അതിവേഗം പണിയാം; ചെലവ് 40 % കുറയ്ക്കാം! പ്രചാരമേറി ഇന്റർലോക്ക് വീടുകൾ
Mail This Article
നിർമാണ സാമഗ്രികൾ, നിർമാണ സമയം, നിർമാണച്ചെലവ് – ഇവ മൂന്നും ഒരു പോലെ കുറയ്ക്കുന്ന ഇന്റർലോക്ക് ബ്രിക്സുകൾക്ക് പ്രചാരം ഏറിക്കൊണ്ടിരിക്കുകയാണ്. ഭിത്തി പ്ലാസ്റ്റർ ചെയ്യേണ്ട എന്നതാണ് ഏറ്റവും പ്രധാന നേട്ടം. നല്ല മിനുസമുള്ള പ്രതലമാണ് ഇന്റർലോക്ക് കട്ടയുടേത്. ഇതിൽ നേരിട്ട് പുട്ടി തേച്ച് പെയിന്റടിക്കാനാകും. അതുവഴി സാധാരണ രീതിയെ അപേക്ഷിച്ച് ചുവർ നിർമാണത്തിന്റെ ചെലവ് 30 മുതൽ 40 ശതമാനം വരെ കുറയ്ക്കാനും സാധി ക്കും. ഇഷ്ടികയെയും വെട്ടുകല്ലിനെയും പോലെ ഭാരം താങ്ങാൻ ശേഷിയുള്ളതാണ് ഇന്റർലോക്കിങ് കട്ടയും. അതിനാൽ ലോഡ് െബയറിങ് ഭിത്തി നിർമിക്കാനും ബഹുനില വീടുകൾ നിർമിക്കാനും ഇവ ഉപയോഗിക്കാം.
ഇന്റർലോക്ക് മൺകട്ടകൾ
പച്ചമണ്ണ്, സിമെന്റ്, പ്രത്യേക പശ എന്നിവ ചേർത്താണ് ‘ഇന്റർലോക്ക് മൺകട്ട’ അഥവാ കംപ്രസ്ഡ് സോയിൽ എർത്ത് ബ്ലോക്ക്’ നിർമിക്കുന്നത്. ഇതിനായി ആദ്യം മണ്ണ് ക്രഷർ മെഷീൻ ഉപയോഗിച്ച് പൊടിക്കും. പിന്നീട് മിക്സിങ് മെഷീന്റെ സഹായത്തോടെ മൂന്നു ശതമാനം സിമെന്റ് ചേർത്ത് നന്നായി ഇളക്കും. തുടർന്ന് ഈ മിശ്രിതം ഹൈഡ്രോളിക് പ്രസ് മെഷീനിൽ നിറച്ചാണ് ആവശ്യമായ അളവിലുള്ള കട്ട നിർമിക്കുന്നത്.
മൺനിറമാണ് ഇത്തരം കട്ടയുടേത്. അതിനാൽ ടെറാക്കോട്ട നിറത്തിലുള്ള പെയിന്റ് പൂശിയാൽ കൂടുതൽ പൊലിമ തോന്നും. പുറംഭിത്തികളിൽ വാട്ടർപ്രൂഫ് പെയിന്റ് നൽകുന്നതാണ് അഭികാമ്യം. ഭിത്തി കൂടാതെ മതിലും മറ്റും നിർമിക്കാനും ഇന്റർലോക്ക് മൺകട്ട ഉപയോഗിക്കാം. മുകൾഭാഗം ചെറിയ കനത്തിൽ കോൺക്രീറ്റ് ചെയ്യുന്നത് ബലം കൂട്ടുന്നതിനൊപ്പം വെള്ളം ഇറങ്ങുന്നത് തടയുകയും ചെയ്യും.
കോൺക്രീറ്റ് ഇന്റർലോക്ക് ബ്ലോക്ക്
ഇളം ചാരനിറത്തിൽ മിനുസമുള്ള പ്രതലത്തിലാണ് കോൺക്രീറ്റ് ഇന്റർലോക്ക് ബ്ലോക്കിന്റേത്. അതിനാൽ പുറംഭിത്തി യിലെ ജോയിന്റുകൾ മാത്രം പുട്ടിയിട്ട് നിരപ്പാക്കി പെയിന്റ് ചെയ്യാം. ഉള്ളിലെ ഭിത്തിയും പ്ലാസ്റ്റർ ചെയ്യാതെ നേരിട്ട് പുട്ടി തേച്ച് പെയിന്റ് അടിക്കാം. ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് ചാനൽ നിർമിക്കാം എന്നതിനാൽ കൺസീൽഡ് വയറിങ്, പ്ലംബിങ് എന്നിവയ്ക്കും ഇത്തരം കട്ട അനുയോജ്യമാണ്. ആണി അടിക്കുന്നതിനേക്കാൾ ഡ്രിൽ ചെയ്ത് സ്ക്രൂ പിടിപ്പിക്കുന്നതാണ് അഭികാമ്യം.
ഫ്ലൈ ആഷ് ഇന്റർലോക്ക് ബ്ലോക്ക്
വ്യാവസായിക അവശിഷ്ടമായ ഫ്ലൈ ആഷ് പുനരുപയോഗപ്പെടുത്തുന്നു എന്നതാണ് ഫ്ലൈ ആഷ് ഇന്റർലോക്ക് ബ്ലോക്കിന്റെ പ്രധാന സവിശേഷത. അതിനാൽ ഇതിനെ ‘ഇക്കോ ഫ്രണ്ട്‍ലി മെറ്റീരിയൽ’ എന്നു വിശേഷിപ്പിക്കാം. മറ്റു നിർമാണ സാമഗ്രികളെ അപേക്ഷിച്ച് ചെലവ് കുറവാണെന്നതാണ് ഈ കട്ടകളുടെ മറ്റൊരു മെച്ചം.
ഇളംചാര നിറത്തിൽ നല്ല മിനുസമുള്ള പ്രതലമായതിനാൽ ഇവ കൊണ്ടു നിർമിച്ച ഭിത്തി പ്ലാസ്റ്റർ ചെയ്യേണ്ട ആവശ്യമില്ല. കൺസീൽഡ് പ്ലംബിങ്, വയറിങ് എന്നിവയ്ക്ക് ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് ഇത്തരം കട്ടകളിൽ പാനൽ നിർമിക്കാം. വിടവുകളിൽ പുട്ടിയിട്ട് ഭംഗിയാക്കി പെയിന്റ് ചെയ്താൽ നല്ല ഭംഗി തോന്നിക്കും. എന്നെങ്കിലും വീട് പൊളിച്ചു മാറ്റേണ്ട ആവശ്യം വന്നാൽ കേടുകൂടാതെ ഇളക്കിയെടുക്കാം. ഈ കട്ടകൾ ഉപയോഗിച്ച് മറ്റൊരു വീട് നിർമിക്കാനുമാകും.