ADVERTISEMENT

തങ്ങളുടേതല്ലാത്ത തെറ്റിന് ദുരിതം അനുഭവിക്കുന്ന ഒരുപറ്റം മനുഷ്യരുണ്ട്‌ കാസര്‍കോട്ടെ ചില ഗ്രാമങ്ങളിൽ.  എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനി പ്രയോഗം അളവില്ലാതെ നടത്തിയ കശുവണ്ടിതോട്ടങ്ങളില്‍ നിന്നും ആ വിഷം പല ഗ്രാമങ്ങളെയും ദുരിതത്തിലാക്കി . പിറന്നുവീഴുന്ന കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ അതിന്റെ ദൂഷ്യം അനുഭവിച്ചു.  സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്നതാണ് ഈ ഗ്രാമങ്ങള്‍ എല്ലാം തന്നെ. കീറിയ ടാര്‍പോളിന്‍ വലിച്ചു കെട്ടിയ പുരകളാണ് പലര്‍ക്കും. പട്ടിണിയും ദാരിദ്ര്യവും നിത്യവും ഇവരെ ഈ ദുരിതങ്ങള്‍ കൂടാതെ കാര്‍ന്നു തിന്നുന്നുണ്ട്. 

 

കാസര്‍കോട്ടെ ഈ ഗ്രാമങ്ങളെ കുറിച്ച് നമ്മള്‍ അറിഞ്ഞു തുടങ്ങും മുന്‍പ് തന്നെ ഇവിടെ കടന്നു വന്ന കുറച്ചുപേരുണ്ട്. കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്‍റ് സയന്‍സ് കോളെജിലെ സാഹിത്യവേദിപ്രവര്‍ത്തകരായ ചില സുമനസ്സുകള്‍. ഒരിക്കല്‍ ബോവിക്കാനത്തെ ഉണ്ണികൃഷ്ണന്‍ ബേവിഞ്ച എന്ന എന്‍ഡോസള്‍ഫാന്‍ ഇരയുടെ വീട്ടിലെത്തിയതായിരുന്നു ഇവര്‍. വീട് എന്നൊന്നും ആ ഷീറ്റ് വലിച്ചു കെട്ടിയ കൂരയെ വിളിക്കാന്‍ സാധിക്കില്ലായിരുന്നു. അന്ന് ഉണ്ണികൃഷ്ണന് പ്രായം പതിനൊന്ന്. ഉണ്ണികൃഷ്ണനും അച്ഛനും അമ്മയും അഞ്ചുവയസുകാരി അനുജത്തിയും അടങ്ങിയതാണ് ആ കുടുംബം. ബുദ്ധിവളര്‍ച്ചയ്ക്ക് തകരാറ് സംഭവിച്ച കുട്ടിയാണ് ഉണ്ണികൃഷ്ണന്‍. ഒരുനിമിഷം പോലും എവിടെയും അടങ്ങി ഇരിക്കാന്‍ സാധിക്കാത്ത വിധം ഹൈപ്പര്‍ ആക്ടീവ്. അപകടകരമായ നിലയില്‍ മൂന്ന് പൊട്ടക്കിണറുകള്‍ ഉണ്ട് ആ കൂരയ്ക്ക് ചുറ്റും. വീടിനു ചുറ്റും ഓടിനടക്കുന്ന മകന് കാവലുമായി അവന്റെ മാതാപിതാക്കള്‍ കണ്ണിമചിമ്മാതെ കൂടെയുണ്ട്.

buds-school

 

കോളേജ് സാഹിത്യവേദിയുടെ എല്ലാമായ അധ്യാപകന്‍ അംബികാസുതന്‍ മാങ്ങാടിന്‍റെ എന്‍മകജെ എന്ന നോവലിന് ലഭിച്ച റോയല്‍റ്റി തുകയില്‍ നിന്ന് 30,000 രൂപ ഉണ്ണികൃഷ്ണന് നല്‍കാനാണ് സാഹിത്യവേദി പ്രവര്‍ത്തകര്‍ അവിടേക്ക് ചെന്നത്. പക്ഷേ ഇവരുടെ അവസ്ഥ കണ്ടപ്പോള്‍ പണം മാത്രം പോര ആ കുടുംബത്തിനൊരു കൂര കൂടി വേണ്ടേ എന്നവര്‍ക്ക് തോന്നി.  അങ്ങനെ രണ്ടുലക്ഷത്തോളം രൂപ സ്വരൂപിച്ചു നാട്ടുകാരും വിദ്യാര്‍ഥികളും കൈകോര്‍ത്തു ആ കുടുംബത്തിനൊരു വീടുയര്‍ന്നു. അങ്ങനെ 2011ല്‍ ഉണ്ണികൃഷ്ണന് ഒരു വീടായി.  ഇവിടം കൊണ്ട് തീര്‍ന്നില്ല ഇവരുടെ സേവനമനോഭാവം. ഇന്ന് എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായി ഇതിനകം ഏഴ് വീടുകള്‍ അവര്‍ നിര്‍മ്മിച്ചുനല്‍കികഴിഞ്ഞു. ദുരന്തഭൂമിയില്‍ ഒരു ബഡ്‌സ് സ്‌കൂള്‍ കെട്ടിടവും അവര്‍ പണിതുകൊടുത്തു. എട്ടാമത്തെ വീടിന്‍റെ പണി പു രോഗമിക്കുകയാണ്. നാട്ടുകാരും ഈ വിദ്യാര്‍ഥികള്‍ക്കൊപ്പമുണ്ട്.

