇല്ല. റിസർവ് ബാങ്ക് പുറപ്പെടുവിച്ചുള്ള പ്രുഡൻഷ്യൽ നോംസ് എന്ന പ്രത്യേക മാർഗനിർദേശങ്ങൾ അനുസരിച്ച് വായ്പകൾക്ക് ജാമ്യമായി നൽകിയിരിക്കുന്ന ആസ്തിയുടെ വിലയേക്കാൾ മുതലിന്റെയും പലിശയുടെയും കൃത്യമായ തിരിച്ചടവ് അടിസ്ഥാനമാക്കിയാണ് ബാങ്കുകൾ വായ്പകളുടെ ഗുണനിലവാരം തരംതരിക്കുന്നതും നടപടികൾ സ്വീകരിക്കുന്നതും. 

 

സെക്യൂരിറ്റൈസേഷൻ നിയമം

എൻപിഎ ആയി തരംതിരിച്ച ഒരു ലക്ഷം രൂപയിൽ കൂടുതലുള്ള ഭവനവായ്പകളിൽ, വായ്പ തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസ് ലഭിച്ച് 60 ദിവസത്തിനുള്ളിൽ വായ്പ ക്രമവൽക്കരിക്കാതിരുന്നാൽ വായ്പയ്ക്ക് ഈടു നൽകിയിട്ടുള്ള സ്ഥലവും വീടും സെക്യൂരിറ്റെസേഷൻ നിയമപ്രകാരം ബാങ്കുകൾ ഏറ്റെടുക്കും. വസ്തുവകകൾക്ക് ഒരു റിസർവ് വില നിശ്ചയിക്കുകയും പത്രങ്ങളിലൂടെ പരസ്യം നൽകി പൊതുലേലത്തിലൂടെയോ സ്വകാര്യ ഇടപാടിലൂടെയോ വസ്തുവകൾ വിറ്റ് മുതലും പലിശയും ബാങ്കുകൾ തിരിച്ചു പിടിക്കുന്നു. റിക്കവറി നടപടികളുടെ എല്ലാ ചെലവുകളും വായ്പ എടുത്തവർ വഹിക്കണം. 

ഇടപാടുകാരൻ സമ്മതം നൽകിയാൽ മാത്രമേ റിസർവ് വിലയിൽ കുറച്ച് വസ്തുവകകൾ വിൽക്കുന്നതിന് ബാങ്കുകൾക്ക് സാധിക്കൂ. സെക്യൂരിറ്റെസേഷൻ നിയമപ്രകാരം എടുക്കുന്ന നടപടികൾക്കെതിരെ മറ്റ് കോടതികളെ സമീപിക്കാൻ ആകില്ല. 10 ലക്ഷം രൂപയിൽ കൂടൂതൽ ഉള്ള വായ്പകളിൽ ,തിരിച്ചടയ്ക്കേണ്ട തുകയുടെ 75 ശതമാനം മുൻകൂർ കെട്ടിവച്ചാൽ ഡെബ്റ്റ് റിക്കവറി ട്രിബൂണലുകളിൽ അപ്പീൽ നൽകാം. 

 

പോംവഴികൾ 

ഇടപാടുകാരന്റെ സ്വകാര്യത നഷ്ടപ്പെടുത്തുന്ന രീതിയിൽ അസമയത്ത് വായ്പ തിരിച്ച് അടയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഫോൺ ചെയ്യുക, റിക്കവറി ഏജന്റുമാർ കൂട്ടത്തോടെ ഇടപാടുകാരെ ശല്യപ്പെടുത്തുക. പ്രകോപനപരമായി ഇടപെടുക എന്നിവയ്ക്കെതിരെ വായ്പ എടുത്തവർക്ക് ഇന്ത്യൻ ബാങ്ക് അസോസിയേഷന്റെ കോഡ് ഓഫ് കോൺഡക്റ്റ് പ്രകാരം സംരക്ഷണം ലഭിക്കും. മനഃപൂർവമല്ലാത്ത കാരണങ്ങളാൽ വായ്പ തിരിച്ചടവിൽ വീഴ്ച വരുന്ന സന്ദർഭങ്ങളിൽ ബാങ്കുകളെ നേരിട്ട് കാര്യങ്ങൾ ബോധിപ്പിക്കുകയോ ക്രെഡിറ്റ് കൗൺസലിങ് സേവനങ്ങൾ ഉപയോഗപ്പെടുത്തുകയോ ആവാം.

പലിശ നിരക്ക് ഉയരുമ്പോഴും വരുമാനം കുറയുമ്പോഴും തിരിച്ചടവ് കാലാവധി കൂട്ടി തുല്യമാസ തവണകൾ കുറച്ച് വാങ്ങി തിരിച്ചടവ് ക്രമമായി  തന്നെ നിലനിർത്തണം. ഒന്നിച്ചു ലഭിക്കുന്ന തുകകൾ മുൻകൂർ ആയി വായ്പകളിലേക്ക് തിരിച്ചടയ്ക്കാം. റിക്കവറി നടപടികൾ ചെലവേറിയവയായതിനാൽ കഴിയുന്നതും ഒഴിവാക്കാൻ ശ്രമിക്കണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com