ADVERTISEMENT

സുവോളജി അധ്യാപികയായിരുന്ന സുനില്‍ 2005 ല്‍ നാഷണല്‍ സര്‍വീസ് സ്കീമിന്റെ ഭാഗമായി തന്റെ വിദ്യാര്‍ഥിനി കൂടിയായിരുന്ന ആശയുടെ വീട്ടിലെത്തി. അച്ഛനെയും അമ്മയെയും നഷ്ടമായ ആഷയെ അവളുടെ മുത്തശ്ശനും മുത്തശ്ശിയും ആയിരുന്നു വളര്‍ത്തിയിരുന്നത്. പുറമ്പോക്ക് ഭൂമിയില്‍ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ച വീട്ടിലായിരുന്നു ആശ കഴിഞ്ഞിരുന്നത്. അടച്ചുറപ്പുള്ള ഒരു വാതില്‍ പോലുമില്ലാത്ത ആ വീട്ടിലെ അവളുടെ അവസ്ഥ കണ്ടു സുനിലിന്റെ കണ്ണ് നിറഞ്ഞു. പിന്നെ അങ്ങോട്ട്‌ ആ സംഭവം സുനിലിന്റെ ജീവിതം തന്നെ മാറ്റിമറിച്ചു.  ഇന്ന് ആശ വിവാഹിതയാണ്. എല്ലാ സൗകര്യങ്ങളോടും കൂടി അവളിന്ന് ജീവിക്കുന്നു. ആശയുടെ ജീവിതം മാത്രമല്ല സുനിലിന്റെ ജീവിതവും പിന്നീടു ഒരുപാട് വഴിമാറി സഞ്ചരിച്ചു. റിട്ടയര്‍മെന്റ് ജീവിതം ഇപ്പോള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മാറ്റി വച്ചിരിക്കുകയാണ് സുനില്‍. 

2005 മുതല്‍ ഇങ്ങോട്ട് വീടില്ലാത്ത 83 നിര്‍ധനകുടുംബങ്ങള്‍ക്ക് സുനിലിന്റെ മേല്‍നോട്ടത്തില്‍ പിന്നീട് ഇതുവരെ വീട് വച്ച് നല്‍കിയിട്ടുണ്ട്. സുനില്‍ നിര്‍മ്മിച്ച്‌ നല്‍കിയ വീടുകളില്‍ പകുതിയും സ്വന്തം ജില്ലയായ പത്തനംതിട്ടയിലാണ്. ആലപ്പുഴയിലും കൊല്ലത്തും ഇപ്പോള്‍ സുനിലിന്റെ മേല്‍നോട്ടത്തില്‍ വീടുപണി നടക്കുന്നുണ്ട്. കുട്ടികളുമായി നിരാലംബരായി കഴിയുന്ന സ്ത്രീകള്‍ക്കാണ് കൂടുതലും വീടുകള്‍ വച്ചു നല്‍കുന്നത്. രോഗശ്ശയ്യയിലായ കുടുംബങ്ങള്‍ക്കും സുനിലിന്റെ സഹായം എത്താറുണ്ട്. ഒരു കുടക്കീഴില്‍ റോഡരികില്‍ അന്തിയുറങ്ങിയ അൻപത്തിയഞ്ചുകാരിയായ സുശീലയും കോട്ടയം മെഡിക്കല്‍ കോളേജില്‍ ഇടുപ്പ് മാറ്റി വയ്ക്കല്‍ ശാസ്ത്രക്രിയ ചെയ്ത സജി മോളും ആത്മഹത്യയുടെ വക്കില്‍ നിന്നും ജീവിതത്തിലേക്ക് മടങ്ങി വന്ന സാറാമ്മയും എല്ലാം ഇതിലുണ്ട്. 

dilapidated-house-before

2005 ല്‍ ഒരു ലക്ഷം രൂപയുടെ വീടുകള്‍ ആയിരുന്നു നിര്‍മ്മിച്ചിരുന്നെതെങ്കില്‍ ഇന്നത്‌ രണ്ടരലക്ഷം ആയി മാറിയിട്ടുണ്ട്. മിക്ക വീടുകളും 450 ചതുരശ്രയടിയാണ് നിര്‍മ്മാണം. മിക്കപ്പോഴും സ്വന്തം കൈയ്യിലെ പണം തന്നെ ഉപയോഗിച്ചാണ് വീടിന്റെ നിര്‍മ്മാണം. ചിലപ്പോഴൊക്കെ സ്പോൺസർമാരുടെ സഹായവും ലഭിക്കാറുണ്ട്.

വീടുകള്‍ നിര്‍മ്മിച്ച്‌ നല്‍കിയാല്‍ ഒരിക്കലും സുനില്‍ തന്റെ ജോലി തീര്‍ന്നു എന്ന് കരുതാറില്ല. ആ കുടുംബത്തിനു ഒരു സ്ഥിരവരുമാനം ഉണ്ടാക്കി കൊടുക്കാനും സുനില്‍ ശ്രമിക്കാറുണ്ട്. 25 കുടുംബങ്ങള്‍ക്ക് ഒരു ആടിനെ വീതം സുനില്‍ വാങ്ങി നല്‍കിയിട്ടുണ്ട്. അന്‍പതോളം കുടുംബങ്ങള്‍ക്ക് മാസം നിത്യോപയോഗസാധനങ്ങള്‍ അടങ്ങിയ കിറ്റ്‌ വിതരണം ചെയ്യുന്നുണ്ട് സുനില്‍. സ്ത്രീകള്‍ക്കായി സ്വയം തൊഴില്‍ കേന്ദ്രം, കുട്ടികള്‍ക്ക് വിദ്യാഭാസസഹായത്തിനായി ട്യൂഷന്‍ സെന്റര്‍ എന്നിവയും സുനിലിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. ആദിവാസിസമൂഹത്തിനു വേണ്ടിയും സുനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇടക്കിടെ ആദിവാസി ഊരുകളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍, വീല്‍ചെയര്‍, ശ്രവണസഹായി എന്നിവയുടെ വിതരണം, ആദിവാസി കുട്ടികള്‍ക്ക് പഠനോപകരണവിതരണം എന്നിവ സുനില്‍ നടത്താറുണ്ട്‌. 

വര്‍ഷങ്ങളായി ഒരു സംഘടനയുടെയും കീഴില്‍ അല്ല സുനില്‍ പ്രവര്‍ത്തിച്ചു വന്നിരുന്നത്. എംഎസ് സുനില്‍ ഫൗണ്ടേഷൻ രജിസ്റ്റർ ചെയ്തതുപോലും കുറച്ചു വർഷങ്ങൾക്കു മുൻപാണ്. ഭര്‍ത്താവ് തോമസും അയര്‍ലാന്‍ഡില്‍ വിദ്യാര്‍ഥിയായ മകന്‍ പ്രിന്‍സും സുനിലിന്റെ സേവനപ്രവര്‍ത്തനങ്ങളില്‍ കൂടെയുണ്ട്. ഓരോ കുടുംബത്തെയും സഹായിക്കുമ്പോള്‍ അവരുടെ മുഖത്തു വിരിയുന്ന പുഞ്ചിരിയാണ് തന്റെ ഊര്‍ജ്ജം എന്ന് സുനില്‍ പറയുന്നു . 

English Summary- Retired Teacher Build House for Poor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com