ചോർച്ചയെ പേടിക്കേണ്ട, ഇരുനിലയുടെ സൗകര്യം...മഴക്കാലത്ത് റൂഫിങ്ങിനെ പ്രേമിച്ച് മലയാളികൾ
Mail This Article
മഴക്കാലത്ത് പഴയ വീടുകൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമാണ് ചോർച്ച. ഓടിട്ട മേൽക്കൂരയാണെങ്കിൽ പറയുകയും വേണ്ട. എന്നാൽ വലിയ ചെലവില്ലാതെ ചോർച്ച പരിഹരിക്കാനും കോൺക്രീറ്റ് വീടാണെങ്കിൽ മുകൾവശം ഉപയുക്തമാക്കാനും കഴിയുന്നതാണ് റൂഫിങ്ങിനെ ജനപ്രിയമാക്കുന്നത്. പഴയ വീട് പൊളിക്കാൻ മടിയുള്ളവരും സാമ്പത്തികശേഷി കുറഞ്ഞവരും റൂഫിങ് ചെയ്തു വീട് സംരക്ഷിക്കുന്ന ട്രെൻഡ് ഇപ്പോൾത്തന്നെയുണ്ട്. സ്ഥലസൗകര്യം കുറഞ്ഞ വീടുകളിൽ തുണി ഉണക്കുന്നതിനും തേക്കുന്നതിനും മറ്റുമുള്ള സൗകര്യമാണ് ഇവിടെ ഒരുക്കുന്നത്.
ഇടത്തരം സാമ്പത്തികശേഷിയുള്ളവർ വീടിനു മോടി കൂട്ടാനും ഇപ്പോൾ റൂഫിങ് ചെയ്യാറുണ്ട്. എന്നാൽ മറ്റു ചിലരാകട്ടെ വർക്ക് ഔട്ട് ഏരിയ, പ്ലേ ഏരിയ, ഗാർഡൻ ഏരിയ, പെറ്റ്സ് കോർണർ തുടങ്ങിയ രീതിയിൽ വീടിന്റെ മുകൾഭാഗം ഉപയോഗിക്കുന്നു. എന്തിനേറെ പറയുന്നു ജിപ്സം ബോർഡുകൾ കൊണ്ട് ഭിത്തി തിരിച്ച് മുകൾവശം ഓഫിസ് സ്‌പേസ് ആക്കുന്നവർ പോലും ധാരാളമാണ്.
റൂഫിങ് ചെയ്യുമ്പോൾ എന്തു മെറ്റീരിയൽ ഉപയോഗിക്കണം എന്ന കാര്യത്തിലാണ് പ്രധാന തർക്കം നേരിടുന്നത്. സിറാമിക് ഓടുകൾ, ഷിംഗിൾസ്, മെറ്റാലിക് ഷീറ്റുകൾ എന്നിവയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. റൂഫിന്റെ ഭംഗിക്കു പ്രാധാന്യം നൽകുന്ന ആളുകൾ സിറാമിക് ഓടുകൾ തിരഞ്ഞെടുക്കുന്നതാണ് ഉചിതം. എന്നാൽ ഇതിനു മറ്റു മെറ്റീരിയലുകളെ അപേക്ഷിച്ച് ചെലവു കൂടുതലാണ്. ഓടൊന്നിന് തൊണ്ണൂറു രൂപ ശരാശരി വില വരും. കളിമണ്ണ്, സ്ലറി, കോൺക്രീറ്റ് പിഗ്‌മെന്റ് എന്നിവ യോജിപ്പിച്ച കോൺക്രീറ്റ് ടൈലുകളും ഇന്നു വ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ട്. ഇതിനു പുറമേയാണ് ഇംപോർട്ടഡ് ക്ലേ ടൈലിന്റെ ഉപയോഗം. എന്നാൽ ഇതിന് ടൈൽ ഒന്നിന് നൂറുരൂപയോളം വില വരും. ഏറെക്കാലം നിലനിൽക്കും എന്നതും നിറം മങ്ങില്ല എന്നതുമാണ് ഇതിന്റെ പ്രത്യേകത.
സിറാമിക് ഓടുകൾ പൊട്ടും എന്ന ഭയത്തിലാണ് പലരും മെറ്റാലിക് ഷീറ്റുകൾ തിരഞ്ഞെടുക്കുന്നത്. എളുപ്പത്തിൽ പണി തീരും എന്നതിനാൽ പണച്ചെലവും കുറവാണ്. എന്നാൽ ശരാശരി കനത്തിലും ഗുണത്തിലും ഉള്ള ഷീറ്റുകൾ തിരഞ്ഞെടുത്തില്ലെങ്കിൽ ധനനഷ്ടമായിരിക്കും ഫലം. അലുമിനിയം ഷീറ്റുകൾ മൂലം മഴക്കാലത്ത് ശബ്ദം കൂടുതലായിരിക്കും എന്നത് ഒരു ന്യൂനതയാണ്. ഗാൽവനൈസ്ഡ് അയൺ (ജിഐ) ഷീറ്റുകളാണ് ഈ വിഭാഗത്തിൽ ഏറ്റവും കൂടുതലായി വിറ്റുപോകുന്നത്.
ചെലവു ചുരുങ്ങിയ റൂഫിങ് രീതിയാണ് ഷിംഗിൾസ്. വിദേശരാജ്യങ്ങളിലാണ് ഇതു പ്രധാനമായും പ്രചാരത്തിലുളളത്. ചെരിച്ചു വാർത്ത വീടുകളുടെ മേൽക്കൂരയിലാണ് ഷിംഗിൾസ് ഒട്ടിക്കുന്നത്. കാഴ്ചയ്ക്ക് ഏറെ ആകർഷകമായ ഷിംഗിൾസ് വിവിധ ഡിസൈനുകളിൽ ലഭ്യമാണ്. കോംപാക്റ്റ് പോളികാർബണേറ്റ് ഷീറ്റുകളും റൂഫിങ് ആവശ്യങ്ങൾക്കായി ഉപയോഗിച്ചു വരുന്നു. വീടിന്റെ ഡിസൈൻ, നിറം എന്നിവയ്ക്കു ചേരുന്ന രീതിയിലുള്ള റൂഫിങ് മെറ്റീരിയലുകളാണ് തിരഞ്ഞെടുക്കേണ്ടത്.
മുൻപ് ഒന്നുകിൽ അലുമിനിയം നിറം, അല്ലെങ്കിൽ ഓടിന്റെ നിറം ഇതായിരുന്നു കേരളത്തിലെ റൂഫുകളുടെ അവസ്ഥ. എന്നാൽ ഇന്ന് ആ രീതി മാറിയിരിക്കുന്നു. ചുവപ്പ്, നീല, പച്ച തുടങ്ങിയ നിറങ്ങളാണ് ഇപ്പോൾ വ്യാപകമായി ഉപയോഗിക്കുന്നത്. ഡിസൈനുകളുള്ള റൂഫുകൾ പോലും ഇപ്പോൾ കാണാനാകും. യൂറോപ്യൻ മാതൃകയിലുള്ള മേൽക്കൂരകളോടു കൂടിയ വീടുകൾക്കും ആരാധകർ ഏറെയാണ്.