 

എന്‍മകജെ നോവലിന് റോയല്‍റ്റി കിട്ടിയപ്പോള്‍ ലഭിച്ച ഒരു ലക്ഷം രൂപ ദുരിത ബാധിതര്‍ക്ക് കൊടുക്കാന്‍ തീരുമാനിച്ചിരുന്നു എന്ന് അംബികാസുതന്‍ പറയുന്നു.  ഈ നോവലിലെ കഥാപാത്രമായിരുന്ന ഷാഹിനക്കും മറ്റ് കഥാപാത്രങ്ങള്‍ക്കുമെല്ലാം സഹായങ്ങള്‍ നല്‍കിയിരുന്നു ഇദ്ദേഹം. മൂന്നാമത്തെ റോയലിറ്റി 30,000 രൂപ നല്‍കാന്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ ഉണ്ണികൃഷ്ണന്‍റെ വീട്ടിലെത്തിയപ്പോഴാണ് ആ കുടുംബത്തിന്റെ ദയനീയാവസ്ഥ കണ്ടു അവർക്കൊരു  വീട് വേണമെന്ന ആശയം ഉടലെടുത്തത്. ഇവിടെ നിന്നായിരുന്നു എല്ലാത്തിന്റെയും തുടക്കവും.സാഹിത്യവേദി ഉണ്ണികൃഷ്ണനുവേണ്ടി നിര്‍മ്മിച്ച വീട് പൂര്‍ത്തിയായപ്പോള്‍ സുരേഷ് ഗോപിയാണ് അന്ന് താക്കോല്‍ ദാനം നടത്തിയത്. 

 

രണ്ടാമത്തെ വീടിന് പത്തുലക്ഷം രൂപ ചെലവായി. ഇതില്‍ മൂന്ന് ലക്ഷം രൂപ സുരേഷ് ഗോപി നല്‍കിയതാണ്. നാട്ടുകാരുടെ കമ്മിറ്റി രുപീകരിച്ചാണ് ബാക്കി പണം സ്വരൂപിച്ചത്. നാട്ടുകാരും വിദ്യാര്‍ഥികളും ചേര്‍ന്നാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ എല്ലാം നടത്തിയത്. അമ്പലത്തറയില്‍ ദുരിതബാധിതരായ കുട്ടികളുടെ പഠനത്തിന് സ്നേഹവീടുമൊരുക്കി. വീടിനുള്ള ചിലവ് 12 ലക്ഷം വരെ ആയപ്പോള്‍ സുരേഷ് ഗോപിയുടെ സംഭാവന മൂന്നില്‍ നിന്ന് നാലര ലക്ഷംവരെയാക്കിയിരുന്നു. അമ്പലത്തറയില്‍ നിര്‍മ്മിച്ച സ്നേഹവീടിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് സംവിധായകന്‍ ഡോ.ബിജുവും നടന്‍ കുഞ്ചാക്കോ ബോബനും സഹായിച്ചിട്ടുണ്ട്. 

 

 

ഇന്ന് സാഹിത്യ വേദിക്ക് കിട്ടുന്ന അപേക്ഷകളില്‍ ഏറ്റവും അര്‍ഹരെ തിരഞ്ഞെടുത്താണ് വീട് നിര്‍മ്മിച്ചു നല്‍കുന്നത്. സ്വന്തമായി സ്ഥലവും എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള ബയോമെട്രിക്ക് കാര്‍ഡും ഉള്ളവരെയാണ് പരിഗണിക്കുന്നത്. അംബികാസുതന്‍ നെഹ്റു കോളേജ് അധ്യാപകനായി ചേരുന്നതോടെയാണ് സാഹിത്യ വേദിയുടെ തുടക്കം. 1987 ല്‍ എട്ട് കുട്ടികളുമായി ആരംഭിച്ച വേദിയില്‍ ഇന്ന് 242 ഓളം അംഗങ്ങളുണ്ട്. 2001 മുതല്‍ 2017 വരെ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച എന്‍ഡോസള്‍ഫാന്‍ റിപ്പോര്‍ട്ടുകളുടെ വിപുലമായ ശേഖരം ഇവര്‍ അഞ്ചു വാല്യങ്ങളായി സമാഹരിച്ചുവെച്ചു. ഇതെല്ലാം നമുക്ക് പറഞ്ഞു തരുന്നത് ഒരു ജനത നടത്തിയ എന്‍ഡോസള്‍ഫാന്‍ വിരുദ്ധപോരാട്ടങ്ങളുടെ കഥയാണ്‌, അവരുടെ അതിജീവനമാണ്‌ . 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com